ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. തുടർച്ചയായ മൂന്നാം ദിവസവും 14,000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 14,199 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,05,850 ആയി ഉയർന്നു.

ഇന്നലെ മാത്രം 83 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,56,385 ആയി ഉയർന്നു. നിലവിൽ 1,50,055 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 9695 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,06,99,410 ആയി ഉയർന്നു. നിലവിൽ 1,11,16,854 പേർ വാക്‌സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം പുനെയിൽ ഇന്നലെ മാത്രം 1176 പേർക്കാണ് കോവിഡ് ബാധിച്ചത് . മുംബൈയിലും പുനെയിലും കോവിഡ് കേസുകൾ ഉയരുന്നത് മഹാരാഷ്ട്രയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രണ്ടാം കോവിഡ് തരംഗം പടിവാതിൽക്കൽ നിൽക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് പൊതുപരിപാടികളും മതപരമായ കൂട്ടായ്മകളും വിലക്കി. ഒരാഴ്‌ച്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ ലോക്ഡൗൺ ചെയ്യാനാണ് സർക്കാർ നീക്കം.സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രോഗം വീണ്ടും വ്യാപിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് മാസത്തിന് ശേഷം ഏഴായിരത്തിന് അടുത്തെത്തി. പ്രതിദിന രോഗികൾ നൂറിൽ താഴെയായിരുന്ന മുംബൈയിൽ കണക്ക് ആയിരത്തിലേക്കെത്തുന്നു.

യവാത്മൽ ജില്ലയ്ക്ക് പിന്നാലെ അമരാവതിയിലും ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു. പുണെയിൽ രാത്രികാല കർഫ്യൂ ഏ‍ർപ്പെടുത്തി. മുംബൈയിൽ അഞ്ചിൽ കൂടുതൽ രോഗികളുടെ നൂറ് കണക്കിന് കെട്ടിടങ്ങളാണ് സീൽ ചെയ്തത്. ലോക്ഡൗൺ ആണ് രോഗവ്യാപനത്തെ തടയാനുള്ള കടുത്ത മാർഗമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജനം നിയന്ത്രണം പാലിച്ചില്ലെങ്കിൽ അത് നടപ്പാക്കേണ്ടിവരുമെന്ന് പറഞ്ഞു.