ന്യൂഡൽഹി: ഇന്നലെ 31, 372 കോവിഡ് രോഗികളാണ് രാജ്യത്ത് പുതുതായി രേഖപ്പെടുത്തിയ കണക്കിലുള്ളത്. ഇതിൽ 20240 കേരളത്തിൽ. മഹാരാഷ്ട്രയിൽ അടക്കം വ്യാപനം കുറയുന്നു. കർണ്ണാടകത്തിലും പ്രതിദിന രോഗികൾ എണ്ണൂറിന് താഴെയാണ്. ഇന്നലെ രാജ്യത്ത് മരിച്ചത് 219 കോവിഡ് രോഗികളും. രാജ്യത്തിന് ആശ്വാസത്തിന്റേതാണ് ഈ കണക്കുകൾ. കേരളം ഒഴികെ എല്ലായിടത്തും ഭീതി മാറുകയാണ്.

ഇതിന് കാരണം വാക്‌സിനേഷനാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. അതിവേഗത്തിൽ ഒന്നാം ഡോസ് വാക്‌സിൻ പരമാവധി പേർക്ക് നൽകാനാണ് തീരുമാനം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയുമാണു പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്‌സീൻ നൽകിയത്.

നേട്ടത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി പ്രതികരിച്ചു. ഹിമാചൽ പ്രദേശിൽ ഇന്നലെ 87 പുതിയ രോഗികളാണുള്ളത്. ഗോവയിൽ 38ഉം. സിക്കിമിൽ 49ഉം. ഇത് വാക്‌സിനേഷൻ ഇഫക്ട് കാരണമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. ലഡാക്കിലും ദാദ്ര നഗർ ഹവേലി ദാമൻ ദിയുവിലും ലക്ഷദ്വീപിലും ഇന്നലെ പുതിയ കോവിഡ് രോഗികളേ ഇല്ല. ലഡാക്കിൽ 34ഉം ദാമൻ ദിയുവിൽ 6ഉം ലക്ഷദ്വീപിൽ മൂന്നും രോഗികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്.

ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്‌സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഓഗസ്റ്റ് 29നാണ് ഹിമാചൽ ഈ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബർ പത്തിന് ഗോവയും എല്ലാവർക്കും ആദ്യ ഡോസ് പൂർത്തിയാക്കി. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്‌സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്‌സീനും കുത്തിവച്ചു.സിക്കിം 5.10 ലക്ഷം, ലഡാക്ക് 1.97 ലക്ഷം, ലക്ഷദ്വീപ് 53,499, ദാദ്ര നഗർ ഹവേലി ദാമൻ ദിയു 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകൾ.

രാജ്യത്താകെ 74 കോടി ഡോസ് വാക്‌സീൻ ഇതിനകം വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിൽ അറിയിച്ചു. ഞായറാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 31,372 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഉത്തരേന്ത്യയിൽ കോവിഡ് രണ്ടാം തരംഗം പൂർണ്ണമായി വിട്ടുമാറിയെന്ന വിലയിരുത്തലിലാണ് കേന്ദ്രം. എന്നാൽ കേരളത്തിൽ ഇന്നലെ 20,240 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചകത് ആശങ്കയായി തുടരുകരുകയുമാണ്. എറണാകുളം 2572, തൃശൂർ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂർ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസർഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,72,761 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,554 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് 19 വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്നതാണ് കേരളത്തിന്റേയും വിലയിരുത്തൽ. കേരളം സെപ്റ്റംബർ 12 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,27,48,174), 31.12 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (89,55,855) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,88,082)

45 വയസിൽ കൂടുതൽ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 51 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്. കോവിഷീൽഡ്/ കോവാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കേണ്ടതാണ്. രണ്ട് വാക്സിനുകളും ഫലപ്രദമാണ്.