കാലിഫോർണിയ: കോവിഡ് വാക്സിൻ എടുത്ത് മണിക്കൂറുകൾക്കകം കാലിഫോർണിയയിൽ ഒരാൾ മരണമടഞ്ഞു. ഇയാൾക്ക് കോവിഡ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21 ന് ആയിരുന്നു ഈ സംഭവം നടന്നത്. പ്ലേസർ കൗണ്ടിയിൽ ജീവിച്ചിരുന്ന, പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയുടെ മരണവിവരം ശനിയാഴ്‌ച്ചയാണ് പ്ലേസർ കൗണ്ടി ഷെറീഫ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. മരണകാരണം എന്താണെന്ന് അറിയാൻ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2020 ഡിസംബർ അവസാനത്തോടെ ഇയാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നതായാണ് റിപ്പോർട്ട്. 2021 ജനുവരി 21 ന് ഇയാൾ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായി ഇയാൾക്ക് വാക്സിൻ നൽകിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഫൈസറിന്റെ വാക്സിനാണോ ഇയാൾക്ക് നൽകിയത് എന്ന കാര്യം വ്യക്തമല്ല, വിവിധ തദ്ദേശ, സംസ്ഥാന, ഫെഡറൽ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട വിവിധ തലങ്ങൾ പരിശോധിച്ചുവരികയാണ്. ഇന്ന് മൃതദേഹം ഒട്ടോപ്സിക്ക് വിധേയമാക്കും എന്നാണ് ഷെറീഫിന്റെ ഓഫീസിൽ നിന്നും അറിയിച്ചത്.

കോവിഡ് വാക്സിന്റെ പാർശ്വഫലമാണ് മരണകാരണമായത് എന്ന റിപ്പോർട്ടുകൾ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പരിശോധിക്കുന്നുണ്ട്. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് അത്രയം ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത തുലോം വിരളമാണെന്നാണ്. അതേസമയം, പത്തിൽ താഴെ ആളുകളിൽ അലർജിക്ക് കാരണമായതിനാൽ ഒരു പ്രത്യേക ബാച്ചിലെ വാക്സിൻ നൽകുന്നത് നിർത്തിവയ്ക്കണമെന്ന് കാലിഫോർണിയ സ്റ്റേറ്റ് എപിഡെർമോളജിസ്റ്റ് ഡോ. എറിക്ക എസ് പാൻ നിർദ്ദേശിച്ചിരുന്നു. മൊഡേണ ഫൈസർ വാക്സിന്റെ ഒരു പ്രത്യേക ബാച്ചിലാണ് ഈ പ്രശ്നം ഉണ്ടായത്.

ഏതൊരു വാക്സിനും ചെറിയ രീതികളിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ക്ഷീണം, തലവേദന, വിറയൽ, പനി തുടങ്ങിയ ചില ലക്ഷണങ്ങളൊക്കെ ചില വാക്സിനുകൾ എടുക്കുമ്പോൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മരുന്നുകളൊന്നും കഴിക്കാതെ തന്നെ അതൊക്കെ സ്വാഭാവികമായും മാറുകയും ചെയ്യും. അതല്ലാതെ, ഗുരുതരമായ പാർശ്വഫലങ്ങളോ പ്ര്ത്യാഘാതങ്ങളോ കോവിഡ് വാക്സിന്റെ കാര്യത്തിലുമില്ലെന്നാണ് ഡോക്ടർമാരും ആരോഗ്യ വിദഗ്ദരും പറയുന്നത്. നിലവിലെ സാഹചര്യം ഒന്നുകൊണ്ടുമാത്രമാണ് ആളുകൾ കോവിഡ് വാക്സിനെ പഴിക്കുന്നതെന്നും അവർ പറയുന്നു.

ഇനി, വാക്സിന്റെ ഫലമായി ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായാൽ തന്നെ അത് വാക്സിൻ എടുത്ത് 15 മുതൽ 30 മിനിറ്റുകൾക്കകം അനുഭവപ്പെടും. എന്നാൽ, ഇവിടെ മണിക്കൂറുകൾ കഴിഞ്ഞാണ് രോഗി മരിച്ചത് എന്നത്, മരണം വാക്സിന്റെ പാർശ്വഫലമായല്ല എന്ന് വ്യക്തമാക്കുന്നു. വ്യക്തമായ തെളിവുകളില്ലാതെ , വാക്സിനെതിരെ അബദ്ധ പ്രചാരണത്തിന് മുതിരരുതെന്നും ആരോഗ്യപ്രവർത്തകർ നിഷ്‌കർഷിക്കുന്നുണ്ട്.