തിരുവനന്തപുരം: കോവിഡ് കേസുകൾ ഇത്ര ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സെന്ററുകളിൽ തിക്കും തിരക്കും ഉണ്ടാവുന്നത് ഒട്ടും അഭികാമ്യമല്ലെന്ന അഭിപ്രായം തുറന്നുപ്രകടിപ്പിച്ച ഒരു ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

രോഗവ്യാപനത്തിന് ഉള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ട സമയമാണിത്. വാക്സിനേഷൻ അല്പം വൈകി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഡോക്ടർ പിഎസ് ജിനേഷ് പറയുന്നു.

നിലവിൽ നമ്മുടെ ലക്ഷ്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതാണ്. വാക്സിനേഷൻ വേണ്ട എന്നല്ല പറയുന്നത്. രോഗവ്യാപനം സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ടേ വാക്സിനേഷൻ നടത്താവൂ എന്ന് മാത്രമാണ് പറയുന്നത്. ആ രീതിയിൽ നൽകാൻ സാധിക്കുന്നിടത്തോളം വാക്സിനേഷൻ നൽകുക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് അല്പം വേഗത കുറഞ്ഞാൽ പോലും കുഴപ്പമില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി സെൻസിബിൾ ആയി ഇടപെടേണ്ട വിഷയമാണിതെന്നും ഡോക്ടർ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

വാക്സിൻ ലഭ്യത കുറവാണ് എന്ന വാർത്തകൾ വരുന്നതോടെ ലഭിക്കുമോ എന്നുള്ള ആശങ്ക മൂലം എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും ശ്രമിക്കും, പ്രത്യേകിച്ച് കേസുകൾ ഇത്രയധികം ഉയർന്നു നിൽക്കുന്ന അവസരത്തിൽ. മറ്റൊരു വശത്ത് കേരളത്തിൽ വാക്സിനേഷൻ കുറവാണ് എന്നുള്ള പ്രചരണവും നടക്കുന്നു.
വാക്സിനേഷൻ സെന്ററുകളിലെ തിക്കും തിരക്കും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും കേൾക്കുന്നു.
കേസുകൾ ഇത്ര ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സെന്ററുകളിൽ തിക്കും തിരക്കും ഉണ്ടാവുന്നത് ഒട്ടും അഭികാമ്യമല്ല. രോഗവ്യാപനത്തിന് ഉള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ട സമയമാണിത്. വാക്സിനേഷൻ അല്പം വൈകി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കണം.
വാക്സിൻ സ്വീകരിച്ചാൽ പ്രതിരോധം ലഭിക്കാനായി കുറച്ചു ദിവസങ്ങൾ വേണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് ഏതാണ്ട് രണ്ട് ആഴ്ചക്ക് ശേഷമാണ് ഒപ്റ്റിമം പ്രതിരോധം ലഭിച്ചു തുടങ്ങുന്നത്. അതായത് അത് വരെയുള്ള കാലയളവിൽ അതീവജാഗ്രത വേണമെന്ന് തന്നെ ചുരുക്കം. ഒന്നാമത്തെ ഡോസ് സ്വീകരിച്ച് കുറച്ചു നാളുൾക്ക് ശേഷം പ്രതിരോധശക്തി ലഭിച്ചുതുടങ്ങും എന്നത് ശരിയാണ്.
ഇപ്പോൾ നമുക്ക് ചെയ്യാവുന്നത്,
വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ മണിക്കൂറിലും വാക്സിൻ സ്വീകരിക്കാൻ വരുന്നവരുടെ എണ്ണം കുറയ്ക്കുക. നമുക്ക് നൽകാൻ സാധിക്കുന്ന കപ്പാസിറ്റിയുടെ പകുതി ആക്കി കുറച്ചാൽ പോലും കുഴപ്പമില്ല. ഒരു രീതിയിലും ആൾക്കൂട്ടം ഉണ്ടാവരുത് എന്നതായിരിക്കണം ലക്ഷ്യം.
ഓൺലൈൻ വഴി കൃത്യമായി ബുക്കിങ് സമയം നൽകുക. അത് സാധ്യമല്ലെങ്കിൽ ഫോൺ വിളിച്ച് ബുക്കിങ് എടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക. വയോധികർക്കും മറ്റും അതായിരിക്കും കുറച്ചുകൂടി എളുപ്പം എന്ന് തോന്നുന്നു.
വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയതിനുശേഷം ടോക്കൺ എടുക്കാനുള്ള നീണ്ട ക്യൂ ഇല്ലാതാകണം. പുറത്തുള്ള കാത്തിരിപ്പ് ഇല്ലാതാവണം.
അല്ലെങ്കിൽ പിന്നെ സീനിയർ സിറ്റിസൺസിന് വീട്ടിൽവച്ച് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത് പോലെ വീട്ടിലെത്തി വാക്സിനേഷൻ നൽകാൻ സാധിക്കണം. ഇത് പ്രായോഗികം ആക്കിയാൽ ഏറ്റവും അഭികാമ്യം ഇതാണ്. പക്ഷേ പ്രായോഗികമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.
നമ്മൾ പീക്കിലേക്ക് ഉള്ള യാത്രയാണ്. അതിനിടയിൽ രോഗവ്യാപന സാധ്യതയുള്ള ഒരു നടപടിയും ഉണ്ടാവരുത് എന്നതാവണം ലക്ഷ്യം.
കേരളം വാക്സിനേഷനിൽ പിന്നിൽ ആണ് എന്ന് വാദിക്കുന്നവർക്ക് മറുപടി നൽകി സമയം കളയേണ്ടതില്ല. ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത് കേരളത്തിലാണ്, ജനസംഖ്യാനുപാതികമായി നോക്കിയാൽ ഒറ്റ ഡോസ് സ്വീകരിച്ചവരുടെ എണ്ണവും കേരളത്തിൽ ഉയർന്നാണ് നിൽക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശതമാന കണക്ക് പരിശോധിച്ചാൽ മനസ്സിലാവും. ഇതൊക്കെ അത്യാവശ്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് ഇതിൽ അധികം തർക്കിക്കേണ്ട കാര്യമില്ല.
വാക്സിൻ ഒട്ടും പാഴാക്കാത്ത സംസ്ഥാനമാണ് കേരളം, അതായത് സീറോ വേസ്റ്റേജ്. ഇതുവരെ കേരളത്തിലെത്തിയ വാക്സിൻ ബഹുഭൂരിപക്ഷവും വിതരണം ചെയ്തു കഴിഞ്ഞു. ഇനി രണ്ടോ മൂന്നോ ദിവസത്തേക്ക് ഉള്ള സ്റ്റോക്ക് മാത്രമേ നിലവിൽ ഉള്ളൂ. അപ്പോൾ അതിനു ശേഷമുള്ള ദിവസത്തേക്ക് ഇന്നേ ബുക്കിങ് കൊടുക്കുക പ്രായോഗികമല്ല. പക്ഷേ ബുക്കിങ് നടക്കാതെ ആകുമ്പോൾ ജനങ്ങൾ ആശങ്കപ്പെടുകയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി വാക്സിൻ ലഭിക്കുമോ എന്ന് ആരായുകയും ചെയ്യാൻ സാധ്യതയുണ്ട്.
രണ്ടാമത്തെ ഡോസിനെക്കുറിച്ച് മറ്റൊരു കാര്യം കൂടി, ഓക്സ്ഫോർഡ് ആസ്ട്ര സെനക്ക - കോവിഷീൽഡ് ആദ്യത്തെ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള ഇടവേള മൂന്നുമാസം വരെ നീളുന്നത് ഗുണകരമാണ് എന്ന് പഠനങ്ങൾ വന്നതായി വായിച്ചതായി ഓർക്കുന്നു. പക്ഷേ ഇന്ത്യയിൽ സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന ഇടവേള കുറവാണ്.
നിലവിൽ നമ്മുടെ ലക്ഷ്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതാണ്. വാക്സിനേഷൻ വേണ്ട എന്നല്ല പറയുന്നത്. രോഗവ്യാപനം സാധ്യത പരമാവധി ഇല്ലാതാക്കിക്കൊണ്ടേ വാക്സിനേഷൻ നടത്താവൂ എന്ന് മാത്രമാണ് പറയുന്നത്. ആ രീതിയിൽ നൽകാൻ സാധിക്കുന്നിടത്തോളം വാക്സിനേഷൻ നൽകുക തന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് അല്പം വേഗത കുറഞ്ഞാൽ പോലും കുഴപ്പമില്ല എന്ന് തോന്നുന്നു.
അടിയന്തരമായി സെൻസിബിൾ ആയി ഇടപെടേണ്ട വിഷയമാണിത്.
(അഭിപ്രായം തികച്ചും വ്യക്തിപരം, കൂടുതൽ ചർച്ചകൾ നടക്കാനും അതിലൂടെ കൂടുതൽ വ്യക്തത ലഭിക്കാനും വേണ്ടി ഇടുന്ന പോസ്റ്റ്)