തിരുവനന്തപുരം: കോവിഡ് ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ശശി തരൂർ അതിന്റെ ആഘാതം കുറക്കുന്നതിൽ വാക്‌സിൻ സഹായിച്ചുവെന്ന് ട്വിറ്ററിൽ. ''സഹോദരി ഫൈസറിന്റെ രണ്ടു ഡോസ് കാലിഫോർണിയയിൽ നിന്നും അമ്മയും ഞാനും കോവിഷീൽഡ് രണ്ടാം ഡോസ് ഏപ്രിൽ എട്ടിനും എടുത്തെന്ന് ആളുകൾ അറിയണം. എന്നാൽ, വാക്‌സിന് രോഗ ബാധ തടയാൻ ആയില്ലെങ്കിലും ആഘാതം കുറക്കാൻ ആകുമെന്ന് പ്രതീക്ഷിക്കാൻ എല്ലാ ന്യായവുമുണ്ട്'' എന്നായിരുന്നു രോഗം സ്ഥിരീകരിച്ച് നൽകിയ ട്വീറ്റിനു പിന്നാലെ തരൂർ ട്വിറ്ററിൽ കുറിച്ചത്.

ട്വീറ്റിനു താഴെ എളുപ്പം തിരിച്ചുവരവ് ആശംസിച്ചും പ്രാർത്ഥിച്ചുമുള്ള ട്വീറ്റുകൾക്കൊപ്പം വാക്‌സിൻ യഥാർഥത്തിൽ പൂർണമായി മാറ്റുമെന്ന് അവകാശവാദമുള്ളതല്ലെന്നും പരമാവധി കുറക്കാൻ സഹായകമാണെന്നും ചിലർ വ്യക്തമാക്കുന്നു. എന്നാൽ, വാക്‌സിൻ എടുക്കുംമുമ്പ് ശരീരം പ്രതിരോധിച്ച വൈറസിനെ അതിനു ശേഷം കാക്കാൻ ആകാതെ പോയതെന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നു. ഗുരുതരമാകാതെ കാക്കും എന്നാണെങ്കിൽ മരുന്നു കമ്പനികൾ അത് വ്യക്തമാക്കണമെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.