ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾ തുടരുന്നതിനിടെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്‌പ്പിന് രാജ്യത്ത് നാളെ തുടക്കമാകും. കോവിഡിനെതിരെ വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് തുടക്കത്തിൽ നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി് കുത്തിവെയ്പ് യജ്ഞത്തിന് തുടക്കമിടും. ഇതോടൊപ്പം വാക്സിനേഷൻ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പ്രവർത്തകരുമായി മൂന്ന് കോടി പേർക്കാണ് രാജ്യത്ത് ആദ്യം വാക്സിൻ വിതരണം ചെയ്യുന്നത്. കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയിൽ വിതരണാംഗീകാരം നൽകിയിട്ടുള്ളത്.

വാക്സിനേഷനായി ആദ്യഘട്ടത്തിൽ രാജ്യത്തെ 3000 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. ഓരോ കേന്ദ്രത്തിലും തുടക്കത്തിൽ 100 പേർക്ക് വീതമാണ് വാക്സിൻ നൽകുക. ആരോഗ്യപ്രവർത്തകർ അടക്കം മുൻനിര പോരാളികൾക്കാണ് ആദ്യ ഘട്ടത്തിൽ കോവിഡ് പ്രതിരോധ കുത്തിവെയ്്പ് നടത്തുക.

രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് കുത്തിവെയ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ നൽകുക. ഓഗസ്റ്റ് വരെ ആദ്യ ഘട്ടം നീളും. ഇതിനുള്ളിൽ മൂന്ന് കോടി മുൻനിര പോരാളികൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് ആലോചന.

50 വയസിന് മുകളിൽ പ്രായമുള്ളവർക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 50 വയസിൽ താഴെയുള്ളവർക്കുമാണ് അടുത്തഘട്ടത്തിൽ വാക്സിൻ നൽകുക. അലർജിയുടെ ചരിത്രമുള്ളവർക്കും ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സിൻ നൽകുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ അയച്ച കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കേരളം സജ്ജം

കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നാളെ മുതൽ സംസ്ഥാനത്തും വിതരണം ചെയ്യും.സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എൻ.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷൻ യാഥാർത്ഥ്യമാക്കുന്നത്.

സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിൻ കുത്തിവയ്‌പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.

0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്‌പ്പിലൂടെ ആദ്യ ഡോസ് കുത്തിവയ്പിൽ നൽകുക. ആദ്യ കുത്തിവയ്പിന് ശേഷം 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും നിരീക്ഷണത്തിൽ തുടരണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.

 വാക്സിനേഷൻ കേന്ദ്രം

ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും വെയിറ്റിങ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ 3 മുറികളാണുണ്ടാകുക. വാക്സിനേഷനായി 5 വാക്സിനേഷൻ ഓഫീസർമാർ ഉണ്ടാകും. വാക്സിൻ എടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും. പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫീസറാണ് വാക്സിനേഷൻ എടുക്കുന്നത്.


ആദ്യ ദിവസം 100 പേർ; ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. ലോഞ്ചിങ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിൻ തുടങ്ങുക. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിൻ നൽകാൻ ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ സമയമെടുക്കും.

 വേസ്റ്റേജ് 10 ശതമാനം വരെ

കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച് വാക്സിനേഷനിൽ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിൻ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാൻ ജില്ലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടൻ ലഭിക്കുന്ന ബാക്കി വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.


നിരീക്ഷണം നിർബന്ധം

വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.