മുംബൈ: രാജ്യത്ത് കോവിഡ് മരണങ്ങൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,110 പേർ രോഗബാധിതരായി മരണപ്പെട്ടതോടെ മരണസംഖ്യ 84,340 കടന്നു. പുതിയതായി 89,867 പേർ രോഗബാധിതരായതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 52,05760 കടന്നു. മഹാരാഷ്ട്രയാണ് കോവിഡ് മരണങ്ങളിൽ മുന്നിൽ. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളിലെ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,619 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,45,840 ആയി. 3,01,752 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

389 പേർ 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 31351 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.74 ശതമാനമായി കുറഞ്ഞു. ഇന്ന് 19,522 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 19,522 ആയി. 70.90 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്. മുംബൈയിൽ മാത്രം 2389 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേർ മരണപ്പെട്ടു. മുംബൈയിൽ മാത്രം ഇതുവരെ 1,78,275 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര പൊലീസിൽ മാത്രം 20,367 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 208 പേർ മരണപ്പെട്ടു.
.
കർണാടകയിൽ ഇന്നും പതിനായിരത്തോളം പേർക്ക് രോഗബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ 9366 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 93 പേർ മരിച്ചതായും 7268 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും കർണാടക സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കർണാടകയിൽ കോവിഡ് ബാധിതർ അഞ്ചുലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. 4,94,356 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,03,631 പേർ ചികിത്സയിൽ കഴിയുന്നു. 3,83,077 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 7629 ആണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ആന്ധ്രയിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 8702 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 72 പേർ മരിച്ചതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിതർ ആറുലക്ഷം കടന്നു. 6,01,462 പേർക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇതിൽ അഞ്ചു ലക്ഷത്തിന് മുകളിൽ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 88,197 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 5177 ആണെന്നും സർക്കാർ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ പ്രതിദിന കണക്കിൽ വൻ വർധന. 4351 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. (നേരത്തെ 4531 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയും 4351 ആണ് ശരിയായ കണക്ക് എന്ന് അറിയിക്കുകയുമായിരുന്നു). ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 141 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 351 പേർക്ക് കോവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. 2737 പേർ ഇന്ന് കോവിഡ് മുക്തരായി. 72 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മരിച്ച 10 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 34314 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ജേക്കബ് (89), സെപ്റ്റംബർ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീൻ (49), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബർ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബർ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരൻ നായർ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീൻ (67), സെപ്റ്റംബർ 11ന് മരണമടഞ്ഞ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 489 ആയി.