- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ കേന്ദ്രത്തിന് മൂന്ന് മുറി; പ്രതിദിനം കുത്തിവെപ്പെടുക്കുക നൂറ് പേർക്ക് മാത്രം; വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായും മുറി; വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ; സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണത്തിനായുള്ള മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. വാക്സിൻ കേന്ദ്രങ്ങളിൽ പ്രതിദിനം കുത്തിവയ്പ്പെടുക്കുക നൂറ് പേർക്ക് മാത്രമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള മാർഗരേഖ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി. വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു.വാക്സിൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും മാർഗരേഖയിൽ കൃത്യമായി പറയുന്നുണ്ട്. ഓരോ കേന്ദ്രത്തിനും മൂന്നുമുറികൾ ഉണ്ടായിരിക്കണം.
വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്ക് വേണ്ടിയുള്ള കാത്തിരിപ്പു കേന്ദ്രമാണ് ആദ്യത്തെ മുറി. ഇവിടെ സാമൂഹ്യ അകലം പാലിക്കണം.രണ്ടാമത്തെ മുറിയിലാണ് കുത്തിവയ്പ്. ഒരു സമയം ഒരാൾക്ക് മാത്രമേ കുത്തിവയ്പ്പെടുക്കാൻ പാടുള്ളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായി മൂന്നാമത്തെ മുറിയിലേക്ക് മാറ്റും. ഈ സമയത്ത് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അവരെ ഉടൻ തന്നെ നേരത്തേ സജ്ജമാക്കിയിട്ടുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നേരത്തേ ആരംഭിച്ച ബ്രിട്ടണിൽ കുത്തിവെപ്പിനുശേഷം ഒരാളെ പത്തുമിനിട്ട് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ അത് അരമണിക്കൂറായി നീട്ടുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട വസ്തുത. ഇക്കാരണത്താലാണ് വാക്സിൻ വിതരണം ഒരു കേന്ദ്രത്തിൽ പ്രതിദിനം നൂറുപേർക്ക് എന്ന തോതിൽ ക്രമപ്പെടുത്തിയിരിക്കുന്നത്.
കമ്യുണിറ്റി ഹാളുകൾക്ക് പുറമെ താത്കാലികമായി നിർമ്മിക്കുന്ന ടെന്റുകളിലും വാക്സിൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരുകൾ ക്രമീകരണങ്ങൾ സജ്ജമാക്കേണ്ടത്. കോവിഡ് വാക്സിൻ സൂക്ഷിക്കാൻ ആവശ്യമായ അധിക സംഭരണികൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ അയച്ചു തുടങ്ങിയിട്ടുണ്ട്.
കോവിഡ് വാക്സിന്റെ അടിയന്തര വിതരണത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക്, ഫൈസർ എന്നീ കമ്പനികൾ അധികൃതരെ സമീപിച്ചിരുന്നു. ഇവരുടെ അപേക്ഷകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കൺട്രോൾ ഓർഗനൈസേഷൻ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ നിലവിലെ ശീതീകരണ ശൃംഖല സംവിധാനത്തിൽ വാക്സിൻ സൂക്ഷിക്കാനായി 28,947 ഇടങ്ങളിലായി 85,634 സംഭരണികളുണ്ട്. വാക്ക് ഇൻ കൂളറുകൾ, ട്രാൻസ്പോർട്ട് ബോക്സ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ 85,634 സംഭരണികൾ.
വാക്ക് ഇൻ കൂളറുകൾ, വാക്ക് ഇൻ ഫ്രീസറുകൾ, ഡീപ്പ്ഫ്രീസറുകൾ തുടങ്ങിയവ ഇനിയും ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കാൻ, തങ്ങളുടെ കൈവശമുള്ള ശീതീകരണ സംവിധാനങ്ങൾ പരിശോധിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികൾക്കാണ് ആദ്യം വാക്സിൻ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ