- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ കോവിഡിന്റെ യുകെ വകഭേദം അതിവേഗം പടരുന്നു; ജനിതക പരിശോധന നടത്തിയ സാമ്പിളുകളിൽ 81 ശതമാനവും വൈറസ് സാന്നിദ്ധ്യം; യുവാക്കൾക്കും വാക്സിൻ നൽകണം; വാക്സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്
ചണ്ഡീഗഡ്: പഞ്ചാബിൽ കോവിഡിന്റെ യുകെ വകഭേദം അതിവേഗം പടരുന്നതായി ആശങ്ക. ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളിൽ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തൽ. ജനുവരി ഒന്നുമുതൽ മാർച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം. ഇക്കാലയളവിൽ 401 സാമ്പിളുകളാണ് ദേശീയ സ്ഥാപനമായ എൻസിഡിസിയിലേക്ക് അയച്ചത്.
രോഗവ്യാപനം ഏറുന്ന പശ്ചാത്തലത്തിൽ വാക്സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു. യുകെ വകഭേദ വൈറസിന് കോവിഷീൽഡ് ഫലപ്രദമാണെന്ന് യുകെ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് യുവാക്കൾക്കും അടിയന്തരമായി വാക്സിൻ നൽകണമെന്ന് അമരിന്ദർ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
കഴിഞ്ഞ നവംബർ മുതലാണ് വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം യുകെയിൽ വ്യാപിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ യുകെയിൽ കണ്ടു വരുന്ന 98 ശതമാനം കോവിഡ് കേസുകളും സ്പെയിനിലെ 90 ശതമാനം കോവിഡ് കേസുകളും യുകെ വകഭേദമായ ബി 117 ശ്രേണിയിൽപ്പെട്ടതാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് പഞ്ചാബിലുണ്ടായത്. മഹാരാഷ്ട്രയുൾപ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗമായാണ് ഇതിനെ കണക്കാക്കുന്നത്.
പഞ്ചാബിൽ അടുത്തിടെ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനിടെയാണ് ആശങ്ക വർധിപ്പിക്കുന്ന റിപ്പോർട്ട്.
ജനുവരി ഒന്നുമുതൽ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളിൽ 326 എണ്ണത്തിലും ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. വൈറസിന്റെ ബ്രിട്ടൻ വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളിൽ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെ കെ തൽവാർ പറഞ്ഞു.
യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. കോവിഷീൽഡ് വാക്സിൻ ഈ വൈറസിനെ ചെറുക്കാൻ പര്യാപ്തമാണെന്ന് തൽവാർ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വൈറസിന്റെ ബ്രിട്ടൻ വകഭേദം വിവിധ രാജ്യങ്ങളിൽ അതിവേഗമാണ് വ്യാപിക്കുന്നത്.
പുതിയ സാഹചര്യത്തിൽ വാക്സിനേഷൻ വർധിപ്പിക്കാൻ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായി അമരീന്ദർ സിങ് പറഞ്ഞു.യുവാക്കളെയും വാക്സിനേഷന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അമരീന്ദർ സിങ് അറിയിച്ചു.
'നിലവിൽ കോവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിനേഷൻ അടിയന്തിരമായി എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വ്യാപനത്തിന്റെ തോത് കുറയ്കക്കാനും ബ്രേക്ക് ദി ചെയിനിനും ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് അത്യാവശ്യമാണ്, 'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. 58 ആളുകളാണ് ഒറ്റ ദിവസം സംസ്ഥാനത്ത് മരിച്ചത്.
ന്യൂസ് ഡെസ്ക്