തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷൻ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 28,44,000 വാക്സിൻ ഡോസുകൾ ഈ മാസം ലഭ്യമാവുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

28,44,000 ഡോസുകളിൽ 24 ലക്ഷവും കോവിഷീൽഡാണ്. പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരികയാണ്. 45 വയസിന് താഴെയുള്ളവരുടെ വാക്സിനേഷനിൽ മുൻഗണന വിഭാഗക്കാരുടെ കുത്തിവെയ്പ് പൂർത്തിയായി വരികയാണ്.വാക്സിൻ കിട്ടുന്ന മുറയ്ക്ക് ഇത് പൂർത്തിയാക്കും. വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിന് കേന്ദ്രസർക്കാർ ആഗോള ടെൻഡർ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യവും പിണറായി സഭയിൽ പറഞ്ഞു.

ആഗോള ടെൻഡർ വിളിക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചാൽ അത് മത്സരാധിഷ്ടിതമാകാൻ ഇടയാക്കും. ഇത് പ്രയോജനം ചെയ്യില്ല. വാക്സിൻ വില കൂടാനെ ഇത് സഹായിക്കൂ. അതിനാൽ കേന്ദ്രം ആഗോള ടെൻഡർ വിളിക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അസന്നിഗ്ധമായ അഭിപ്രായം. ഈ നയം ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്രസർക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായിത്തന്നെ അറിയിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തേണ്ടിവരുന്ന ജനവിഭാഗങ്ങൾക്ക് വാക്‌സിൻ നൽകുന്നതിന് മുൻഗണന നൽകുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച വാക്‌സിൻ ഒട്ടും പാഴാക്കാതെ (സീറോ വേസ്റ്റേജ്) ഉപയോഗപ്പെടുത്തിയത് കേന്ദ്രസർക്കാർ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ വാക്‌സിൻ പൊതുനന്മയെക്കരുതി എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തിൽ കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം സാർവ്വത്രികമായ പ്രതിരോധ കുത്തിവയ്‌പ്പാണ്. സംസ്ഥാനം 70 ലക്ഷം കോവിഷീൽഡ് വാക്‌സിനും 30 ലക്ഷം കോവാക്‌സിൻ വാക്‌സിനും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി ഓർഡർ നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങൾ പ്രത്യേകം പ്രത്യേകമായി കമ്പോളത്തിൽ മത്സരിക്കുന്ന അവസ്ഥ സംജാതമായാൽ അത് വാക്‌സിന്റെ വില വർദ്ധിക്കാൻ ഇടയാകുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ഉന്നയിച്ച ഈ അവശ്യത്തിൽ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ഛത്തീസ്‌ഗഢ്, ഒഡീഷ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാർക്കും മെയ് 29-ന് കത്തയച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിൻ സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കണമെന്ന വാദഗതി ശക്തമായിത്തന്നെ കേരളം ഉന്നയിക്കുന്നുണ്ട്. ആവശ്യമായ അളവിൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനുമേൽ കേരളം നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതിന് ചില ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.