തിരുവനന്തപുരം: ഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യവകുപ്പ്. ഗന്ധം തിരിച്ചറിയുന്നത് നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ സ്വയം തിരിച്ചറിഞ്ഞ് പരിശോധനക്ക് സന്നദ്ധമാകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഓണത്തോടനുബന്ധിച്ച് ആളുകൾ കൂടുതൽ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വർധിക്കാനും സാധ്യതയുണ്ടെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ കണക്കുകൂട്ടലുകൾ ശരിവെക്കുന്ന തരത്തിലാണ് ഓണത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ രോഗസ്ഥിരീകരണ നിരക്ക് മുൻ ആഴ്ചകളെക്കാൾ കൂടിയിട്ടുണ്ട്. പരിശോധനക്ക് വിധേയമാക്കുന്നവരിൽ പോസിറ്റീവ് ആകുന്നതിന്റെ തോത് തിരുവനന്തപുരത്ത് 9.9 ൽ നിന്നും 13.6 ശതമാനമായും കണ്ണൂരിൽ 8.2 ൽ നിന്നും 12.6 ശതമാനമായുമാണ് വർധിച്ചത്.

അതേസമയം കൊല്ലം, ഇടുക്കി ജില്ലകളിൽ രോഗ വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗന്ധം തിരിച്ചറിയുന്നത് നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ സ്വയം തിരിച്ചറിഞ്ഞ് പരിശോധനക്ക് സന്നദ്ധമാകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിൽ ആരോഗ്യപ്രവർത്തകരുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസം 34,756 പരിശോധന നടത്തിയതിൽ 3139 പേർക്കാണ് പോസിറ്റീവായത്. ഇന്നലെ ഞായറാഴ്ചയായതിനാൽ പരിശോധനയുടെ എണ്ണം കുറഞ്ഞു. എന്നാൽ, രോഗം ബാധിക്കുന്നവരുടെ എണ്ണം തത്തുല്യമായി കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45,000 വരെ ഉയർന്നിരുന്നു. അത് അരലക്ഷത്തിലെത്തിക്കാൻ കഴിയണം എന്നാണ് കണ്ടിട്ടുള്ളത്.

സിഎസ്‌ഐആറിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കൻ ജില്ലകളിലെ രോഗികളിൽ നടത്തിയ ജനിതക പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റ സാന്നിധ്യമാണ്. അതിൽ കണ്ടെത്തിയതെന്ന് വിദഗ്ദ്ധർ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാൽ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാൽ മരണ നിരക്ക് കൂടാൻ സാധ്യതയുണ്ട്. ഈ പഠനത്തിന്റെ വെളിച്ചത്തിൽ ബ്രേക്ക് ചെയിൻ കൂടുതൽ കർശനവും കാര്യക്ഷമമാക്കണം. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തും.

രോഗികൾ കൂടുന്ന അവസ്ഥയിൽ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും ഉൾപ്പെടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്ററിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 194 സിഎഫ്എൽടിസികളാണ് പ്രവർത്തിക്കുന്നത്.

അതിൽ 26,425 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ പകുതിയോളം കിടക്ക ഇപ്പോൾ ഒഴിവുണ്ട്. ഒന്നാം ഘട്ടത്തിൽ 133 സിഎഫ്എൽടിസികളും 16,936 കിടക്കകളുമാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തിൽ 400 സിഎഫ്എൽടിസികളും 31,359 കിടക്കകളും മൂന്നാംഘട്ടത്തിൽ 664 സിഎഫ്എൽടിസികളിലായി 46,155 കിടക്കകളുമാണ് ഉണ്ടാവുക. ആകെ 1391 സിഎഫ്എൽടിസികളിലായി 1,21,055 കിടക്കകൾ സജ്ജമാവും.

കോവിഡ് പോസിറ്റിവായ എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരെയുമാണ് ഫസ്റ്റ്‌ലൈൻ സെന്ററിൽ ചികിത്സിക്കുന്നത്. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം ഇവിടെ സൗജന്യമാണ്. സിഎഫ്എൽടിസി രോഗികൾക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൊടുക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗകര്യം ടെലിമെഡിസിൻ മുഖാന്തരം ലഭ്യമാകുകയും ചെയ്യുന്നുണ്ട്.