ന്യൂഡൽഹി: കുട്ടികളുടെ കോവിഡ് വാക്സിന്റെ വിതരണം നവംബർ പകുതിയോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്ക് മുൻഗണന നൽകാനാണ് ആലോചിക്കുന്നത്.

മൂന്നാഴ്ചക്കകം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതിന്റെ മുൻഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ.വാക്സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് വാക്സിൻ നൽകുന്നതിന്റെ മുൻഗണനാക്രമം നിശ്ചയിക്കുക.

രണ്ടു വയസുമുതലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാർശ നൽകിയിരുന്നു. ഡ്രഗ്സ് കൺട്രോളർ അന്തിമാനുമതി നൽകുന്ന പക്ഷം വാക്സിൻ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

അതിന് മുൻപ് കമ്പനി വാക്സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന ഇടക്കാല ഡേറ്റ വിദഗ്ധ സമിതി പരിശോധിക്കും. കൂടാതെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കമ്പനിയോട് തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മുൻഗണനാക്രമം നിശ്ചയിക്കാൻ മൂന്നാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് ആദ്യ പരിഗണന നൽകാനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.