തിരുവനന്തപുരം: കോവിഡിനെതിരായ വാക്സിനുകൾ അവതരിപ്പിച്ചപ്പോൾ തന്നെ ഒരു വിഭാഗം അതിനെതിരായി രംഗത്തെത്തിയിരുന്നു. എന്നാൽ അത്തരം എതിർപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് ലോകത്ത് ഏറ്റവുമധികംപേർക്ക് വാക്സിൻ നൽകിയ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതൽ കുട്ടികൾക്കുള്ള വാക്സിനുകളും കൊടുത്തുതുടങ്ങിയിരുന്നു. ഇതിനെതിരെയും ഇപ്പോൾ എതിർപ്പുകൾ ഉയരുന്നുണ്ട്.

കാലാവധി കഴിഞ്ഞ വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നതെന്നാണ് പുതിയ ആരോപണം. ഇത്തരത്തിൽ നിരവധിപേരാണ് ആരോപണവുമായി സാമൂഹ്യമാധ്യമങ്ങളിൽ മുന്നോട്ടുവരുന്നത്. സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്ന വാക്സിനുകൾ തീർക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് അവർ പറയുന്നത്. വാക്സിനുകളുടെ കാലാവധി നീട്ടികൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കത്ത് ഉയർത്തികാട്ടിയാണ് ഇതിന് എതിർവാദം ഉയർത്തുന്നവർ ഇത്തരം പ്രചരണങ്ങൾക്ക് മറുപടി നൽകുന്നത്. കേന്ദ്രസർക്കാർ വാക്സിനുകളുടെ കാലാവധി നീട്ടിയെന്നും അതിനാൽ എക്സ്പെയറി ഡേറ്റ് കഴിഞ്ഞാലും പ്രശ്നമില്ലെന്നാണ് ഇവർ പറയുന്നത്. ആരോപണങ്ങൾക്ക് വിശദീകരണവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഒമ്പത് മാസമായിരുന്ന വാക്സിൻ കാലാവധി 12 മാസമായി ഉയർത്തി. മറ്റെല്ലാം വ്യാജ ആരോപണങ്ങളാണ് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാരിനും ഡ്രഗ് കൺട്രോൾ ബോർഡിനും അങ്ങനെ തല ഊരാനാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാ മരുന്നുകൾക്കും കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മരുന്നുകളുടെ കാലാവധി നിശ്ചയിക്കുന്നത് ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ മരുന്നുകളുടെ കാലാവധി പരമാവധി ആറ് മാസം മാത്രമായിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ 2021 മെയ് പതിനേഴിന് നൽകിയിരിക്കുന്ന കുറിപ്പിൽ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

'കോവിഡ് പാൻഡമിക് അവസ്ഥ കണക്കിലെടുത്ത് ഇപ്പോൾ ആറ് മാസത്തെ കാലാവധിയാണ് കോവിഡ് വാക്സിനുകൾക്ക് നൽകുന്നത്. കാലാവധി നീട്ടണമെന്നുണ്ടെങ്കിൽ വാക്സിൻ നിർമ്മാതാക്കൾക്ക് പിന്നീട് ദേശീയ ഡ്രഗ് അഥോറിറ്റികളെ സമീപിക്കാം. വേണ്ട പരിശോധനകൾ നടത്തി അവർക്ക് അതിന് അംഗീകാരം നൽകുകയും ചെയ്യാം. എന്നാൽ അത്തരത്തിൽ കാലാവധി നീട്ടാൻ തീരുമാനമുണ്ടായാൽ അത് പുതിയതായി നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമായിരിക്കും ബാധകം. നേരത്തെ നിർമ്മിച്ച് പായ്ക്ക് ചെയ്ത വാക്സിനുകൾക്ക് ആ തീരുമാനം ബാധകമായിരിക്കുകയില്ല.' ഡബ്ല്യുഎച്ച്ഒയുടെ ഈ നിർദ്ദേശമനുസരിച്ചാണ് പുതിയ വാക്സിനുകളുടെ കാലാവധി നീട്ടികിട്ടാൻ നിർമ്മാതാക്കൾ അപേക്ഷിച്ചതും നാഷണൽ ഡ്രഗ് കൺട്രോൾ ബോർഡ് അത് അംഗീകരിച്ചതും. എന്നാൽ അത് പുതിയതായി നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമാകും ബാധകമാകുക.

അതായത് കോവിഡ് വാക്സിനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത് പുതിയതായി നിർമ്മിക്കുന്ന വാക്സിനുകൾക്ക് മാത്രമാണ് ബാധകം. നിലവിൽ നിർമ്മിച്ചിരിക്കുന്ന വാക്സിനുകളുടെ ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പയറി ഡേറ്റ് തന്നെയാണ് അവയുടെ കാലാവധി. അതിന് ശേഷം ആ വാക്സിനുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. പുതിയതായി ഇറങ്ങുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഴയ വാക്സിൻ എക്സ്പയറി ഡേറ്റ് കഴിഞ്ഞും ഉപയോഗിക്കരുതെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. അതായത് 2021 നവംബർ വരെ കാലാവധിയുള്ള വാക്സിൻ ഡ്രഗ് കൺട്രോൾ ബോർഡിന്റെ പുതിയ തീരുമാനപ്രകാരം കാലാവധി വർദ്ധിപ്പിച്ചാലും ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പെയറി ഡേറ്റിനപ്പുറം ഒരു ദിവസം പോലും കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം.

വാക്സിനുകളുടെ എക്സ്പെയറി ഡേറ്റ് തീരുമാനിക്കാനുള്ള അവകാശം ഡ്രഗ് കൺട്രോൾ ബോർഡിനാണെങ്കിലും അത് സംബന്ധിച്ച് നയം രൂപീകരിക്കുന്നത് ലോകാരോഗ്യസംഘടനയാണ്. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം കാലാവധി വർദ്ധിപ്പിച്ചാലും പുതിയ വാക്സിൻ ബാച്ചുകൾക്ക് മാത്രമെ അത് ബാധകമാകുകയുള്ളു എന്നിരിക്കെ ബോട്ടിലിലെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞും പലയിടത്തും വാക്സിൻ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്കെതിരാണ് എന്ന് വ്യക്തമാണ്.