ന്യൂയോർക്ക്: അമേരിക്കയിൽ ഒറ്റ ദിവസം കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. ഓമിക്രോണാണ് വില്ലൻ. തിങ്കളാഴ്ച യുഎസിൽ 10 ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്.

നാലു ദിവസം മുമ്പ് യുഎസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഇരട്ടിയോളമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡെൽറ്റ വകഭേദം വ്യാപകമായി പടർന്നുപിടിച്ച സമയത്ത് കഴിഞ്ഞ മെയ് ഏഴിന് 4,14,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ അമേരിക്കക്കാരും വീടുകളിൽ തന്നെയാണ് കോവിഡ് പരിശോധന നടത്തുന്നത്. അതുകൊണ്ട് സർക്കാരിൽ അറിയിക്കാത്ത കേസുകൾ ഇനിയും ഉണ്ടാവാം. അതായാത് റെക്കോഡ് നിരക്കിലും കൂടുതലാണ് നിലവിലെ കേസുകൾ.

കേസുകളുടെ എണ്ണം കൂടിയെങ്കിലും, കടുത്ത രോഗബാധയിലേക്കും മരണത്തിന്റെ കുതിപ്പിലേക്കും മാറുന്നില്ല എന്നത് ആശ്വാസകരം. എന്നാൽ, ജനതയുടെ വലിയൊരു വിഭാഗം വീടുകളിൽ ഐസൊലേഷനിലാണ്. ഇതോടെ, നിരവധി ഫ്‌ളൈറ്റുകൾ റദ്ദാക്കി, സ്‌കൂളുകളും കോളേജുകളും അടച്ചു, ആശുപത്രികളിൽ തിരക്ക് അങ്ങനെ പ്രത്യാഘാതങ്ങൾ ഏറെ.

പുതിയ സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനും, പ്രതിരോധത്തിനും ഉള്ള യുഎസ് സെന്റർ ലക്ഷണമില്ലാത്ത രോഗികൾക്ക് ഐസൊലേഷൻ കാലാവധി അഞ്ച് ദിവസമായി ചുരുക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നത് നെഗറ്റീവ് ടെസ്റ്റ് റിസൽറ്റുമായിട്ട് ആയിരിക്കണമെന്ന് മാത്രം.

രോഗവ്യാപനം ഏറിയതോടെ, ഗോൾഡ്മാൻ സാക്‌സ്, ജെപി മോർഗൻ തുടങ്ങിയ കമ്പനികൾ പുതുവർഷത്തിൽ വീട്ടിലിരുന്നുള്ള ജോലിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഏതായാലും ആകെ ആശ്വാസം മരണനിരക്ക് കൂടുന്നില്ല എന്നതാണ്.