ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദിവസമാണിന്ന്. 1,00,636 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 61 ദിവസത്തിനിടെ ഏറ്റവും ചെറിയ കണക്ക്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2.89 കോടിയായി.

2,89,09,975 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇന്ന് 2427പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണമടഞ്ഞവർ 3,49,186 ആയി. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി ആക്ടീവ് കേസുകൾ രണ്ട് ലക്ഷത്തിൽ താഴെയാണെന്നത് ആശ്വാസമായി. ആകെ ആക്ടീവ് കേസുകൾ 14 ലക്ഷമാണ്. ഇന്നലെ രോഗമുക്തി നേടിയവർ 1,74,399 ആണ്. ഇതോടെ ആകെ രോഗമുക്തർ 2,71,59,180 ആണ്.

കഴിഞ്ഞ 25 ദിവസങ്ങളിലായി രാജ്യത്ത് പ്രതിദിന രോഗബാധിതരെക്കാൾ മുന്നിൽ നിൽക്കുന്നത് രോഗമുക്തി നേടിയവരാണ്.ശനിയാഴ്ച രാജ്യത്ത് 15,87,589 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ രാജ്യത്ത് നടത്തിയ ടെസ്റ്റുകളുടെ എണ്ണം 36.6 കോടിയാണ്.

ഏപ്രിൽ-മെയ്‌ മാസങ്ങളിൽ നിരവധി പേരുടെ ജീവനെടുത്ത കോവിഡ് രണ്ടാം തരംഗത്തിൽ നിന്നും ഇന്ത്യ അതിവേഗം മുക്തമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. രാജ്യത്ത് ഇതുവരെ 23 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. എന്നാൽ ഇപ്പോഴും പല സംസ്ഥാനങ്ങളിലും വാക്സിൻ കിട്ടുന്നില്ല എന്ന പോരായ്മ നിലനിൽക്കുന്നുമുണ്ട്.