കണ്ണൂർ: രാജ്യത്ത് കോവിഡ് വാക്‌സിനേഷന് ഇനി വേഗം കൂടുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിൻ സ്വീകരിച്ചതിൽ നിന്നും വ്യക്തമാകുന്നത് ഇതാണ് താനും. പ്രധാനമന്ത്രി മോദിക്ക് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ കോവിഡ് വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. മുഖ്യമന്ത്രി വാക്‌സിൻ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. താനും വാക്‌സിനെടുക്കും. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതൽ കേന്ദ്രങ്ങൾ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ തന്നെ തങ്ങൾ തയ്യാറായിരുന്നു. ആരോഗ്യപ്രവർത്തകർക്കൊപ്പം ജനപ്രതിനിധികൾ വാക്‌സിൻ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോൾ എടുത്താൽ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങിൽ നിർദ്ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്‌സിൻ സ്വീകരിക്കാതിരുന്നത്.

വാക്‌സിൻ സ്വീകരിക്കുന്നതിൽ മറ്റാർക്കും മടിയുണ്ടാകാതിരിക്കാൻ ആരോഗ്യമന്ത്രി എന്ന നിലയിൽ ആദ്യം വാക്‌സിൻ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാൻ കാത്തുനിന്നതാണെന്നും അവർ പറഞ്ഞു.

അതേസമയം കോവിഡ് വാക്സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധനും അഭിപ്രായപ്പെട്ടു. ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

രോഗപ്രതിരോധം പരിഗണിക്കുമ്പോൾ ഇന്ത്യയിൽ അനുമതി നൽകിയ രണ്ടു വാക്സിനുകളും സുരക്ഷിതമാണെന്ന് തുടക്കംമുതൽ താൻ പറഞ്ഞിരുന്നതാണെന്ന് ഹർഷവർധൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവണമെന്ന് അദ്ദേഹം ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചപ്പോൾത്തന്നെ ആദ്യ വാക്സിൻ സ്വീകരിക്കാൻ അദ്ദേഹം മുന്നോട്ടുവന്നു, ഹർഷവർധൻ പറഞ്ഞു.

വളരെ സുരക്ഷിതവും പ്രയോജനകരവുമായിരുന്നിട്ടും കോവാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. അദ്ദേഹം രാജ്യത്തിന് വ്യക്തമായ ഒരു സന്ദേശം നൽകുകയായിരുന്നു. എല്ലാ തെറ്റായ പ്രചാരണങ്ങളും ആശങ്കകളും ഇതോടെ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു, ഹർഷവർധൻ ചൂണ്ടിക്കാട്ടി. 60 വയസ്സിനു മുകളിലുള്ളവരും 45വയസ്സിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വക്സിൻ സ്വീകരിക്കണമെന്ന് ഹർഷവർധൻ ആഹ്വാനംചെയ്തു. താൻ ഇന്ന് വാക്സിനായി രജിസ്റ്റർ ചെയ്യുമെന്നും നാളെ വാക്സിൻ സ്വീകരിക്കുമെന്നും ഹർഷവർധൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. 'എയിംസിൽ നിന്ന് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം', മോദി ട്വീറ്റ് ചെയ്തു.