ന്യൂഡൽഹി: ഇതുവരെ 47 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്താകെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 49.49 കോടിയിലധികം ഡോസുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 55,71,565 സെഷനുകളിലൂടെ ആകെ 47,02,98,596 ഡോസ് വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,15,842 ഡോസാണു നൽകിയത്. ഇതിൽ മൂന്ന് കോടിയിലധികം ഡോസുകൾ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ബാക്കിയുണ്ട്.

ആരോഗ്യപ്രവർത്തകരിൽ 1,03,10,569 പേർ ഒന്നാം ഡോസും 78,48,198 പേർ രണ്ടാം ഡോസും സ്വീകരിച്ചു. മുന്നണിപ്പോരാളികളിൽ 1,79,76,013 ഒന്നാം ഡോസും 1,13,28,258 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 18- 44 പ്രായപരിധിയിലുള്ളവരിൽ 15,61,40,811 ഒന്നാം ഡോസും 86,68,370 രണ്ടാം ഡോസും സ്വീകരിച്ചു. 45-59 പ്രായപരിധിയിൽ 10,63,39,854 പേർ ഒന്നാം ഡോസും 3,91,28,126 പേർ രണ്ടാം ഡോസും എടുത്തു. 60നുമേൽ പ്രായമുള്ളവരിൽ ഒന്നാം ഡോസ് 7,60,38,913 പേരും രണ്ടാം ഡോസ് 3,65,19,484 പേരും സ്വീകരിച്ചു.

രാജ്യത്ത് തുടർച്ചയായി 35ാം ദിവസമാണ് അര ലക്ഷത്തിൽ താഴെ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്താകെ ഇതുവരെ 3,08,20,521 പേരാണ് കോവിഡ് മുക്തരായത്. ദേശീയ രോഗമുക്തി നിരക്ക് 97.36% ആയി. നിലവിൽ 4,10,952 പേരാണ് ചികിത്സയിലുള്ളത്. ആകെ 46.82 കോടിയിലേറെ (46,82,16,510) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.