ന്യൂഡൽഹി: അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കുടുതൽ പേർക്ക് വാക്‌സിൻ നൽകിയത് ഇന്ത്യയാണ്. എന്നാൽ ലക്ഷ്യം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ജൂലൈ അവസാനത്തോടെ 30 കോടി പേർക്കു കോവിഡ് വാക്‌സീൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. വാക്‌സിൻ കുത്തിവയ്പ് 100 ദിനം ഇന്നലെ പിന്നിട്ടപ്പോൾ, വിതരണം ചെയ്തതു പതിനാലര കോടിയോളം ഡോസ്. ജൂലൈയിൽ എങ്ങനേയും 30 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകാനാണ് തിരിക്കിട്ട നീക്കം. ഇവർക്ക് രണ്ട് ഡോസ് നൽകുകയാണ് ലക്ഷ്യം. അല്ലെങ്കിൽ വാക്‌സിനേഷൻ തന്നെ ഫലം കാണാതെ പോകും.

ഇതിൽ 2 ഡോസും ലഭിച്ചതു രണ്ടര കോടിയോളം പേർക്കു മാത്രം. പ്രതിദിനം 3040 ലക്ഷം ഡോസ് വിതരണം ചെയ്യാനുള്ള തീരുമാനവും ലക്ഷ്യത്തിലെത്തിയില്ല. 100 ദിവസത്തിനിടെ കുത്തിവയ്പു 40 ലക്ഷം കടന്നത് 3 ദിവസം മാത്രം. ഞായറാഴ്ച വിതരണം ചെയ്തത് 9.95 ലക്ഷം ഡോസ്. കഴിഞ്ഞ ആഴ്ചത്തെ പ്രതിദിന ശരാശരി 25 ലക്ഷം ഡോസ്. ഇത് രാജ്യത്തിന് ഉയത്തേണ്ടതുണ്ട്. അല്ലെങ്കിൽ രോഗ വ്യാപനം തടയാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

മെയ്‌ 1 മുതൽ ഇന്ത്യയിലെ 84 കോടി പേർ വാക്‌സീനെടുക്കാൻ അർഹരാകും. പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ എടുക്കാൻ അനുമതി നൽകുന്നതിനാലാണ് ഇത്. ഇത്രയധികം ആളുകളിലേക്ക് വാക്‌സീനെത്തിക്കാൻ കാലമേറെ എടുക്കും. രണ്ട് ഡോസും കൊടുക്കാൻ വർഷം തന്നെ എടുക്കും. കോവിഷീൽഡിനും കോവാക്‌സിനും പുറമേ, സ്പുട്‌നിക് വാക്‌സീനു മാത്രമാണ് ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടുള്ളത്. കൂടുതൽ വാക്‌സീനുകൾക്ക് അനുമതി നൽകാതെ അതിവേഗം വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ല.

രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ പേർക്കാണ് ഒരു ഡോസ് എങ്കിലും ലഭിച്ചത്. ഇസ്രയേലിൽ 81% പേർക്കും യുകെയിൽ 50% പേർക്കും യുഎസിൽ 42% പേർക്കും വാക്‌സീൻ ലഭിച്ചു. മാർച്ച് അവസാനത്തോടെ വാക്‌സീൻ വിതരണം ഊർജിതമായെങ്കിലും ഏപ്രിൽ രണ്ടാം വാരത്തിനു ശേഷം മന്ദഗതിയിലായി. വിമുഖത മാറി ആളുകൾ തയാറായെങ്കിലും ലഭ്യത പ്രശ്‌നമായി.

കേരളത്തിൽ വാക്‌സീൻ ലഭിച്ചത് 70 ലക്ഷത്തിൽ താഴെ ആളുകൾക്കു മാത്രം. ഇതിൽ 2 ഡോസും ലഭിച്ചതു 11 ലക്ഷത്തിന്. അതേസമയം, ആരോഗ്യപ്രവർത്തകരിൽ 91.9% പേർക്കും ഒരു ഡോസ് വാക്‌സീനെങ്കിലും ലഭിച്ചു. രാജ്യത്താകെ 12 സംസ്ഥാനങ്ങളിലാണ് ആരോഗ്യപ്രവർത്തകരിൽ 90% പേർക്കും ഒരു ഡോസ് വാക്‌സീനെങ്കിലും ലഭിച്ചത്. കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തിൽ ഒരു ഡോസ് എങ്കിലും കിട്ടിയതു 51% ആളുകൾക്കു മാത്രമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വാക്‌സിൻ വില കുറച്ചേക്കും

വാക്‌സീൻ വില കുറയ്ക്കാൻ കേന്ദ്രം ഇടപെടുന്നു. ഉൽപാദക കമ്പനികളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും വില കുറയ്ക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായാണു സൂചന. കോവിഡ് പ്രതിസന്ധിക്കിടെ, വാക്‌സീൻ വില നിർണയിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കാർ ഇരുകമ്പനികളെയും ബന്ധപ്പെട്ടതായാണു വിവരം. പുതുക്കിയ വില വരുംദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

കൊറോണറി സ്റ്റെന്റുകൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി 2018 ഫെബ്രുവരിയിൽ നൽകിയ ഉത്തരവിൽ കേന്ദ്ര സർക്കാർ പറയുന്നത്: ഔഷധങ്ങളുടെ ന്യായവും താങ്ങാവുന്നതുമായ വില ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അധാർമിക ലാഭവും ചൂഷണവും തടയാൻ സർക്കാർ ഇടപെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വാക്‌സിൻ വിലയിലും സർക്കാരിന് ഇടപെടാം. യൂണിയൻ ഓഫ് ഇന്ത്യയും കെ.എസ്. ഗോപിനാഥും തമ്മിലുള്ള കേസിൽ 2003 മാർച്ചിൽ നൽകിയ ഇടക്കാല ഉത്തരവനുസരിച്ച് ജീവൻരക്ഷാ ഔഷധങ്ങളുടെ വിലനിയന്ത്രണം സർക്കാർ ഉറപ്പാക്കണം. ജീവൻരക്ഷാ ഔഷധങ്ങളുടെയും മറ്റും വിൽപനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് സൈനയഡ് ഇന്ത്യ കേസിൽ (1997) സുപ്രീം കോടതി പറഞ്ഞു.

അതുകൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് വാക്‌സിൻ മരുന്ന് കമ്പനികളെ കൊണ്ട് നൽകാൻ കേന്ദ്ര സർക്കാരിന് ഇനിയും കഴിയും. ഉൽപാദനച്ചെലവിന്റെയല്ല, വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാൻ കമ്പനികളെ അനുവദിക്കുകയാണു സർക്കാർ ചെയ്തിരിക്കുന്നത്. സീറത്തിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1565 കോടിയുമാണു കേന്ദ്രം നൽകിയിട്ടുള്ളത്. ആദ്യവട്ടം ഉൽപാദിപ്പിക്കുന്ന വാക്‌സീന്റെ 50% കേന്ദ്രം വാങ്ങുമെന്ന ഉറപ്പുമുണ്ട്. ഇതാണ് വിവാദത്തിന് ഇടനൽകുന്നത്.

ഔഷധ വില നിയന്ത്രണ ഉത്തരവ് (2013) പ്രകാരം അസാധാരണ സാഹചര്യങ്ങളിൽ പൊതു താൽപര്യത്തെക്കരുതി ഏത് ഔഷധത്തിന്റെയും പരമാവധി വിലയും ചില്ലറ വിലയും നിശ്ചയിക്കാനും അത് എത്ര കാലത്തേക്കെന്നു തീരുമാനിക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അവശ്യസാധന നിയമപ്രകാരമുള്ളതാണ് ഈ ഉത്തരവ്. സീറത്തിന്റെ ടെറ്റനസ് വാക്‌സീന് 2018 നവംബറിൽ വിലനിയന്ത്രണം ബാധകമാക്കിയിരുന്നു. ദുരന്ത മാനേജ്‌മെന്റ് നിയമം (2005) പ്രകാരം ഏതു ചട്ടത്തിലും മാറ്റങ്ങൾ വരുത്താൻ സർക്കാരിന് അധികാരം ലഭിക്കുന്നു.