തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നടപടി തുടങ്ങി. രണ്ടാഴ്ചയോ അതിലധികമോ ദിവസങ്ങളിലേക്കു വാക്‌സിനേഷനു മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു തീരുമാനമെങ്കിലും വാക്‌സീൻ ലഭ്യത കുറവായതിനാൽ എത്രത്തോളം പ്രായോഗികമാകുമെന്ന് വ്യക്തമല്ല. വാക്‌സീൻ ലഭ്യത കുറയുന്ന പക്ഷം ചില ദിനങ്ങളിൽ കുത്തിവയ്പ് മുടങ്ങാൻ ഇടയുണ്ടെന്നു ആരോഗ്യ വകുപ്പു തന്നെ പറയുന്നു.

വാക്‌സിനേഷന്റെ തലേദിവസം നിശ്ചിത സമയത്ത് ഓൺലൈൻ ബുക്കിങ് തുടങ്ങുന്ന രീതിയാണു നിലവിലുള്ളത്. കോട്ടയം പോലെ ചില ജില്ലകൾ പുതിയ ക്രമീകരണത്തിലേക്കു മാറുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മിക്ക ജില്ലകളും നിലവിലെ രീതി തുടർന്നേക്കും.

ആദ്യ ഡോസ് എടുക്കേണ്ടവർക്ക് ഓൺലൈൻ ബുക്കിങ്ങും രണ്ടാം ഡോസിന് എസ്എംഎസ് വഴി വിവരം അറിയിക്കാനുമുള്ള സംവിധാനമാണ് പരിഗണനയിൽ. സ്റ്റോക്ക് തീരുന്നതു മൂലം ഏതെങ്കിലും ദിവസം വാക്‌സിനേഷൻ നടക്കാതിരുന്നാൽ മാധ്യമങ്ങളിലൂടെ വിവരം മുൻകൂട്ടി അറിയിക്കും.

അതേസമയം 18 വയസ്സിനു മുകളിലുള്ളവർക്കുള്ള സൗജന്യ സ്ലോട്ടുകളുടെ എണ്ണത്തിൽ വർധന. ആദ്യ ദിനം 5,062 ഫസ്റ്റ് ഡോസ് സ്ലോട്ടുകളാണ് ബുക്കിങ്ങിന് എത്തിയതെങ്കിൽ ഇന്നലെ വൈകിട്ട് 7 വരെ മാത്രം 22,005 സ്ലോട്ടുകൾ എത്തി. സ്ലോട്ട് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ൗിറലൃ45.ശി വെബ്‌സൈറ്റിന്റെ കണക്കാണിത്.

കഴിഞ്ഞ ദിവസം വരെ മുൻഗണനയുള്ളവർക്കു മാത്രമായിരുന്നു സർക്കാർ കേന്ദ്രങ്ങളിലെ സൗജന്യ വാക്‌സിനേഷൻ. ഈ മുൻഗണന നിലനിർത്തിക്കൊണ്ടുതന്നെ 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം സർക്കാർ കേന്ദ്രങ്ങളിലൂടെ വാക്‌സീൻ ലഭിക്കും. കോവിൻ പോർട്ടൽ വഴി ബുക്ക് ചെയ്യണം.