- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമാരി പടരുമ്പോഴും മാനവരാശിക്ക് പ്രതീക്ഷയേകി വാക്സിൻ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലേക്ക്; ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്; പരീക്ഷണം വിജയകരമായാൽ വാക്സിൻ ജനങ്ങളിലെത്തുക ഡിസംബറോടെ; ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്ക് പ്രഹരശേഷി കുറഞ്ഞെന്നും ഗവേഷകർ
കൊച്ചി: കോവിഡ് മഹാമാരി ശമനമില്ലാതെ വ്യാപനം തുടരവെ മാരക വൈറസിനെതിരായ വാക്സിൻ പരീക്ഷണങ്ങളും സജീവം. ഓക്സ്ഫഡ് കോവിഡ് വാക്സിനായ ‘കോവി ഷീൽഡ്' ന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം ഇന്ത്യയിൽ തുടങ്ങി. മൂന്നാം ഘട്ട പരീക്ഷണം വിജയകരമായാൽ ഡിസംബറോടെ വാക്സിൻ ജനങ്ങളിൽ എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതരും ആരോഗ്യപ്രവർത്തകരും ഗവേഷകരും. വാക്സിൻ പരീക്ഷണങ്ങളിൽ ഇന്ത്യയിലെ പങ്കാളികളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒമ്പത് സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലായാണ് പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 100 പേരിലും മൂന്നാം ഘട്ടത്തിൽ 1500 പേരിലും വാക്സിൻ പരീക്ഷിക്കും.
പരീക്ഷണത്തിൽ പങ്കാളികളാകുന്നവർക്ക് ആദ്യത്തെ ഡോസ് നൽകി 28 ദിവസത്തിനു ശേഷം രണ്ടാമതൊരു ഡോസ് കൂടി കുത്തിവയ്ക്കും. തുടർന്ന് 28 ദിവസം കൂടി നിരീക്ഷണ കാലാവധിയുണ്ട്. ഈ കാലയളവിൽ ഇവരുടെ ശരീരത്തിലുണ്ടാകുന്ന പാർശ്വഫലങ്ങൾ, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യത്യാസം, ആന്റിബോഡികളുടെ ഉൽപാദനം തുടങ്ങിയവയെല്ലാം വിലയിരുത്തും.ആദ്യ ഡോസ് കുത്തിവച്ച് 56 ദിവസത്തിനു ശേഷം തയാറാക്കുന്ന റിപ്പോർട്ട് പരീക്ഷണ കേന്ദ്രങ്ങളിൽ നിന്നു നേരിട്ടു കേന്ദ്ര സർക്കാരിനു സമർപ്പിക്കും. ഇതു വിലയിരുത്തിയാണു പരീക്ഷണത്തിന്റെ ജയപരാജയങ്ങൾ നിർണയിക്കുക. പരീക്ഷണം വിജയമാണെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തിക്കാമെന്നാണു സിറം അധികൃതരുടെ പ്രതീക്ഷ.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗാവി വാക്സിൻ എന്നിവയുമായി അടുത്തിടെ ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 250 രൂപയ്ക്കു വാക്സീൻ വിപണിയിൽ എത്തിക്കാനാവുമെന്നു സിറം ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ പറഞ്ഞു. പ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി വാക്സീൻ ലഭ്യമാക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ കോവിഡ് പ്രതിരോധപ്രവർത്തകർക്കു മുൻഗണന ലഭിക്കും. ഇതിനായി 50 ലക്ഷം ഡോസ് ലഭ്യമാക്കാനാണു കേന്ദ്രത്തിന്റെ ശ്രമം.
അതിനിടെ, കോവിഡ് വൈറസിന്റെ തീവ്രത കുറയുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വ്യാപന ശേഷി വർധിക്കുന്നുണ്ട് എങ്കിലും മരണനിരക്ക് കുറവാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. പെട്ടെന്നു പടരുമെന്നല്ലാതെ മനുഷ്യജീവനു ഭീഷണിയാകുന്ന വിധം പ്രവർത്തിക്കാൻ കോറോണ വൈറസിന് കഴിയുന്നില്ല എന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 17നാണ് മലേഷ്യയിൽ അതിവേഗം പടരാൻ ശേഷിയുള്ള ഡി614ജി എന്ന കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയിൽനിന്നു മടങ്ങിയെത്തിയ ഒരു ഹോട്ടൽ ഉടമയിൽനിന്ന് ഒരു പ്രത്യേക മേഖലയിൽ രോഗം പടർന്നതെന്നാണു കരുതുന്നത്.
എന്നാൽ ഡി614ജി പുതിയ വൈറസായിരുന്നില്ല. നേരത്തേത്തന്നെ ചൈനയിലും ഇന്ത്യയിലും ഉൾപ്പെടെ വ്യാപകമായി ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ ലോകത്തിലെ 97% വൈറസ് സാംപിളുകളിലും ഇവയുണ്ടായിരുന്നു. എന്നാൽ ഇവയുടെ വരവോടെയാണ് ലോകത്തു പലയിടത്തും മരണനിരക്കിൽ വൻ കുറവുണ്ടായതെന്ന് സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി ആശുപത്രി സീനിയർ കൺസൽട്ടന്റ് പോൾ ടാംബ്യാ പറയുന്നു. പെട്ടെന്നു പടരുമെങ്കിലും വൈറസ് മരണത്തിനു കാരണമാകില്ല എന്നതു നല്ല കാര്യമാണെന്നും പകർച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന രാജ്യാന്തര കൂട്ടായ്മയുടെ അധ്യക്ഷൻ കൂടിയായ അദ്ദേഹം പറയുന്നു.
ജനിതക പരിവർത്തനം സംഭവിക്കുന്ന മിക്ക വൈറസുകളിലും ആക്രമണശേഷി കുറവാണെന്നതാണു പൊതുവെ കാണപ്പെടുന്നത്. സുരക്ഷിതമായിരിക്കാൻ ഒരിടം വേണമെന്നതിനായിരിക്കും ആ സമയത്ത് വൈറസിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. അതിനാൽത്തന്നെ മരണത്തിലേക്കു നയിക്കാവുന്ന സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾ അവ രോഗികളിലുണ്ടാക്കില്ലെന്നും പോൾ പറയുന്നു. ഫെബ്രുവരി മുതൽ കൊറോണവൈറസിലെ ജനിതക മാറ്റം ഡബ്ല്യുഎച്ച്ഒ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുതരമായ അവസ്ഥയിലേക്ക് ഇതൊരിക്കലും നയിക്കുന്നില്ലെന്ന് സംഘടനയും സമ്മതിക്കുന്നു.
ജനുവരി മുതൽ മാർച്ച് വരെ സിംഗപ്പൂരിൽ പടർന്ന വൈറസിനെ പഠനവിധേയരാക്കിയ ഗവേഷകരും സമാന നിഗമനത്തിലെത്തിയിരുന്നു. രക്തത്തിൽ ഓക്സിജൻ കുറയുകയെന്ന കോവിഡിന്റെ ഏറ്റവും ഗുരുതര ലക്ഷണങ്ങളിലൊന്നിന് ഈ വൈറസ് കാരണമാകുന്നില്ലെന്നും കണ്ടെത്തി. മാത്രവുമല്ല, അതിശക്തമായ രീതിയിൽ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാൻ ശരീരത്തിനു ശേഷിയുണ്ടാക്കാനും വൈറസിന് കഴിയുമായിരുന്നു.
മറുനാടന് ഡെസ്ക്