ലണ്ടൻ: ആദ്യ കോവിഡിൽ ഇറ്റലി , രണ്ടാം കോവിഡ് വ്യാപനത്തിൽ യുകെ . വിദേശ മലയാളികളിൽ കോവിഡ് ദുരിതം ഏറ്റവും കൂടുതൽ മാനസിക സമ്മർദം നൽകിയത് ഈ രണ്ടു രാജ്യങ്ങളിൽ ഉളവർക്കാണെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ . പത്തു മാസം മുൻപ് ലോകത്തെ കോവിഡ് തലസ്ഥാനമായി ഇറ്റലി മാറിയപ്പോൾ രക്ഷ തേടി നാട്ടിലേക്കു എത്തിയ കുടുംബത്തോട് കേരള സമൂഹം കാട്ടിയതൊന്നും അത്ര പെട്ടെന്നൊന്നും വിദേശ മലയാളികളുടെ എങ്കിലും മനസ്സിൽ നിന്നും മായില്ല .

ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന നാട്ടിലേക്കു വിദേശ മലയാളികൾ കൂട്ടമായി എത്തി തുടങ്ങിയതോടെ കോവിഡ് രോഗാണു ഉൽപ്പാദകരാണ് വിദേശ മലയാളികൾ എന്ന മട്ടിൽ പോലും പ്രചാരണം നടന്നു . ഒരു വിദേശ മലയാളി പോലും എത്തിയില്ലായിരുന്നു എങ്കിലും കോവിഡിനെ തടയാൻ കേരളത്തിനല്ല , ലോകത്തൊരു രാജ്യത്തിനും കഴിയില്ല എന്ന സത്യമാണ് ഇക്കഴിഞ്ഞ മാസങ്ങൾ തെളിയിച്ചത് .

ഇപ്പോൾ രണ്ടാം കോവിഡ് കാലമാണ് . കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ബ്രിട്ടൻ രണ്ടാം കോവിഡിലൂടെയാണ് നീങ്ങുന്നതും . ആദ്യ കോവിഡിൽ 17 ജീവനുകൾ നഷ്ടമായ യുകെ മലയാളികൾക്ക് രണ്ടാം കോവിഡിൽ 8 പേരുടെ ജീവൻ നഷ്ടമായി കഴിഞ്ഞു . എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രിട്ടൻ കോവിഡിന്റെ വൈറസിന് രൂപമാറ്റം സംഭവിച്ച കാര്യം ഒക്കെ പറയുന്നുണ്ടെങ്കിലും ഇന്ത്യയടക്കം പലരും അതൊന്നും ശ്രദ്ധിച്ചതേയില്ല . ഇതിനിടയിൽ ആഴ്ചയിൽ മൂന്നു വിമാനങ്ങളിലായി ആയിരക്കണക്കിന് യുകെ മലയാളികൾ നാട്ടിലെത്തി , അതിനേക്കാൾ കൂടുതൽ പേർ നാട്ടിൽ നിന്നും തിരിച്ചും യുകെയിലേക്കു പറന്നെത്തി .

എന്നാൽ ബ്രിട്ടൻ തന്നെ ക്രിസ്മസ് ആഘോഷം പരിധി വിടും എന്ന തിരിച്ചറിവിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായപ്പോൾ സ്വാഭാവികമായും യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ് വിമാനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യ അടക്കമുള്ളവർ അതെ വഴി സ്വീകരിച്ചിരിക്കുകയാണ് . എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ രൂപമാറ്റം സംഭവിച്ച രണ്ടാം വൈറസും ഇതിനകം എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരിക്കും എന്ന സത്യം മനപ്പൂർവം മറന്നു പോകുകയാണ് എന്ന മട്ടിലാണ് വെറും വിമാന നിയന്ത്രണം വഴിയുള്ള മുന്നൊരുക്കങ്ങൾ നൽകുന്ന സൂചന .

ബ്രിട്ടൻ പൂർണമായും വീണ്ടും ലോക് ഡൗൺ സാഹചര്യത്തിന് സമാനമായ സാഹചര്യത്തിലൂടെ നീങ്ങുമ്പോൾ ഇതിനകം എത്തിക്കഴിഞ്ഞിരിക്കാൻ സാധ്യതയുള്ള രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ ചെറുക്കാൻ ഉള്ള ഇന്ത്യയുടേയുടെയോ കേരളത്തിന്റെയോ പ്ലാൻ ഇനിയും വക്തമല്ല . ഇതിനകം 3000 ഓളം മരണം എന്ന് ഔദ്യോഗിക കണക്കിൽ തന്നെ പറയുന്ന കേരളം കഴിഞ്ഞ ആഴ്ചകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് വഴി എത്രയധികം കോവിഡ് രോഗികളെയും മരണങ്ങളെയുമാണ് കാത്തിരിക്കുന്നത് എന്ന് പറയാൻ ഇനിയും സമയമായിട്ടില്ല .

ഇതിനോടൊപ്പം രൂപമാറ്റം സംഭവിച്ച , സൂപ്പർ സ്പീഡിൽ പടരുന്ന രണ്ടാം കോവിഡ് കൂടി എത്തിയാൽ ഉള്ള സ്ഥിതി എന്തെന്ന് അറിയാതെയും മനസിലാക്കാതെയും ഉള്ള യുകെ ഭയത്തിന്റെ ലാഞ്ചനകൾ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുകയാണ് . ഇന്ന് ലണ്ടനിൽ നിന്നും പുറപ്പെടുന്ന അവസാന യാത്ര വിമാനത്തിൽ കൊച്ചിയിൽ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രതെയ്ക സംവിധാങ്ങൾ ഏർപ്പെടുത്തി എന്ന് പറയുമ്പോൾ ഇതിനകം എത്തിക്കഴിഞ്ഞ , കഴിഞ്ഞ ആഴ്ചകളിലെ യാത്രക്കാരും അവർ ഇടപഴകിയവരെയും ഒക്കെ ഏതുതരത്തിലാണ് നിരീക്ഷിക്കുക എന്ന ചോദ്യത്തിനും വെക്തമായ ഉത്തരമില്ല .

ഇതിനർത്ഥം ഒന്നാം കോവിഡ് വ്യാപനത്തിൽ കാട്ടിയ അനാവശ്യ ഭീതി തന്നെയാണ് ഇപ്പോഴും ശരാശരി മലയാളികളിൽ നിറഞ്ഞു നില്കുന്നത് എന്നാണ് വക്തമാകുന്നതും . പലരും രണ്ടാം കോവിഡ് വ്യാപനം എന്നതിനെയും മ്യുട്ടേഷൻ സംഭവിച്ച വൈറസിനെയും കോവിഡിനെക്കാൾ ഭീകരമായ മറ്റേതോ അസുഖമാണ് എന്ന മട്ടിലാണ് തെറ്റിദ്ധരിച്ചിരിക്കുന്നതും . തങ്ങൾ നേരിട്ടറിയും വരെ യാഥാർഥ്യം വിശ്വസിക്കാൻ തയാറല്ല എന്ന പൊതു മലയാളി ബോധം തന്നെയാണ് ഇന്നലെ മുതൽ മലയാളിയുടെ സാമൂഹ്യ മാധ്യമ ഇടപെടലിൽ നിറഞ്ഞു നിൽക്കുന്നതും . ഇത് വെളിപ്പെടുത്തും വിധത്തിൽ മാധ്യമ വാർത്തകളുടെ ചുവടെ മലയാളികളുടെ ആശന്ക നിറയുന്ന കമന്റുകൾ പെരുകുകയാണ് .

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സകല കോവിഡ് പ്രോട്ടോകോൾ ലംഘനവും ദിവസവും നടത്തികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നാണ് ഇത്രയും ആശങ്ക നിറഞ്ഞ ചോദ്യങ്ങൾ ഉണ്ടാവുന്നത് എന്നതും അസാധാരണം കൂടിയാണ് . ഏകദേശം ഒരു വർഷത്തോളമായി കടുത്ത നിയന്ത്രങ്ങളിൽ കഴിയുന്ന വിദേശ മലയാളികളിൽ പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും ഉള്ളവർ രാജ്യത്തെ നിയമങ്ങൾ അക്ഷരം പ്രതി പാലിക്കാൻ തയ്യാറായിട്ടും രണ്ടാം കോവിഡ് വ്യാപനം സംഭവിച്ചതും അതിനു അതിവേഗ തീവ്രത ഉണ്ടായതും കൂട്ടിവായിക്കുമ്പോൾ ഇന്ത്യയിലോ കേരളത്തിലോ ഇത്തരം ഒരു വ്യാപനം ഉണ്ടായാൽ ഉള്ള അവസ്ഥ എപ്രകാരമായിരിക്കും എന്ന് ചിന്തിക്കാതെയാണ് പലരും വിദേശ രാജ്യങ്ങളെയും മലയാളി സമൂഹത്തെയും കുറ്റപ്പെടുത്താൻ എടുത്തു ചാടി പുറപ്പെടുന്നത് എന്ന് വെക്തം .

ഓണവും പെരുന്നാളും ഉത്സവങ്ങളും പ്രതെയ്ക ഇളവുകൾ നേടി ആഘോഷമാക്കിയ മലയാളികളാണ് കഴിഞ്ഞ ആഴ്ച ഒരാളെയും വീട്ടിൽ ഇരിക്കാൻ അനുവദിക്കാത്ത വിധം റെക്കോർഡ് പോളിംഗുമായി തിരഞ്ഞെടുപ്പിനെയും ആഘോഷമാക്കിയത് . ജനാധിപത്യ ബോധം എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും കോവിഡിന് എന്ത് ജനാധിപത്യ ബോധം എന്നുകൂടി ചോദിക്കാൻ പോലും ഒരാളുമുണ്ടായില്ല എന്നതാണ് വസ്തുത . കുറഞ്ഞ പക്ഷം വയോജനങ്ങൾക്കെങ്കിലും ബൂത്തുകളിൽ എത്താതെ വോട്ടു ചെയ്യാനാകുമോ എന്ന സാധ്യ്ത പോലും പരിശോധിക്കാതെയാണ് കേരളം ഒന്നടക്കം പോളിങ്ങിൽ പങ്കെടുത്തത് .

അതേ നാട്ടിൽ നിന്നും തന്നെ സകല നിയന്ത്രങ്ങളും പാലിച്ചു കഴിയുന്ന ആളുകളെ സംശയത്തോടെയും രണ്ടാം കോവിഡ് വ്യാപനത്തിന് കാരണക്കാർ ആയി മാറുമോ എന്ന ആശന്കയോടെയും നേരിടാൻ ആളുകൾ തയ്യാറെടുക്കുന്നു എന്നറിയുമ്പോൾ ഒരു ചോദ്യം മാത്രമാണ് ബാക്കിയാകുന്നത് . വീണ്ടും കല്ലെറിയാൻ ആളുണ്ടാകുമോ പ്രബുദ്ധ കേരളത്തിൽ ? കഴിഞ്ഞ മാർച്ചിൽ അത് ഇറ്റലിക്കാർക്കു നേരെ ആയിരുന്നെകിൽ ഇപ്പോൾ യുകെ മലയാളികൾക്ക് നേരെയായി എന്ന് മാത്രം .