ഹൂസ്റ്റൺ: ഹൂസ്റ്റൺ എംഡി ആൻഡേഴ്സൺ, ഡാലസ് മെത്തഡിസ്റ്റ് ഹോസ്പിറ്റൽ, യുറ്റി ഹെൽത്ത് ഓസ്റ്റിൻ ഡെൽ മെഡിക്കൽ സ്‌കൂൾ, സാനന്റോണിയൊ വെൽനസ് 360 എന്നീ നാലു സൈറ്റുകളിലാണ് തിങ്കളാഴ്ച ആദ്യമായി ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 വാക്സീൻ നൽകി തുടങ്ങുകയെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് (ടെക്സസ്) നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ശേഷം ആദ്യമായാണ് ടെക്സസിലേക്ക് 19500 ഡോസ് ഫൈസർ വാക്സിൻ അയച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ മറ്റ് 19 സൈറ്റുകളിലേക്കുള്ള 75075 ഡോസ് വാക്സിൻ ചൊവ്വാഴ്ചയും ലഭിക്കും.

ഞായറാഴ്ച തന്നെ വാക്സിൻ അടങ്ങിയ ട്രക്കുകൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടിയന്തിരമായി എത്തിക്കേണ്ട സ്ഥലങ്ങളിൽ എയർപോർട്ടുകൾ വഴിയാണ് അയക്കുന്നത്.

എം.ഡി ആൻഡേഴ്സണിൽ തിങ്കളാഴ്ച വാക്സിൻ എത്തുമെങ്കിലും ബുധനാഴ്ചയോടുകൂടി മാത്രമേ ജീവനക്കാർക്ക് നൽകി തുടങ്ങുകയുള്ളൂവെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വെലീല ടെറിഫി പറഞ്ഞു. ഫ്രണ്ട് ലൈൻ വർക്കേഴ്സിന് വാക്സിൻ നൽകുന്നതിനു മുൻപു ശരിയായ ബോധവൽക്കണം നടത്തേണ്ടതുണ്ടെന്നും ചീഫ് പറഞ്ഞു.

ഡാലസ് മെത്തഡിസ്റ്റ് മെഡിക്കൽ സെന്ററിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഹെൽത്ത് കെയർ ജീവനക്കാർക്കാണ് മുൻഗണന നൽകുകയെന്ന് പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ പാം പറഞ്ഞു.