- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോവ സാബുവിന്റെ മരണം തലച്ചോറിലേക്കുള്ള രക്ത ധമനി പൊട്ടി; ഗർഭിണിയായ മഹിമ മാത്യുവിന്റെ മരണവും ശക്തമായ തലവേദനയെ തുടർന്ന്; ദിവ്യയെ ഗുരുതരാവസ്ഥയിൽ ആക്കിയത് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ചത്; കോവിഡ് വാക്സിനേഷന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ വിശദ പരിശോധനാ ആവശ്യം ശക്തം
പത്തനംതിട്ട: കോവിഡിൽ നിന്നും രക്ഷപെടാൻ വാക്‌സിനേഷൻ കൂടിയേ തീരൂ എന്ന് ലോകം അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ വ്യാപകമായി കോവിഡ് വാക്‌സിനേഷൻ ചെയ്യുമ്പോൾ ലക്ഷത്തിൽ ഒരാൾക്കെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാം എന്നാണ് ആരോഗ്യ രംഗത്തെ ഗവേഷകർ തന്നെ അഭിപ്രായപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞം നടക്കുന്നത് ഇന്ത്യയിലാണ്. വാക്‌സിൽ ലഭിച്ചവരിൽ എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്ന കാര്യത്തിൽ വേണ്ട വിധത്തിലുള്ള ഗവേഷണങ്ങളും വിലയിരുത്തലുകളും കേരളത്തിൽ അടക്കം പലയിടത്തും കുറവാണ്.
ഗർഭിണികളിലെ വാക്‌സിനേഷൻ അടക്കം പുരോഗമിക്കുന്നുണ്ട്. എന്നാൽ, ചുരുക്കം ചിലരിൽ വാക്‌സിൻ പാർശ്വഫലം വലിയ തോതിൽ കാണുന്നുണ്ടോ എന്ന സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അടുത്തകാലത്തുണ്ടായ രണ്ട് മരണങ്ങളും ഒരു യുവതി ഗുരുതരാവസ്ഥിൽ ആയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ശക്തമാകുന്നത്.
പത്തനംതിട്ട നാരാങ്ങാനം സ്വദേശിനിയായ യുവതി കോവിഡ് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് കേരളത്തിൽ നിന്നും പരാതികൾ ഉയർന്നിരിക്കുന്നത്. നെടുമ്പാറ പുതുപ്പറമ്പിൽ ദിവ്യ ആർ.നായരാണ് അപകടനിലയിൽ കഴിയുന്നത്. ദിവ്യയുടെ ഭർത്താവ് ജിനു ജി.കുമാർ കലക്ടർക്ക് ഇതു സംബന്ധിച്ചു പരാതി നൽകി. കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമാണ് തലവേദന രൂക്ഷമായെന്നും ഗുരുതരാവസ്ഥയിൽ ആകുകയായിരുന്നു എന്നുമാണ് ദിവ്യയുടെ ഭർത്താവ് പരാതിപ്പെടുന്നത്.
തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി. ഇവിടെ ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവ്യയെ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭർത്താവ് ദിവ്യയുടെ അസുഖത്തെ തുടർന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവർക്കുള്ളത്. കാട്ടൂരിൽ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയിൽ എത്തിയതിന്റെ ആശങ്കയിലാണ് കുടുംബം. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്സീനെ തുടർന്നുള്ള പ്രശ്നങ്ങളാണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സംഭവം കൂടാതെ മറ്റൊരു മരണത്തിലും ബന്ധുക്കൾ കോവിഡ് വാക്‌സിനെ പഴിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി മരിച്ച സംഭവമാണ് ഇത്. ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി. തോമസിന്റെ മകൾ നോവ സാബുവാണ് (19) മരിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെയായിരുന്നു കുട്ടിയുടെ മരണം. തുടർന്ന് സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പല്ലിനു കമ്പിയിടാൻ പോയപ്പോൾ അവിടെ നിന്നാണ് നോവ കോവിഷീൽഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.
7ന് സ്ഥിതി കൂടുതൽ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.
അതേസമയം കോട്ടയം പാലാ സ്വദേശിനിയായ മഹിമ മാത്യു എന്ന യുവതി അടുത്തിടെ മരിച്ചതിലും ബന്ധുക്കൾ കോവിഡ് വാക്‌സിനേഷന്റെ പാർശ്വഫലം സംശയിക്കുന്നുണ്ട്. ഗർഭിണിയായിരിക്കവേ വാക്‌സിൻ സ്വീകരിച്ച മഹിമക്ക് തലവേദന കൂടുകയും പിന്നാലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെയത്ു. പിന്നീട് യുവതി മരണപ്പെടുകയാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ