- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം മോദിയും മന്ത്രിമാരും വാക്സിനെടുക്കട്ടെ, എന്നിട്ടാവാം ജനങ്ങൾ; മൂന്നാംഘട്ട പരീക്ഷണം നടത്താത്ത കൊവാക്സിനെതിരെ പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയ കൊവാക്സിനെ വാക്സിനെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത വാക്സിൻ 110 ശതമാനം സുരക്ഷിതമാണെന്ന് എങ്ങനെയാണ് ഡ്രഗ് കൺട്രോളർ പറയുകയെന്നാണ് പ്രശാന്ത് ഭൂഷന്റെ ചോദ്യം.
വാക്സിന്റെ മൂന്നാംഘട്ട ട്രയൽ ഇതുവരെ നടത്തിയിട്ടില്ല. അതിന് ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഡ്രഗ് കൺട്രോളർ പറയുന്നു വാക്സിൻ 110 ശതമാനം സുരക്ഷിതമാണെന്ന്. വാക്സിനുകൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് ആദ്യം മോദിയുടെ കാബിനറ്റിലുള്ളവരും വാക്സിൻ കമ്പനിയിലെ ആളുകളും ഡ്രഗ് കൺട്രോളറുടെ ഓഫീസിലെ ആളുകളും വാക്സിൻ എടുക്കട്ടെ- പ്രശാന്ത് ഭൂഷൺ ട്വീറ്റു ചെയ്തു.
വാക്സിൻ 110 ശതമാനം സുരക്ഷിതമാണെന്നും മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡ്രഗ് കൺട്രോളര് ജനറൽ വി. ജി സോമാനി വിശദീകരിക്കുന്ന എ.എൻ.ഐയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഭൂഷന്റെ ട്വീറ്റ്.
വാക്സിനെതിരെ വിമർശനവുമായി എംപി ശശി തരൂരും രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ അതിന് അനുമതി നൽകുന്നത് അപക്വവും അപകടകരവുമായ നടപടിയാണെന്നായിരുന്നു ശശി തരൂർ എംപി പ്രതികരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇക്കാര്യത്തിൽ വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഓക്‌സ്‌ഫോർഡ് വാക്‌സിനായ കൊവിഷീൽഡുമായി മുന്നോട്ട് പോകാമെന്നും തരൂർ പറഞ്ഞു. ഉപാധികളോടെയാണ് കൊവിഷീൽഡിനും കൊവാക്‌സിനും കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഡ്രഗ്സ് കൺട്രോളറാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്‌സിന് അനുമതി നൽകിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കൊവിഷീൽഡ്' വാക്‌സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകിയിരുന്നു.