കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ ഫണ്ടായ ആറ് കോടി രൂപ ഉപയോഗിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചവറ ശങ്കരമംഗലം ഗ്രൗണ്ടിൽ കഴിഞ്ഞ ജൂണിൽ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചത്. സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ സിഎസ്എൽടിസികളിൽ ഒന്നായ ഇത് ജില്ലയിലെ കോവിഡ് പ്രതിരോധരംഗത്തിന് വളരെയധികം കരുത്തേകിയ സംരംഭമായിരുന്നു. കട്ടിൽ, കസേര, മേശ, കൂളർ, ഫ്രിഡ്ജ്, വാഷിങ് മെഷിൻ തുടങ്ങി ഇവിടത്തെ അവശ്യസാധനങ്ങളെല്ലാം കെഎംഎംഎൽ ഫണ്ട് ഉപയോഗിച്ച് വാങ്ങിയവയായിരുന്നു. എന്നാൽ ഏതാനും ദിവസം മുമ്പ് അപ്രതീക്ഷിതമായി സിഎസ്എൽടിസി പ്രവർത്തനം നിർത്തുകയായിരുന്നു.

കോടിക്കണക്കിന് രൂപ മുടക്കി ആരംഭിച്ചിട്ട് നാല് മാസം കൊണ്ട് പ്രവർത്തനമവസാനിപ്പിച്ചതിനെ പറ്റി അറിയില്ലെന്നാണ് ചവറ എംഎൽഎ സുജിത്ത് വിജയന്റെ പ്രതികരണം. ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികൾക്കും ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടുമില്ല. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഈ കോവിഡ് ചികിൽസാകേന്ദ്രം വളരെപെട്ടെന്ന് തന്നെ അവസാനിപ്പിച്ചതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

കൊല്ലം കോർപ്പറേഷനിലെ കോവിഡ് രോഗികൾ ഭൂരിഭാഗവും ആശ്രയിച്ചിരുന്ന ഇടമായിരുന്നു ശങ്കരമംഗലം സിഎസ്എൽടിസി. 604 ബെഡുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കോവിഡ് രോഗികളുടെ എണ്ണം സ്ഥിരമായി നിലനിൽക്കുമ്പോൾ തന്നെ ഈ കേന്ദ്രം പൂട്ടിയതിന് പിന്നിലെ കാരണമെന്താണെന്ന് ഇവർക്കറിയില്ല. നാല് മാസം മാത്രം ഉപയോഗിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് കെഎംഎംഎല്ലിനെ കൊണ്ട് ഇത്രയും കോടികൾ മുടക്കിച്ചതെന്നാണ് അവർ ചോദിക്കുന്നത്.

ഇതിനിടെ ഇവിടത്തെ കസേര മുതൽ കൂളർ, ഫ്രിഡ്ജ്, വാഷിങ് മെഷിൻ മുതലായവ വരെയുള്ള സാധന സാമഗ്രികൾ യാതൊരു മാന:ദണ്ഡവും പാലിക്കാതെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ അവരുടെ കൊടികെട്ടിയ വാഹനങ്ങളിൽ കൊണ്ടുപോയെന്ന ആരോപണവുമായി യുഡിഎഫ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിൽ കോടിക്കണക്കിന് രൂപ വിലയുള്ള സാധനസാമഗ്രികൾ സിപിഎമ്മുകാർ അവർക്ക് ഇഷ്ടമുള്ള ആൾക്കാർക്ക് വിതരണം ചെയ്തെന്നും യുഡിഎഫ് ആരോപിക്കുന്നു.

സിഎസ്എൽടിസി അവസാനിപ്പിക്കുന്നുണ്ടെങ്കിൽ അവിടത്തെ സാധനങ്ങൾ പാലിയേറ്റിവ് രോഗികൾക്കാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ അതിന് സംവിധാനമുള്ള പഞ്ചായത്ത് - ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ പോലും ഇതറിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. സിഎസ്എൽടിസി നിർത്തലാക്കിയതിനെ കുറിച്ചും ഇവിടത്തെ ഉപകരണങ്ങൾ സിപിഎമ്മുകാർ എടുത്തു കൊണ്ടുപോയതിനെ കുറിച്ചും ഒന്നുമറിയില്ല എന്നാണ് എംഎൽഎയും, ഇതിന്റെ പരിപാലന ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയും പറയുന്നത്.

ഇവിടത്തെ ജനങ്ങൾക്ക് ഉപകാരപ്പെടുന്നതിന് കെഎംഎംഎല്ലിന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച നാടിന്റെ പൊതുസ്വത്ത് ഭരണകക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് പട്ടാപ്പകൽകൊള്ളയടിക്കുന്നത് ലജ്ജാവഹമാണെന്ന് മുന്മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. ഇതൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് നോക്കിനിൽക്കുന്ന പാവയായി ഇവിടുത്തെ നിയമസഭാഗം മാറിയത് പരിഹാസ്യമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിനെതിരെ വിജിലൻസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഷിബു ബേബി ജോൺ. എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ ഈ തീരുമാനം എടുത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.