തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവ്യാപനശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദം കൂടുതൽ വടക്കൻ കേരളത്തിലാണ്. മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കൻ വകഭേദവും സംസ്ഥാനത്ത് കണ്ടെത്തി. ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുതിയ രോഗികളുടേയും ആശുപത്രിയിൽ ചികിൽസവേണ്ടവരുടേയും എണ്ണം കുറയണം. വീടുകൾക്കുള്ളിലും പുറത്തും ഓരോനിമിഷവും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളിലെ ക്‌ളാസുകൾ ഓൺലൈനായി മതി. രാത്രി 9 മുതൽ പുലർച്ചെ 5 മണി വരെയുള്ള നിയന്ത്രണം നിലവിലുണ്ട്. ഈ സമയം ഒരുവിധ ഒത്തുചേരലും പാടില്ല. അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. നിയന്ത്രണങ്ങൾ തുടരേണ്ടി വരും. റെസ്റ്റോറന്റുകൾ 9 വരെ നടത്താം. എന്നാൽ 7.30ന് ശേഷം ടേക് എവെ സേവനമായിരിക്കണം. കഴിവതും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. ജിമ്മുകൾ, മാളുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനവും നിർത്തി. ഹോസ്റ്റലുകളിലും നിയന്ത്രണം വരും.

വാക്സിന്റെ കാര്യത്തിൽ മുൻപ് പറഞ്ഞതുപോലെ വിതരണം സൗജന്യമായിരിക്കും. എല്ലായിടത്തും സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 57 ലക്ഷത്തിലധികം പേർക്ക് ഒരു ഡോസും 10 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസും നൽകി. 50 ലക്ഷം ഡോസ് വാക്സിൻ അധികമായി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനുകൾ സ്വന്തം നിലയിൽ വാങ്ങാൻ സംവിധാനം ഒരുക്കി. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടിയെടുക്കും.

കോവിഡ് സാഹചര്യത്തിൽ രക്തദാനത്തിന് ആളുകൾ തയ്യാറാകുന്നില്ല. 18നും 45നുമിടയിൽ പ്രായമുള്ളവർ രക്തദാനം ചെയ്യാൻ തയ്യാറാകണമെന്ന് സർക്കാർ അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിന് പ്രത്യേക ഇടപെടൽ നടത്താൻ രക്തദാന സംഘടനകളും യുവജന സംഘടനകളും ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 80 വയസ് കഴിഞ്ഞവർക്ക് വാക്സിൻ വീട്ടിലെത്തിക്കുന്നതിന് നടപടി ആലോചിക്കും.

ജയിലുകളിൽ കോവിഡ് പടരുന്നത് പരിഗണിച്ച് പ്രത്യേക പരോൾ അനുവദിക്കണം എന്ന അഭ്യർത്ഥന സർക്കാർ പരിഗണിക്കും. എന്നാൽ വാക്സിനേഷൻ നൽകുന്നതിനാകും ശ്രമിക്കുക. ഇ.എസ്‌ഐ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നത് ആരോഗ്യ വകുപ്പ് പരിശോധിക്കും. ഉൽപാദന, നിർമ്മാണ മേഖലകൾ സ്തംഭിക്കരുത് എന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. തീവ്രമായ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.

വടക്കേ ഇന്ത്യയിലെ സാഹചര്യം ഇവിടെയും വന്നുകൂടായ്കയില്ലെന്നും അതുകൊണ്ട് സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തീവ്രമായ രോഗവ്യാപനമുള്ളയിടത്ത് രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ രണ്ട് മാസ്‌ക് ധരിക്കാവുന്നതാണ്. സാമൂഹ്യ അകലം പാലിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണം. ചായക്കട, തട്ടുകട എന്നിവയ്ക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കാണുന്നു. ഇവിടെ നടപടിയെടുക്കാൻ പൊലീസിന് അനുമതിയേകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് നിയന്ത്രണങ്ങൾ: വിവാഹച്ചടങ്ങുകളിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം. മരണാനന്തരചടങ്ങുകളിൽ പരമാവധി 20 പേർ മാത്രം. ആരാധനാലയങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. റമസാൻ പ്രാർത്ഥനകൾക്ക് പള്ളികളിൽ പരമാവധി 50 പേർ മാത്രം. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമസ്‌കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം.

മെയ്‌ രണ്ടിന് ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലയുള്ളവർ മാത്രം പോയാൽ മതി. ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് പ്രവേശിക്കാം. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം; രണ്ട് ഡോസ് വാക്‌സീൻ എടുത്തവർക്കും ഇളവ് നൽകും. ബാറുകൾ, തിയറ്ററുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവ തൽക്കാലം അടച്ചിടും. മാളുകൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയവയും അടച്ചിടും. ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേകനിയന്ത്രണം തുടരും. സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധിയാണ്