- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ നിന്നെത്തി കോവിഡ് സ്ഥീരികരിച്ച 18 പേർക്ക് അതി തീവ്ര വൈറസാണോ എന്നു പരിശോധിക്കുന്നു; രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കി; കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ ജനിതകമാറ്റം സംഭവിച്ചതായി വിവരം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി; വിദേശത്തു നിന്നും വന്നവരെ നിരീക്ഷിക്കുന്നുവെന്നും കെ കെ ശൈലജ
തിരുവനന്തപുരം: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലും അതീവ ജാഗ്രത. യുകെയിൽ നിന്നും കേരളത്തിൽ എത്തി കോവിഡ് ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കുയാണ് ആരോഗ്യമന്ത്രി. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് ആണോ എന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
18 പേർക്കും വലിയ തോതിൽ സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇവർക്ക് അതിതീവ്ര വൈറസ് ബാധയാണോ എന്നത് ഉറപ്പായിട്ടില്ല. പൂണെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ജനിതക മാറ്റം വന്ന വൈറസ് വന്നാലും അതിനെ കീഴടക്കാൻ കേരളത്തിന് സാധിക്കുമെന്നും കെ കെ ശൈജല വ്യക്തമാക്കി.
വീട്ടുകാരുമായി മാത്രമേ മിക്കവർക്കും സമ്പർക്കം വന്നിട്ടുള്ളൂ. നാട്ടിൽ ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ 14 ദിവസത്തിനു മുമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിലും ഇനി വരുന്നവരിലും കോവിഡ് ആർടി പിസിആർ പരിശോധന നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്.
ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് മറ്റ് ലോക രാജ്യങ്ങളിൽ പടരുന്നതിനെത്തുടർന്നാണ് കേരളവും അതീവ ജാഗ്രതയിലേക്ക് കടന്നത്. 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസ് കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്തെത്തിയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകും. രോഗം വലിയ തോതിൽ പടരും. ചികിത്സ പോലും നൽകാൻ കഴിയാത്ത സ്ഥിതിയാകും.
പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്കുകൾ ഇപ്പോൾത്തന്നെ കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വരുന്നവരെ അപ്പോൾ തന്നെ പിസിആർ പരിശോധനക്ക് വിധേയരാക്കും. ശേഷം 14 ദിവസം നിരീക്ഷണം. ഇക്കാലയളവിൽ രോഗലക്ഷണമുണ്ടായില്ലെങ്കിൽ നിരീക്ഷണം അവസാനിപ്പിക്കാം.
ഡിസംബർ ഒമ്പതാം തിയതി മുതൽ 23-ാം തീയതി വരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്. തെരഞ്ഞെടുപ്പും ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളും സംസ്ഥാനത്ത് രോഗ വ്യാപനം കൂട്ടുമെന്ന മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ പേരെ ചികിത്സിക്കാൻ ആശുപത്രികളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും കൂടുതൽ സജ്ജമാക്കുകയാണ് സർക്കാർ. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും മരണ നിരക്ക് കുറച്ച് നിർത്താനാണ് സർക്കാർ ശ്രമം.
ബ്രിട്ടനിൽ നിന്നെത്തിയ ആറ് യാത്രക്കാർക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരു നിംഹാൻസിൻ നടത്തിയ പരിശോധനയിൽ മൂന്ന് പേർക്കും ഹൈദരാബാദിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും പുണൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച കാര്യം പുറത്ത് വിട്ടത്. ഡിസംബർ 23നും 25നും ഇടയിൽ ഏതാണ്ട് 33,000 പേരാണ് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. ഇവരിൽ 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ശ്രവസാമ്പിളുകൾ രാജ്യത്തെ 10 പ്രധാന ലാബുകലിലേക്ക് അയച്ചിരുന്നു. ഇതിൽ ആറ് പേർക്കാണ് ജനിതകമാറ്റം വന്ന കോറോണ വൈറസ് സ്ഥിരീകരിച്ചത്.
ഈ ആറുപേരേയും നിരീക്ഷണത്തിലാക്കിയെന്നും ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ക്വാറന്റീനിലേക്ക് മാറ്റിയെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. അതത് സംസ്ഥാനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. എന്നാൽ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.
മറുനാടന് മലയാളി ബ്യൂറോ