- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് വാക്‌സീൻ വിതരണം 200 കോടി പിന്നിട്ടു; നേട്ടം കൈവരിച്ചത് 18 മാസം കൊണ്ട്; ഇന്ത്യ റെക്കോർഡ് തീർത്തെന്ന് ട്വീറ്റ് ചെയ്ത് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സീൻ വിതരണം ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടു. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കോവിഡ് വാക്‌സീൻ വിതരണം കൃത്യം 18 മാസം പിന്നിടുമ്പോഴാണ് അപൂർവ നേട്ടം. ഇന്ന് പന്ത്രണ്ടേ കാലോടെ ഇന്ത്യയിലാകെ വിതരണം ചെയ്ത വാക്‌സീൻ ഡോസുകളുടെ എണ്ണം ഇരുന്നൂറ് കോടി പിന്നിട്ടു.
പ്രധാന മന്ത്രി നരേന്ദ്ര മോദി അപൂർവ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകൾക്കും ഒരു ഡോസ് കോവിഡ് വാക്‌സീനെങ്കിലും നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. രാജ്യത്താകെ 47000 സർക്കാർ കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷൻ പുരോഗമിക്കുന്നത്.
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് വീടുകളിലെത്തി വാക്‌സീൻ നൽകാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. കോവിഡ് നാലാം തരംഗ സാധ്യത നിലനിൽക്കേ ബൂസ്റ്റർ ഡോസുകൾ പരമാവധി നൽകുന്നതിലാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ശ്രദ്ധ. ജൂലൈ പതിനഞ്ച് മുതൽ 75 ദിവസം പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 55,14,860 പേർക്ക് ബൂസ്റ്റർ ഡോസ് വിതരണം ചെയ്തു കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ