- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകി നൽകുമെന്ന് സൂചന; അപേക്ഷ നൽകിയത് ഫൈസറും, സീറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും; ആദ്യഘട്ടത്തിൽ തന്നെ 30 കോടി ആളുകൾക്ക് നൽകും; ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സംഭരണത്തിന് സംവിധാനം ഒരുങ്ങുന്നു; മഹാമാരിയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഇന്ത്യയും
ന്യൂഡൽഹി: ബ്രിട്ടിനിൽ ഫൈസറിന്റെ കോവിഡ് വാകിസിൻ ഉപയോഗിച്ച് തുടങ്ങിയ അതേദിവസം തന്നെ ഇന്ത്യയിൽനിന്നും പ്രതീക്ഷയേകുന്ന വാർത്ത. കോവിഡ് വാക്സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകിയേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യൻ കമ്പനികൾ. മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകും. ആദ്യ പരിഗണന ആരോഗ്യ പ്രവർത്തകർക്കെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.സംസ്ഥാനങ്ങളുമായി ആലോചിച്ച് വാക്സീൻ വിതരണപദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ, ഭാരത് ബയോടെക് എന്നിവ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ബുധനാഴ്ച യോഗം ചേരുന്നുണ്ട്.ബ്രിട്ടിഷ് സ്വീഡിഷ് കമ്പനി അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല നിർമ്മിച്ച കോവിഷീൽഡ് വാക്സീന്റെ ഇന്ത്യയിലെ ഉൽപാദന പരീക്ഷണ കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കേന്ദ്രത്തെ സമീപിച്ച ആദ്യ ഇന്ത്യൻ സ്ഥാപനം.
ഫ്രിഡ്ജിലെ താപനിലയിൽ സൂക്ഷിക്കാമെന്നതാണ് കോവിഷീൽഡിന്റെ ഗുണം. ഇന്ത്യയിൽ നിർമ്മിക്കുന്നതു കൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിൻ വികസിപ്പിച്ചത്. അമേരിക്കൻ കമ്പനിയായ ഫൈസറും വാക്സീന് ഇന്ത്യയിൽ അനുമതി തേടിയിരുന്നു. എന്നാൽ, ഫൈസറിന്റെ വാക്സീൻ വളരെയധികം താഴ്ന്ന താപനിലയിൽ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് നിലവിൽ പ്രാവർത്തികമല്ല.
കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകൾ സംഭരിക്കാൻ കഴിയുന്ന ശീതീകരിച്ച സംവിധാനങ്ങൾ നിലവിൽ രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർ അടക്കമുള്ള മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകാൻ ആദ്യഘട്ടത്തിൽ മൂന്ന് കോടി വാക്‌സിനുകൾ ലഭ്യമാക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിന്റെ ലക്ഷക്കണക്കിന് ഡോസുകൾ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള ശീതീകരിച്ച കണ്ടെയ്‌നറുകളും പ്രത്യേക മേഖലകളും തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങളിലും ഇപ്പോൾതന്നെ മരുന്നുകളും വാക്‌സിനുകളും സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ആധുനിക സംവിധാനങ്ങളുണ്ട്. താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂൾ ചേംബറുകൾ, വാക്‌സിൻ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളിൽനിന്ന് കാർഗോ ടെർമിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികൾ എന്നിവ രണ്ടിടത്തും ഉണ്ട്.
കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലക്ഷക്കണക്കിന് പിപിഇ കിറ്റുകളും, മരുന്നുകളും, പെട്ടെന്ന് കേടുവരുന്ന വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന ഹബ്ബുകളായി രണ്ട് വിമാനത്താവളങ്ങളും പ്രവർത്തിച്ചിരുന്നു. വാക്‌സിനുകൾ മനുഷ്യ സ്പർശമേൽക്കാതെ തന്നെ കൈകാര്യം ചെയ്യാനും സംഭരിക്കാനും രണ്ടിടത്തും സാധിക്കും. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്ര സെനിക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നത്. യു.കെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളിൽ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
ഫൈസറും ജർമൻ പങ്കാളിയായ ബയോൻടെക്കും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിലും വ്യക്തമായിട്ടുള്ളത്. യു.കെയിൽ ഫൈസർ/ബയോൺടെക് വാക്‌സിൻ നൽകാൻ തുടങ്ങിയിട്ടുണ്ട്. കോവാക്‌സിനാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിൻ. മൂന്നാംഘട്ട പരീക്ഷണ ഘട്ടത്തിലുള്ള ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.-
മറുനാടന് ഡെസ്ക്