- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റ് പൂട്ടേണ്ടി വരും.. എല്ലാത്തിനും കാരണം ഇടത് സംഘടനകളുടെ ക്യാന്റീനിലെ അധികാര മോഹം; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോവിഡ് കൂടി; മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന ഉദ്യോഗസ്ഥരുടെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസില്ല
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് നാണേക്കാടായി സെക്രട്ടറിയേറ്റിലെ കോവിഡ് വ്യാപനം. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവിൽ 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റ് ക്യാന്റീൻ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരിൽ കോവിഡ് വ്യാപനം രൂക്ഷമായത്. കോവിഡ് പ്രോട്ടോക്കോൾ തങ്ങൾക്ക് ബാധകമല്ലെന്ന ഇടത് സർവീസ് സംഘടനാ നേതാക്കളുടെയും പ്രവർത്തകരായ ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യവും അധികാര ദുർമോഹവും അഹന്തയുമാണ് ഇപ്പോൾ സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തെ പൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണാധീതമായതോടെ സെക്രട്ടറിയേറ്റ് അടച്ചുപൂട്ടേണ്ടി വരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ദർബാർ ഹാളിൽ വെച്ച് ക്യാന്റീൻ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം 3000 ഓളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാൻ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് ആക്ഷേപം ഉയരുന്നത്. അതേസമയം, ഉദ്യോഗസ്ഥരുടെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസില്ലെന്നും വിമർശനത്തിന് വഴിയൊരുക്കുന്നു. യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ക്യാന്റീൻ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരിൽ കോവിഡ് വ്യാപിക്കുകയായിരുന്നു. പാവപ്പെട്ട ആളുകൾ മാസ്ക് ധരിച്ചത് ശരിയായില്ലെന്നതിന്റെ പേരിൽ പോലും പിഴ ഈടാക്കുന്ന നാട്ടിലാണ് ഉന്നത ഉദ്യോഗസ്ഥവൃന്ദം കോവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് ആഘോഷിച്ചത്.
ധനവകുപ്പിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്മെന്റ് ഹാൾ ആണ് ആദ്യം അടച്ചത്. ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാർക്കും രോഗബാധ പടരുകയാണ്. കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് ഹൗസിങ് സഹകരണസംഘം അടച്ചു. സെക്രട്ടേിയറ്റിൽ കോവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശയപ്പെട്ടു. പരിശോധനകൾ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജർ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ 50 % ജീവനക്കാരെ വച്ച് പ്രവൃത്തി ദിവസങ്ങൾ നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാന്റീൻ തെരെഞ്ഞെടുപ്പിന് ശേഷമാണ് സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപിച്ചതെന്ന് പ്രതിപക്ഷ സംഘടന ആരോപിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് സംഘടന കത്ത് നൽകി.
മറുനാടന് മലയാളി ബ്യൂറോ