തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വിതരണ നയം പരിഷ്‌കരിച്ചു. കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്താൽ മതിയാകും. എന്നാൽ കോവാക്‌സിൻ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതൽ 6 ആഴ്ചക്കുള്ളിൽ എടുക്കണം. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.

കോവിഷീൽഡ് വാക്‌സിന്റെ ഫലപ്രാപ്തി രണ്ടാം ഡോസ് എടുക്കുമ്പോൾ 84 മുതൽ 112 ദിവസങ്ങളുടെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിച്ചിട്ടുള്ളത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

18-45 വയസ്സുകാരിൽ വാക്‌സിൻ നൽകാൻ മുൻഗണനാടിസ്ഥാനത്തിൽ നാളെ മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. തിങ്കൾ മുതൽ വാക്‌സിൻ നൽകും. വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും തുടരേണ്ടതുണ്ട്.

കേരളത്തിന്റെ ടെസ്റ്റിങ് സ്ട്രാറ്റജിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ആർടിപിസിആർ ചെയ്ത് അതു വീണ്ടും ഉറപ്പിക്കുന്നതിനു പകരം പോസിറ്റീവ് ആയി പരിഗണിക്കാൻ തീരുമാനിച്ചു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ടെസ്റ്റ് ചെയ്യുന്ന രീതിയും ഒഴിവാക്കിയിരിക്കുന്നു.

മറ്റു പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിൽ രോഗം ശക്തമായി വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലും യുപിയിലും 56 ശതമാനം രോഗബാധിതരും ഗ്രാമപ്രദേശങ്ങളിലാണ്. ഛത്തീസ്‌ഗഢിൽ അത് 89 ശതമാനമാണ്. അതുകൊണ്ട്, നമ്മുടെ സംസ്ഥാനത്തും ഗ്രാമപ്രദേശങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ആദിവാസി മേഖലകളിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ കണ്ടാൽ അത് കോവിഡാണെന്ന് തന്നെ ഉറപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്വയം ഐസൊലേഷനിലേക്ക് പോകാനും വാർഡ് മെമ്പറെയോ ആരോഗ്യപ്രവർത്തകരേയോ അറിയിക്കാനും ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാകണം. അവർ പറയുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വേണം.