ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്നു. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി ഉയർന്നു.

നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 9,79,608 ആയി ഉയർന്നു. 61,899 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം 1,67,642 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 9,43,34,262 പേർക്ക് വാക്സിനേഷൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തിലെ കോവിഡ് കണക്കുകളും കൂത്തനെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിനം പതിനായിരം കോവിഡ് രോഗികൾ എന്ന കണക്കിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം രാജ്യത്തുകൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും വാക്സിനേഷൻ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിച്ചും ഐ.എം.എ രംഗത്തെത്തി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ജയലാൽ പ്രതികരിച്ചു.

'ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാൾ കുറവാണ്. അതൊരു വലിയ നേട്ടമാണ്. മെഡിക്കലി കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാർ ഒരു കുറവും വരുത്തിയതായി ഐ.എം.എ കരുതുന്നില്ല. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും മരണനിരക്ക് ഇത്രയും കുറയ്ക്കാനായിട്ടില്ല. കേരളത്തിന്റെ മുഴുവൻ ആരോഗ്യസംവിധാനത്തെയുമാണ് ഇതിൽ അഭിനന്ദിക്കേണ്ടത്,' ഡോ.ജയലാൽ പറഞ്ഞു.

എല്ലാ മഹാമാരിയിലും രണ്ടാം തരംഗവും മൂന്നാം തരംഗവും ഉണ്ടാകാറുണ്ട്. ചരിത്രം പരിശോധിച്ചാൽ എപ്പോഴും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാകും. ഈ രോഗം വരുത്തുന്ന വൈറസിൽ ജനിതകമാറ്റം സംഭവിക്കുമ്പോൾ ഒറിജിനൽ വൈറസ് മരിച്ച് പുതിയവ നിലനിൽക്കും. അതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ആദ്യ വൈറസ് വയസ്സായവരെയാണ് കൂടുതലായി ബാധിച്ചിരുന്നതെങ്കിൽ പുതിയ വൈറസ് ചെറുപ്പക്കാരിലാണ് കൂടുതൽ പടരുന്നതെന്നും ഡോ.ജയലാൽ പറഞ്ഞു.

വിവിധ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും വാക്സിനേഷൻ ലഭിക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. കുറഞ്ഞത് 40 കോടി പേർക്കെങ്കിലും വാക്സിൻ ലഭിച്ചിരിക്കണം. 9 കോടിയിൽ താഴെ പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്സിൻ ലഭിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം വാക്സിൻ നൽകാമെന്നാണ്. അതിൽ പ്രയോജനമില്ല,' ഡോ.ജയലാൽ പറഞ്ഞു.

വാക്സിന്റെ കുറവുണ്ടാകുമെന്ന സാഹചര്യം മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കണമായിരുന്നു. പുറം രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റിയയച്ചത് തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ ഇത്രയും കയറ്റിയക്കണമായിരുന്നോ എന്നതാണ് ചോദ്യം. നിലവിൽ വാക്സിന്റെ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും കയറ്റുമതി കുറയ്ക്കണം. കൊവിഷീൽഡിനൊപ്പം മറ്റു വാക്സിനുകളും ഉപയോഗിക്കാനും തയ്യാറകണമെന്നും ഡോ. ജയലാൽ കൂട്ടിച്ചേർത്തു.

കൊവിഡിന്റെ രണ്ടാം വരവിൽ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും കോവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റിയെന്നും മോദി പറഞ്ഞു. രാജ്യം നേരിട്ടതിൽവെച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.