ന്യൂഡൽഹി: മാസങ്ങളായി രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കോവിഡ് പ്രശ്‌നത്തിന് പരിഹാരമാകുന്നു. കോവിഡ് വാക്സിൻ വിതരണം 16 മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം.

ആദ്യ ഘട്ടത്തിൽ 3 കോടി പേർക്കാണ് വാക്സിൻ നൽകുന്നത്. ഒന്നാം ഘട്ടത്തിൽ മൊത്തം 30 കോടി പേർക്കാണ് വാക്സിന് നൽകാൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാർക്കുമാണ് നൽകുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവർക്കാണ് ആദ്യം വാക്സിൻ നൽകുക.

തുടർന്ന് 50 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ നൽകുന്നത്. ഏതാണ്ട് 27 കോടിയോളം പേർക്കാണ് ഇത്തരത്തിൽ വാക്സിൻ നൽകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. കാബിനെറ്റ്, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറി മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞദിവസമാണ് കോവിഡിനെതിരെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയത്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. കരുതലായാണ് കോവാക്‌സിന് അനുമതി നൽകിയതെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി നടന്ന ഡ്രൈ റണിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.

വാക്‌സിൻ സൂക്ഷിക്കാൻ 28,000 കോൾഡ് സ്റ്റോറേജുകൾ തയ്യാറായി കഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും വാക്‌സിനേഷന് രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.വാക്സിൻ ഡോസുകളുടെ എണ്ണം, അവ ശേഖരിച്ചിരിക്കുന്ന താപനില എന്നിവയെല്ലാം ഡിജിറ്റലായി നിരീക്ഷിക്കുന്നുണ്ട്.

ബോധവൽക്കരണം ആവശ്യം, വെല്ലുവിളികളേറെ

വാക്സീൻ വിതരണത്തിന്റെ പ്രധാന ഘട്ടത്തിലേക്കു കടക്കുന്ന ഇന്ത്യയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. നേരിയ വിപരീതഫലം എല്ലാ വാക്സിനുകൾക്കുണ്ടാകാമെന്ന കാര്യം ആളുകളെ ബോധവൽക്കരിക്കുക, വ്യാജപ്രചാരണം തടയുക തുടങ്ങിയ വെല്ലുവിളികൾ ഇനിയുണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

വാക്സീൻ കുത്തിവയ്പുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിന്റെ തയ്യാറെടുപ്പും പരിഗണനാ വിഷയങ്ങളും ഇങ്ങനെ:

വിതരണരീതി

ഒരു വർഷത്തോളം നീളുന്ന വിതരണ രീതിയാണ് രാജ്യം പ്ലാൻ ചെയ്യുന്നത്. ഒരാൾക്കു വാക്സീൻ കുത്തിവയ്ക്കാൻ 30 മിനിറ്റ് വരെയെടുക്കാം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വിപരീതഫലങ്ങൾ ഉണ്ടാകുമോയെന്ന് നിരീക്ഷിക്കാൻ കൂടിയാണിത്. വാക്സീൻ കേന്ദ്രങ്ങളിലെ ഓരോ സെഷനിലും 100 പേർക്കു വരെ വാക്സീൻ നൽകും. സാർവത്രിക പ്രതിരോധ കുത്തിവയ്പു പരിപാടിയിൽ നിലവിൽ 2.39 ലക്ഷം മിഡ്വൈഫുമാരുണ്ട്. ഇവരിൽ നിന്ന് 1.54 ലക്ഷം പേരെ കോവിഡ് വാക്സീൻ നൽകാൻ നിയോഗിക്കും. കൂടുതൽ ആളുകളെ അതതു സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കും.

ശീതീകരണത്തിനുള്ള കോൾഡ് ചെയിൻ പോയിന്റുകൾ 28,947യാണ് രാജ്യത്തുള്ളത്. കൂടാതെ അനുബന്ധ ഉപകരണങ്ങളുടെ എണ്ണം 85,634 (കൂളറുകൾ, ഫ്രീസറുകൾ, ഡീപ് ഫ്രീസറുകൾ, ഐസ് ലൈൻഡ് റഫ്രിജറേറ്ററുകൾ, കോൾഡ് സ്റ്റോറേജ് ട്രക്കുകൾ തുടങ്ങിയവ അടക്കം) (ഇപ്പോഴത്തെ ശേഷിയനുസരിച്ച് ആദ്യത്തെ 3 കോടി പേർക്ക് വേണ്ട 6 കോടി ഡോസ് ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. നാളെ മുതൽ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൗകര്യമെത്തും)

സംസ്ഥാന, ജില്ലാ, ബ്ലോക്ക് എന്നിങ്ങനെ ത്രിതല സംവിധാനമുണ്ടാകുമെങ്കിലും വാക്സീൻ വിതരണത്തിനുള്ള ദേശീയ വിദഗ്ധ സമിതിക്കു കീഴിലാകും ഇവയുടെ പ്രവർത്തനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സമിതി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കർമ സമിതി, കൺട്രോൾ റൂം എന്നതാണ് സംസ്ഥാനതല ഘടന. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സമാന രീതിയിൽ സമിതികളുണ്ടാകും. കലക്ടർ, തഹസിൽദാർ എന്നിവർക്കായിരിക്കും ചുമതല. എല്ലാ തലത്തിലും കൺട്രോൾ റൂമുകളും പ്രവർത്തിക്കും.

വിതരണ മാതൃക

വാക്സിൻ വിതരത്തിനായി സിറിഞ്ച്, നീഡിലുകൾ എന്നിവയുടെ അധികസംഭരണം തുടങ്ങിയട്ടുണ്ട്. വാക്സീൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾക്ക് അന്തിമരൂപമാകുന്നു. പരിശീലന സാമഗ്രികളും ഉണ്ടാകുമെന്നത് ഉറപ്പാണ്. വാക്സീൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ കോവിൻ സോഫ്റ്റ്‌വെയറും ആപ്ലിക്കേഷനും സുസജ്ജം. ഓരോ കേന്ദ്രത്തിലും വാക്സീൻ സൂക്ഷിച്ചിരിക്കുന്ന താപനിലയിൽ മാറ്റം ഉണ്ടാകുന്നുണ്ടോ എന്നു പോലും വിലയിരുത്താനാകും.