തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രോഗവ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി. ഓണാഘോഷവുമായി ബന്ധപ്പെട്ട് എത്രത്തോളം വ്യാപനമുണ്ടായി എന്നത് മനസ്സിലാവാനിരിക്കുന്നതേയുള്ളു. ഇതൊക്കെയാണെങ്കിലും കഴിഞ്ഞദിവസം സൂചിപ്പിച്ചതുപോലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം മെച്ചപ്പെട്ട നിലയിൽ പിടിച്ചുനിർത്താൻ കഴിയുന്നുണ്ട് എന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ താരതമ്യ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ തീരപ്രദേശങ്ങളിൽ നിന്നുമാറി മിക്ക പ്രദേശങ്ങളിലും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധയുള്ളത് തലസ്ഥാന ജില്ലയിൽ തന്നെയാണ്. നിലവിലുള്ള ആക്ടീവ് കേസുകളുടെ എണ്ണം 4459 ആണ്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു.

ഏറ്റവും ഉയർന്ന രോഗബാധാ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ഇന്ന് 590 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതൽ വിരൽചൂണ്ടുന്നത്. ഓണാവധി കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ തിരക്ക് വർധിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിൽ അധികം രോഗബാധിതർ കൊല്ലം കോർപ്പറേഷൻ പരിധിയിലാണ്. തിരുവനന്തപുരത്തു നിന്നും രാത്രി കൊല്ലം തീരക്കടലിൽ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക കേന്ദ്രങ്ങളിൽ സംരക്ഷണ സൗകര്യം ഒരുക്കുന്നുണ്ട്.പത്തനംതിട്ട ജില്ലയിൽ സെപ്റ്റംബർ ഏഴു മുതൽ സെന്റിനൽ സർവലൈൻസിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും റാപ്പിഡ് ആന്റിജൻ പരിശോധന നടത്തും.

ആലപ്പുഴയിലെ ക്ലസ്റ്ററുകളിലെല്ലാം സമ്പർക്കപ്പട്ടിക തയ്യാറാക്കി ആന്റിജൻ പരിശോധനയിലൂടെ രോഗനിർണ്ണയം നടത്തി ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആന്റിജൻ പരിശോധനയ്ക്കായി 2 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് 50,000 ആന്റിജൻ ടെസ്റ്റ് കിറ്റുകളും 23 കിയോസ്‌ക്കുകളും ജില്ല പഞ്ചായത്ത് സ്ഥാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 190ലധികം ജീവനക്കാർ ക്വാറന്റീനിൽ പോയിരുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, ട്രോമാ ഐസിയു, കാർഡിയാക് ഐസിയു, ലേബർ റൂം, പീഡിയാട്രിക് ഐസിയു എല്ലാ വിഭാഗത്തിലെയും വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായി മരുന്ന് കഴിക്കുന്ന രോഗികൾക്ക് രണ്ടു മാസം വേണ്ട മരുന്നുകൾ ഒപി ഫാർമസിയിൽ നിന്ന് നൽകുന്നുണ്ട്.

കോട്ടയം ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ജില്ലയിൽ ദിവസം ശരാശരി 1500 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നാലു വ്യവസായശാലകൾ പുതിയ കോവിഡ് ഇൻസിറ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിൽ 87 ശതമാനമാണ് രോഗമുക്തി.

എറണാകുളത്ത് ഫോർട്ട് കൊച്ചി, നെല്ലിക്കുഴി കോതമംഗലം ക്ലസ്റ്ററുകളിൽ ആണ് രോഗവ്യാപനം ശക്തമായി തുടരുന്നത്.

കോഴിക്കോട് ജില്ലയിൽ തീരദേശമേഖലകളിലാണ് രോഗവ്യാപനം കൂടുതലും. ഒൻപത് ക്ലസ്റ്ററുകളുള്ളതിൽ അഞ്ചെണ്ണവും തീരദേശത്താണ്. ചോറോട്, വെള്ളയിൽ, മുഖദാർ, കടലുണ്ടി മേഖലകളിലാണ് രോഗവ്യാപനം കൂടിവരുന്നത്. കടലുണ്ടിയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 70 പേർക്ക് രോഗം ബാധിച്ചു. രോഗപരിശോധനയ്ക്ക് ചില പ്രദേശങ്ങളിൽ ആളുകൾ വിമുഖത കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വയനാട് ജില്ലയിൽ മേപ്പാടി ചൂരൽമല ക്ലസ്റ്ററിൽ രോഗികൾ വർധിച്ചു വരികയാണ്. 858 പേരെ പരിശോധിച്ചതിൽ 70 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ വാളാട് കേസുകൾ കുറഞ്ഞു വരുന്നുണ്ട്. ഇവിടെ 5065 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 347 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കണ്ണൂർ ജില്ലയിൽ 15 ക്ലസ്റ്ററുകൾ ഉണ്ടായതിൽ ആറെണ്ണമാണ് ആക്ടീവ് ആയി തുടരുന്നത്. ഇതിൽ തലശ്ശേരി ഗോപാൽപേട്ട, തളിപ്പറമ്പ്, കണ്ണൂർ തയ്യിൽ, കണ്ണർ ഗവ. മെഡിക്കൽ കോളേജ്, മുഴപ്പിലങ്ങാട് എഫ്‌സിഐ എന്നിവയാണ് പ്രധാന ക്ലസ്റ്ററുകൾ. പാട്യം ക്ലസ്റ്ററിൽ കേസുകൾ കുറഞ്ഞുവരികയാണ്. മറ്റ് ഒമ്പത് ക്ലസ്റ്ററുകളിൽ രോഗബാധ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞു. ഇവിടെ പുതിയ കേസുകൾ ഉണ്ടാകുന്നില്ല.

കാസർകോട് 276 പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണസംഖ്യ ഉയരുന്നത് കാസർകോട്ട് ആശങ്കക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയിൽ, മൂന്നാംഘട്ടത്തിലാണ് 42 പേർ മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണ്.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒറ്റ ദിവസം രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്
86,432 പേർക്കാണ്.

പ്രതിരോധം- കേരളത്തിന്റെ മികവ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളം പുലർത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവർത്തനങ്ങളുടേയും മികവ് മനസ്സിലാക്കാൻ കഴിയുന്നത് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഏതു സൂചകങ്ങൾപരിശോധിച്ചാലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് ഈ മഹാമാരിയെ നാം നേരിടുന്നത്.

ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 കേസ് ഈ വർഷം ജനുവരി 30ന് കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും, ഈ കാലയളവിനുള്ളിൽ കേസ് പെർ മില്യൺ, അതായത് പത്തുലക്ഷം ജനങ്ങളിൽ എത്ര പേർക്ക് രോഗബാധ ഉണ്ടായി, എന്നു നോക്കിയാൽ കേരളത്തിലത് 2168 ആണ്. 8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെർ മില്യൺ. 5000ത്തിനും മുകളിലാണ് തമിഴ്‌നാട്ടിലും കർണ്ണാടകയിലും. തെലുങ്കാനയിൽ 3482 ആണ്. ഇന്ത്യൻ ശരാശരി 2731 ആണ്. ജനസാന്ദ്രതയിൽ ഈ സംസ്ഥാനങ്ങളേക്കാൾ എല്ലാം ഒരു പാട് മുന്നിലാണ് നമ്മളെന്നു കൂടെ ഓർക്കണം.

ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കേരളം അയൽ സംസ്ഥാനങ്ങളേക്കാൾ വളരെ ഭേദപ്പെട്ട നിലയിലാണ്. ഈ ഒന്നാം തീയതിയിലെ നിലയെടുത്താൽ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കർണ്ണാടകത്തിൽ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്‌നാട്ടിൽ 52,379 കേസുകളും തെലുങ്കാനയിൽ 32,341 കേസുകളാണുമുള്ളത്.

കർശനമായ ഡിസ്ചാർജ് പോളിസിയാണ് നമ്മൾ പിന്തുടരുന്നത് എന്നും ഓർക്കണം. മറ്റു പ്രദേശങ്ങളിൽ 10 ദിവസങ്ങൾ കഴിഞ്ഞ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുമ്പോൾ, ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പരമാവധി ശ്രമിക്കും എന്ന നിശ്ചയദാർഢ്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഒരുക്കമല്ല.അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണങ്ങൾ മാത്രം ഇവിടെ സംഭവിക്കുന്നത്. നമ്മുടെ ഡെത്ത് പെർ മില്യൺ, അതായത് പത്തു ലക്ഷത്തിൽ എത്ര പേർ മരിച്ചു എന്നത്, 8.4 ആണ്. തമിഴ്‌നാട്ടിൽ അത് ഏതാണ്ട് 11 ഇരട്ടിയാണ്. കർണ്ണാടകയിൽ നമ്മുടേതിന്റെ ഏകദേശം 12 ഇരട്ടി മരണങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. ആന്ധ്ര പ്രദേശിൽ 77.2 ആണ് ഡെത്ത് പെർ മില്യൺ. ഇന്ത്യൻ ശരാശരി 48 ആണ്.

കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരിൽ എത്ര പേർ മരിച്ചു എന്ന കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 0.4 ആണ്. തമിഴ്‌നാട്ടിലും കർണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശിൽ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും, കാൻസർ, പ്രമേഹം പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നില നിർത്താൻ സാധിക്കുന്നത് നമ്മുടെ നാടാകെ നടത്തിയ പ്രവർത്തനങ്ങളുടെ മികവിന്റെ ദൃഷ്ടാന്തമാണ്.

ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുമ്പിലാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ഉൾപ്പെടെയുള്ള വിദഗ്ധ ഏജൻസികളെല്ലാം നിഷ്‌കർഷിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതനുസരിച്ച് ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൺ എന്ന ശാസ്ത്രീയ സൂചകമുപയോഗിച്ച് പരിശോധിച്ചാൽ മെച്ചപ്പെട്ട രീതിയിലാണ് നമ്മൾ ടെസ്റ്റുകൾ നടത്തുന്നതെന്ന് കാണാം.

കേരളത്തിന്റെ ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൺ 22 ആണ്. തമിഴ് നാടിന്റേത് 11 ആണ്. അതായത് 22 പേർക്ക് ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഇവിടെ ഒരാൾക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്‌നാട്ടിൽ 11 ടെസ്റ്റുകൾ നടത്തുമ്പോൾ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയിൽ അത് 10.9 ഉം, കർണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മൾ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്‌നാട്ടിൽ 8.9ഉം തെലുങ്കാനയിൽ 9.2ഉം, കർണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്. കേരളം ഈ സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ടെസ്റ്റുകൾ നടത്തി എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.അതുകൊണ്ട് കോവിഡ് പ്രതിരോധത്തിൽ തുടക്കം മുതലുള്ള മികവ് നമുക്ക് നിലനിർത്താനാവുന്നുണ്ട് എന്ന് നിസ്സംശയം പറയാം. എന്നാൽ, നാം അവിടെ നിൽക്കുകയല്ല. ഈ കണക്കുകൾ വിശകലനം ചെയ്ത് രോഗവ്യാപനം കുറയ്ക്കാനുള്ള എല്ലാ സാധ്യതയും വരും നാളുകളിൽ പരിശോധിച്ച് സർക്കാർ ഇടപെടും.