- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സാമ്പത്തിക പ്രതിസന്ധികളിൽ ആത്മഹത്യകൾ തുടരുന്നു; കൊല്ലത്ത് ബ്യൂട്ടി പാർലർ ഉടമ തൂങ്ങിമരിച്ചു; ലക്ഷങ്ങൾ മുടങ്ങി തുടങ്ങിയ ബ്യൂട്ടിപാർലറിലെ പ്രതീക്ഷകൾ തകർത്ത് കോവിഡ്; 'കിറ്റിൽ' ഒതുങ്ങാത്ത പ്രശ്നങ്ങളിൽ ആത്മഹത്യകൾ പതിവാകുന്നു
കൊട്ടിയം: കോവിഡ് കാലത്തെ അടച്ചിടൽ തീർത്ത പ്രതിസന്ധികൾ രൂക്ഷമാണ്. ഇതേ തുടർന്നുള്ള ആത്മഹത്യകൾ തുടർക്കഥ ആകുകയും ചെയ്യുന്നു. കോവിഡ് പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തികബാധ്യത കാരണം ഉടമ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ഉണ്ടായ ആത്മഹത്യ.
കൊല്ലം മാടൻനട ഭരണിക്കാവ് റെസിഡൻസി നഗർ-41 പ്രതീപ് നിവാസിൽ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. 20 വർഷത്തിലേറെയായി വീടിനോടുചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷംമുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയുംമുൻപേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു.
ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തികബാധ്യത ക്രമാതീതമായി ഉയർന്നു. ഭർത്താവ്: പ്രതീപ്. ബിരുദ വിദ്യാർത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവർ മക്കളാണ്.
കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടൽ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. നിത്യവരുമാനക്കാരും പലതരം വായ്പകളുടെ സഹായത്തോടെ ചെറിയ സംരംഭം തുടങ്ങിയവരും കൈത്തൊഴിലുകാരും അപ്രതീക്ഷിതമായുണ്ടായ അടച്ചുപൂട്ടലിൽ പ്രതിസന്ധിയിലായി. കേരളത്തിലെ പരമ്പരാഗത കൈത്തൊഴിൽ മേഖലകളായ ഖാദി, കൈത്തറി, കുടിൽ വ്യവസായങ്ങൾ, ചെറുകിട സംരംഭകർ തുടങ്ങി വൻ നഗരങ്ങളിൽ കച്ചവടം ചെയ്യുന്നവർ പോലും പ്രതിസന്ധിയിലായി. ഇതിനിടയിലാണു പിടിച്ചുനിൽക്കാനാകാതെ തുടരെത്തുടരെ ആത്മഹത്യകൾ ഉണ്ടാകുന്നത്.
അടച്ചിടൽ അനിശ്ചിതമായി നീളുമ്പോൾ ഒന്നര മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 17 പേരാണ്. ശരാശരി 3 ദിവസം കൂടുമ്പോൾ കേരളത്തിൽ കോവിഡ് ലോക്ഡൗൺ ആത്മഹത്യകളുണ്ടാകുന്നു. ഞെട്ടിക്കുന്ന കണക്കാണിത്. എല്ലാവരും സാധാരണക്കാരും അന്നന്നത്തെ വരുമാനം കൊണ്ട് മാത്രം നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും.
ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആൻഡ് സൗണ്ട് ബിസിനസ് ഉടമകൾ, തിരുവനന്തപുരം നന്തൻകോട്ടെ മൂന്നംഗ കുടുംബം, ഇടുക്കി വെള്ളിയാംകുടിയിലെ കർഷകൻ, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പർ ഡ്രൈവറായ ചെറുപ്പക്കാരൻ, ഇയാളുടെ പിതാവ്, പാലക്കാട്ടെ കർഷകൻ, തിരുവനന്തപുരത്തെ ക്ഷീരകർഷകൻ, വടകരയിലെ ഹോട്ടൽ ഉടമ... ആത്മഹത്യാ പട്ടിക ദിവസവും നീളുകയാണ്.
എല്ലാ ആത്മഹത്യാക്കുറിപ്പുകളിലും പറയുന്നത് ഒരേ കാര്യമാണ്. കോവിഡ് അടച്ചുപൂട്ടലിനെ തുടർന്നു വരുമാനം നഷ്ടപ്പെട്ടു. വായ്പക്കാരുടെയും ബാധ്യതക്കാരുടെയും സമ്മർദം താങ്ങാനാകുന്നില്ല. അടച്ചുപൂട്ടൽ നീളുന്തോറും പ്രതിസന്ധി വർധിക്കുന്നു. കട തുറന്നാലും പഴയ രീതിയിലേക്ക് എന്നു മടങ്ങിവരുമെന്ന് അറിയില്ല തുടങ്ങി പ്രതീക്ഷകൾ നഷ്ടപ്പെട്ട സാധാരണക്കാരുടെ തേങ്ങലാണ് ഓരോ കുറിപ്പിലുമുള്ളത്.
രണ്ടു വർഷത്തെ അടച്ചിടൽ കൊണ്ട് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഇടിഞ്ഞു പോയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതു മറികടക്കാൻ അടിയന്തരമായ ഇടപെടൽ വിപണിയിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഇവർ പറയുന്നു. സ്ത്രീകൾ, പ്രായമായവർ, ചെറുപ്പക്കാർ അങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ കയ്യിൽ പണം എത്തിക്കാനുള്ള നടപടികൾ ഉറപ്പുവരുത്തുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്ന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഇക്കണോമിക്സ് പ്രഫസർ ഡോ. സ്ഥാണു ആർ.നായർ പറഞ്ഞു. ലോകരാജ്യങ്ങൾ അങ്ങനെയാണ് കോവിഡ് പ്രതിസന്ധി ഒരുവിധം പിടിച്ചു നിർത്തിയത്.
സ്വകാര്യ മേഖലയെയും സംരംഭകരെയും പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. നിക്ഷേപകരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും വേണം. വിദേശ രാജ്യങ്ങൾ പല തരത്തിലാണു വിപണിയിൽ പണം ഉറപ്പു വരുത്തിയത്. ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിലൂടെ (ആളുകളിൽ നേരിട്ടു പണം എത്തിക്കൽ) വിപണിയിൽ പണം ഉറപ്പുവരുത്തി. തൊഴിലില്ലായ്മ വേതനം, ആളുകളുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം കൈമാറൽ തുടങ്ങിയ കാര്യങ്ങളിലൂടെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കിയിരിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ആളുകൾ ചെലവാക്കുമ്പോൾ വിപണിയിൽ ഉണർവുണ്ടാകും. അതുവഴി വിപണി മെച്ചപ്പെടും എന്നു മാത്രമല്ല, നികുതി ഇനത്തിൽ സർക്കാരിനും നേട്ടമുണ്ടാകും.'
മറുനാടന് മലയാളി ബ്യൂറോ