തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ മാർഗ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നതിനും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളുടെയും കിടക്കകളുടെയും ലഭ്യത ഉറപ്പാക്കുക, സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പൂർണമായി നടപ്പാക്കുക എന്നീ കാര്യങ്ങളിലാണ് ഇവർ മേൽനോട്ടം വഹിക്കുക.

കോവിഡ് ചികിത്സയുടെ ഭാഗമായി ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡൽ ഓഫിസറെ നിയമിക്കണം. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ ആശുപത്രികളിലെ കോവിഡ് ചികിത്സ കൈകാര്യം ചെയ്യുമെന്നും കലക്ടർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കലക്ടർ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളിൽ പകുതി എണ്ണം കെഎഎസ്‌പി പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന രോഗികൾക്കു മാറ്റിവയ്ക്കണം. ഇക്കാര്യം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ കർശനമായി ഉറപ്പാക്കും.

ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുവഴി പൊതുജനങ്ങൾക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവർക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീർത്തും സുതാര്യമാക്കണം. ആളുകൾക്ക് കിടക്കകൾ ലഭിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർക്കു നിർദ്ദേശം നൽകി.

സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയും ഇവർ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്സിജൻ സിലിണ്ടറുകളുടെ സ്റ്റോക്ക് പരിശോധിക്കും. ഓക്സിജൻ ആവശ്യകതയുണ്ടായാൽ ജില്ലാ ഓക്സിജൻ വാർ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ലൈൻ ഉറപ്പാക്കും.