- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മൂന്നുദിവസത്തെ വാക്സിൻ സ്റ്റോക്ക് മാത്രം; 50 ലക്ഷം ഡോസ് വാക്‌സിൻ എത്രയും വേഗം കേന്ദ്ര സർക്കാർ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി; വാക്സിൻ ക്ഷാമത്തിന് പരിഹാരവുമായി കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്; രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിൻ ചൊവ്വാഴ്ച കേരളത്തിൽ എത്തിക്കും; വാക്സിൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടെ നൽകാനുള്ള വാക്‌സിൻ മാത്രമേ സ്റ്റോക്കിൽ ഉള്ളുവെന്ന് മുഖ്യമന്ത്രി. 50 ലക്ഷം ഡോസ് വാക്‌സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ രൂപം:
കോവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തിൽ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാർഗം വാക്‌സിനേഷനാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സർക്കാർ നടപ്പാക്കുന്നത്. നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയർത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നു ദിവസം കൂടെ നൽകാനുള്ള വാക്‌സിൻ മാത്രമേ സ്റ്റോക്കിൽ ഉള്ളൂ.
ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിൻ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്‌സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തിൽ ഇത് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടുലക്ഷം ഡോസ് ചൊവ്വാഴ്ച എത്തും
സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരവുമായി കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്.. രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിൻ നാളെ സംസ്ഥാനത്ത് എത്തുമെന്ന് ഭാരത് ബയോടെക്ക് സംസ്ഥാനത്തെ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും.
ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കൊവാക്‌സിൻ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുകയെന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുക. തിരുവനന്തപുരം മേഖലകളിൽ 68,000 ഡോസും എറണാകുളം മേഖലയിൽ 78,000 ഡോസും കോഴിക്കോട് മേഖലയിൽ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്ന് സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് ഇന്ന് കത്തയച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 5692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 112 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
മറുനാടന് മലയാളി ബ്യൂറോ