ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യ വിവിധ ലോകരാജ്യങ്ങൾക്കായി ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്സിൻ ഡോസുകൾ. പ്രതിരോധയജ്ഞത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6 കോടി വാക്സിൻ ഡോസുകൾ കയറ്റി അയച്ചത്. 

ഇന്ത്യയിൽ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്സിൻ വരും ആഴ്ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങൾക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, പ്രത്യേക പ്രായവിഭാഗത്തിലെ മുൻഗണന അർഹിക്കുന്നവർ എന്നിവർക്കാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുള്ളത്.

രാജ്യത്തിനാവശ്യമായ അളവ് വാക്സിൻ സംഭരിക്കാൻ ഉത്പാദകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാർ ചൗബെ രാജ്യസഭയിൽ ചൊവ്വാഴ്ച വ്യക്തമാക്കി. തദ്ദേശീയമായ വാക്സിൻ ഉത്പാദനം ഇന്ത്യയിൽ നടക്കുന്നതിനാൽ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഇതുവരെ എഴുപതോളം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വാക്സിൻ കയറ്റുമതി ചെയ്തു കഴിഞ്ഞു.

നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി നൽകിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും സിറം ഇൻസ്റ്റിട്യൂട്ടിന്റെ കോവിഷീൽഡും. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്.

കോവാക്സിന് 81 ശതമാനവും കോവിഷീൽഡിന് 70 ശതമാനവുമാണ് ഉപഭോക്താക്കൾ ഫലപ്രാപ്തി അവകാശപ്പെടുന്നത്. 2021 ജനുവരിയിൽ രാജ്യത്താരംഭിച്ച വാക്സിൻ വിതരണ പ്രകിയയിലൂടെ മൂന്നരക്കോടി ഡോസുകൾ ജനങ്ങൾക്ക് നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.