- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു സർക്കിഫിക്കറ്റ് നേടിയവർ പുലിവാല് പിടിച്ചു; സംസ്ഥാന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാതെ മിക്കരാജ്യങ്ങളും; വെളുക്കാൻ തേച്ചത് പണ്ടായ അവസ്ഥയിൽ നട്ടം തിരിഞ്ഞത് പ്രവാസികൾ
മലപ്പുറം: സംസ്ഥാന സർക്കാറിന്റെ വാക്‌സിനേഷൻ നയത്തിനെതിരെയും വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രവാസികൾ അടക്കമുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. ഇനി കൈക്കൊണ്ട നടപടികൾ ആകട്ടെ അത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലുമാണ്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കി സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച ഒട്ടേറെ പ്രവാസികൾ തിരിച്ചുപോകാനാവാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ്. സംസ്ഥാനങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മിക്കരാജ്യങ്ങളും അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
കേന്ദ്രസർക്കാരിന്റെ 'കോവിൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് തുടക്കംമുതൽ വാക്‌സിൻ കൊടുത്തിരുന്നത്. വിതരണം സുഗമമാക്കാൻ കേരളസർക്കാർ ഇടക്കാലത്ത് 'kerala.gov.in/vaccination' എന്ന സ്വന്തം വെബ്സൈറ്റ് തുടങ്ങി. പ്രവാസികൾക്കു പെട്ടെന്നു രണ്ടാംഡോസ് ലഭിക്കാൻ സഹായമായെങ്കിലും ഒട്ടേറെ നൂലാമാലകൾ പിന്നാലെവന്നു. സംസ്ഥാനം നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്‌സിൻ നൽകുന്ന തീയതിയും ഇല്ലായിരുന്നു.
ഇതു പലരാജ്യങ്ങളും സ്വീകരിക്കാതായപ്പോൾ വിവരങ്ങൾ ചേർത്ത് സർട്ടിഫിക്കറ്റ് പരിഷ്‌കരിച്ചു. അപ്പോളാണ് സംസ്ഥാനസർക്കാരുകളുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്നു പലരാജ്യങ്ങളും നിലപാടെടുത്തത്. യൂറോപ്യൻരാജ്യങ്ങളാണു കൂടുതൽ കടുത്തനിലപാട് സ്വീകരിക്കുന്നത്. ഇതിനുപരിഹാരമായി സർട്ടിഫിക്കറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റു ചെയ്താൽ മതിയെന്നു പറഞ്ഞുവെങ്കിലും അതൊന്നും ഈ രാജ്യങ്ങൾ അംഗീകരിക്കുന്ന ലക്ഷണമില്ല. ഇതോടെ വലിയ പ്രശ്‌നത്തിലാണ് പ്രവാസികൾ.
കേന്ദ്ര ആരോഗ്യവകുപ്പുമായി ചർച്ചനടത്തി പ്രശ്‌നം പരിഹരിക്കണം. സംസ്ഥാനസർക്കാരിന്റെ വെബ്സൈറ്റ് വഴി വാക്‌സിനെടുത്തവരെ 'കോവിൻ' സൈറ്റിലും രജിസ്റ്റർചെയ്യിച്ച് കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയേ വേണ്ടൂവെന്നാണ് പ്രവാസികൾ മുന്നോട്ടു വെക്കുന്ന പോംവഴി. ഏതുരാജ്യത്ത് ചെന്നിറങ്ങുമ്പോഴും ആദ്യം ചോദിക്കുന്നതു വാക്‌സിനേഷൻ സർട്ടിഫിക്കറ്റാണ്. സംസ്ഥാനം നൽകിയ സർട്ടിഫിക്കറ്റ് ഷിപ്പിങ് കമ്പനി തള്ളി. വൈകുന്നതു സങ്കീർണതയുണ്ടാക്കുമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽകുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികളാണ്. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേർ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേർക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീർന്നതോടെ പലരുടെയും തൊഴിൽ നഷ്ടമായി.
ഗൾഫിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാർച്ച് 17-നുശേഷം സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനവിലക്ക് പിൻവലിച്ചിട്ടില്ല. നേരിട്ട് വിമാനമില്ലാത്തതിനാൽ സാധുവായ വിസയുള്ളവർ ബഹ്റൈൻ, ഖത്തർ, അർമേനിയ, ഉസ്ബക്കിസ്താൻ, സെർബിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് സൗദിയിലെത്തിയിരുന്നത്. പല രാജ്യങ്ങളും ഈ വാതിലും ഇപ്പോൾ അടച്ചു. ഖത്തറിലും മറ്റും നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മാത്രമേ തുടർയാത്ര അനുവദിച്ചിരുന്നുള്ളു. ഇതിനായി രണ്ടേകാൽ ലക്ഷം രൂപവരെയാണ് ചെലവ്. ഖത്തറിലേക്ക് നേരത്തേ 10,000-ത്തിൽ താഴെയായിരുന്ന യാത്രാനിരക്ക് ഇപ്പോൾ 30,000 മുതൽ 40,000 രൂപവരെയായി.-
മറുനാടന് ഡെസ്ക്