- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിന്റെ പുതിയ നയപ്രകാരം വാക്സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്സിൻ പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനങ്ങളിൽ ഒന്നാമത് കേരളം; ഏറ്റവും കൂടുതൽ ഉപയോഗശൂന്യമാക്കിയത് തമിഴ്‌നാട്; സംസ്ഥാനങ്ങൾക്ക് നൽകിയതിൽ പാഴാക്കിയത് 44.78 ലക്ഷം ഡോസ്
ന്യൂഡൽഹി: വാക്‌സിനേഷന്റെ വേഗം കൂട്ടാൻ കേന്ദ്രസർക്കാർ വിതരണ നയം ഉദാരവത്കരിച്ചപ്പോൾ നിർണായകമായ ചില തീരുമാനങ്ങളെടുത്തു. സംസ്ഥാനങ്ങൾക്ക് തുടർന്നും കേന്ദ്രം വാക്സിൻ അലോട്ട് ചെയ്യും. കേന്ദ്രസർക്കാരിന്റെ ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്സിൻ അലോട്ട് ചെയ്യും. ഇത് അതാത് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണത്തെയും, വാക്സിൻ വിതരണ വേഗതയെയും ആശ്രയിച്ചിരിക്കും. അതേസമയം, വാക്സിൻ പാഴാക്കിയാൽ അതനുസരിച്ച് ക്വാട്ട കുറയും. അപ്പോഴാണ് ഏതൊക്കെ സംസ്ഥാനങ്ങളാണ് വാക്‌സിൻ പാഴാക്കുന്നത് എന്ന ചോദ്യം ഉയർന്നത്. അതിൽ നമ്മുടെ കൊച്ചുകേരളത്തിന്റെ റോൾ എങ്ങനെ?
കഴിഞഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖ പ്രകാരം കോവിഡ് വാക്സിനിൽ 44.78 ലക്ഷം ഡോസ് പാഴാക്കി. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കിയത്. വാക്സിൻ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ് എന്ന കാര്യത്തിൽ മലയാളികൾക്ക് അഭിമാനിക്കാം.
വാക്സിന്റെ ഒരു വയലിൽ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ അത് ഉപയോഗശൂന്യമാകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗശൂന്യമായത് 44.78 ലക്ഷം ഡോസുകളാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11 വരെ വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത് 10.34 കോടി ഡോസ് വാക്സിനുകളാണ്.
തമിഴ്‌നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുർ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ഉപയോഗശൂന്യമാക്കിയതിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മിസോറം, ഗോവ, ദാമൻ ദ്യൂ, ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ്.
മെയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്നത് കൂടാതെ നിരവധി തീരുമാനങ്ങൾ പ്രധാനമന്ത്രി തിങ്കളാഴ്ച വിളിച്ചുചേർത്ത ഉന്നതലയോഗത്തിൽ എടുത്തു. വാക്സിനേഷന്റെ വേഗം കൂട്ടുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
തീരുമാനങ്ങൾ ഇങ്ങനെ:
*സംസ്ഥാനങ്ങൾക്ക് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാം
*മാസന്തോറും വാക്സിൻ നിർമ്മാതാക്കൾ അവരുടെ 50 ശതമാനം വാക്സിൻ ഡോസുകൾ കേന്ദ്രസർക്കാരിന് നൽകണം
* 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ നിർമ്മാതാക്കൾക്ക് വിതരണം ചെയ്യാം
* രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ വാക്സിനുകൾക്കും 50: 50 മാനദണ്ഡം ബാധകമാണ്
* എന്നാൽ ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾക്ക് 50: 50 അനുപാതം ബാധമല്ല. സംസ്ഥാനങ്ങൾക്കോ, സ്വകാര്യ സ്ഥാപനങ്ങൾക്കോ ഡോസുകൾ നേരിട്ട് വിൽക്കാം
* സർക്കാർ കേന്ദ്രങ്ങളിലെ വാക്സിനേഷൻ സൗജന്യമായി തുടരും
*ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 45 വയസിന് മേലേയുള്ളവർക്കെല്ലാം സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷൻ തുടരും
*സെക്കൻഡ് ഡോസ് വാക്സിനേഷന് മൂന്നാം ഘട്ടത്തിൽ മുൻഗണന നൽകണം
* സർക്കാർ തലത്തിലും അല്ലാതെയും ഉള്ള എല്ലാ വാക്സിനേഷനും ദേശീയ പ്രതിരോധ വാക്സിൻ യജ്ഞത്തിന്റെ ഭാഗമായിരിക്കും
* സ്റ്റോക്കും ഓരോ ഡോസിന്റെയും വിലയും കൃത്യസമയത്ത് അറിയിക്കണം
* വാക്സിൻ വിലയെ കുറിച്ച് നിർമ്മാതാക്കൾ മുൻകൂട്ടി അറിയിക്കണം
* മെയ് ഒന്നിന് മുമ്പ് സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും ലഭ്യമാകുന്ന 50 ശതമാനം വാക്സിന്റെ വില നിർമ്മാതാക്കൾ പ്രഖ്യാപിക്കണം
* മുൻകൂട്ടി പ്രഖ്യാപിച്ച വിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളും, സ്വകാര്യ ആശുപത്രികളും, വ്യവസായ സ്ഥാപനങ്ങളും നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങണം
*സർക്കാരിതര ചാനലുകൾക്കായി നീക്കി വച്ചിരിക്കുന്ന 50 ശതമാനത്തിൽ നിന്നാവണം സ്വകാര്യ ആശുപത്രികൾ വാക്സിൻ സംഭരിക്കേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ