ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഭാവനാശൂന്യമായ നടപടികൾ കാരണം രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം അതീവ രൂക്ഷമായിരിക്കയാണ്. രാജ്യത്ത് കോവിഡ് വാക്‌സിൻ കിട്ടാത്ത അവസ്ഥ വന്നതോടെ വിദേശത്തു നിന്നു നേരിട്ടു കോവിഡ് വാക്‌സീൻ വാങ്ങാൻ സംസ്ഥാനങ്ങൾ ശ്രമം തുടങ്ങി. ഒഡിഷയും ഡ#ൽഹിയും അടക്കം ഇത്തരം സാധ്യതകൾ പരിശോധിച്ചുകയാണ്. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിലെ വീഴ്‌ച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

അതേസമയം സംസ്ഥാനങ്ങളുടെ ഈ നീക്കത്തിൽ കേന്ദ്രത്തിന് അതൃപ്തിയാണുള്ളത്. വിദേശ കമ്പനിയുമായി നേരിട്ടുള്ള ഇടപാടിനു കേന്ദ്രാനുമതി വേണം. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് അനുമതി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടക്കുന്നത്. ഇത് സ്ഥിതിഗതികൾ വഷളാക്കുന്നു.

കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യമാണു നിലവിൽ. കേന്ദ്രത്തിൽ നിന്നോ കമ്പനികളിൽ നിന്നു നേരിട്ടോ വേണ്ടത്ര വാക്‌സീൻ ലഭിക്കുന്നില്ലെന്നു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരാതിപ്പെടുന്നു. 10 സംസ്ഥാനങ്ങളാണ് വിദേശ ടെൻഡർ ആലോചിക്കുന്നത്. ഓരോ സംസ്ഥാനവും സ്വന്തം നിലയിൽ മുന്നോട്ടുപോകുന്നത് രാജ്യത്തിന്റെ സൽപേരിനു ക്ഷീണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുന്നറിയിപ്പു നൽകിയിരുന്നു.

അതേസമയം ഇന്ത്യയിൽ മുഴുവൻ പേരെയും കുത്തിവയ്ക്കാനുള്ള വാക്‌സീൻ ഈ വർഷം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്. ഡിസംബറിനുള്ളിൽ 216 കോടി ഡോസ് വാക്‌സീനാണു കണക്കിലുള്ളത്. നിലവിൽ അനുമതിയുള്ള 3 വാക്‌സീനുകളിൽ നിന്ന് 145 കോടി ഡോസും പുതുതായി അനുമതി കാക്കുന്ന 5 കമ്പനികളിൽ നിന്ന് ഓഗസ്റ്റ് ഡിസംബർ കാലയളവിൽ 71 കോടി ഡോസും ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ, ഫൈസർ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്‌സീനുകളും കൂടി എത്തിയാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നു.

ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സീൻ, സൈഡസ് കാഡിലയുടെ സൈകോവ് ഡി, നോവ വാക്‌സീന്റെ കോവോവാക്‌സ്, ബയോളജിക്കൽ ഇയുടെ വാക്‌സീൻ, ജെനോവ ബയോഫാർമസ്യൂട്ടിക്കൽസിന്റെ വാക്‌സീൻ, എന്നിവയാണ് വരുന്ന മാസങ്ങളിൽ പ്രതീക്ഷിക്കുന്നത്. അതിനിടെ രാജ്യത്ത് ജൂൺ മാസം മുതൽ കോവിഡ് വാക്സിൻ വിതരണം വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. വിവിധ വാക്‌സിനുകളുടെ 300 കോടി ഡോസുകൾ ഓഗസ്റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

8.8 കോടി ഡോസുകൾ എന്ന മെയ് മാസത്തിലെ വിതരണണം ജൂൺ മാസത്തോടെ ഇരട്ടിയാകുമെന്നും (15.81 കോടി ഡോസുകൾ) ഓഗസ്റ്റിൽ നാലിരട്ടിയാകാമെന്നും (36.6 കോടി ഡോസുകൾ) അധികൃതർ കണക്കാക്കുന്നു. ഡിസംബറിൽ മാത്രം 65 കോടി ഡോസുകളുടെ ലഭ്യതയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ 293 കോടി വാക്സിൻ ഡോസുകൾ ലഭ്യമാകുമെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ അധികമാണിത്. ഇതുവഴി രാജ്യത്തെ വാക്സിൻ ഡോസുകളുടെ കുറവ് പരിഹരിക്കാനും മന്ദഗതിയിലായ പ്രതിരോധ കുത്തിവയ്‌പ്പ് നടപടിയെ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ കോവിഡ് വാക്‌സിന്റെ 216 കോടി ഡോസുകൾ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞിരുന്നു. പൂർണമായും ഇന്ത്യക്കും ഇന്ത്യക്കാർക്ക് വേണ്ടിയായിരിക്കും ഇതെന്നും എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും എന്നകാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിജയകരമായി നടപ്പാക്കിയാൽ പുതുവർഷത്തോടെ കോവിഡിനെ പിടിച്ചുകെട്ടാൻ രാജ്യത്തിന് സാധിക്കുമെന്നണ് വിലയിരുത്തുന്നത്.

കോവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്സിനുകളെക്കൂടി വാക്സിനേഷൻ പദ്ധതിയുടെ രൂപരേഖയിൽ വി.കെ പോൾ പരാമർശിച്ചിരുന്നു. ബയോഇ (BioE), സിഡസ് കാഡില (Zydus Cadila), നോവവാക്സ് (Novavax), ഭാരത് ബയോടെകിന്റെ മൂക്കിലൂടെ നൽകുന്ന വാക്സിൻ, ജെന്നോവ (Gennova), റഷ്യയുടെ സ്പുട്‌നിക് വി എന്നിവരാണ് മറ്റുള്ളവ. ഇതിൽ റഷ്യയിലെ ഗമേലയ നാഷണൽ സെന്റർ വികസിപ്പിച്ച സ്പുട്‌നിക് വി വാക്‌സിന് അനുമതി ലഭിച്ചിരുന്നു. അടുത്തയാഴ്ച ആദ്യം മുതൽ രാജ്യത്തുടനീളം പൊതുവിപണിയിൽ ഇത് ലഭ്യമാകും.

പട്ടികയിൽ ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ചൈനയുടെ സിനോഫാം എന്നീ വാക്‌സിനുകളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിൻ നിർമ്മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വി.കെ പോൾ പറഞ്ഞിരുന്നു. ഇന്ത്യയിൽ വാക്‌സിൻ ലഭ്യമാക്കാൻ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ടെന്നും എന്നാൽ വാക്‌സിൻ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.