- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യ വാക്സീൻ സ്വീകരിച്ചതിന് പിന്നാലെ തലവേദന; മാറാതെ വന്നതോടെ ആശുപത്രിയിൽ ചികിത്സ തേടി; ഇതിനിടെ മസ്തിഷ്കാഘാതം; തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിൽ ആകാൻ കാരണം കോവിഡ് വാക്സീനെന്ന് പരാതി; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം
പത്തനംതിട്ട: ലോകത്തെമ്പാടുമുള്ള കോവിഡ് വാക്സിനുകൾ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിൽ ഇനിയും കൃത്യമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. പൊതുവേ സുരക്ഷിതമെന്ന് പറയുമ്പോഴും പല രാജ്യങ്ങളിലും കോവിഡ് വാക്സിൻ എടുത്ത ശേഷം പലവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവരെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. രക്തം വേഗത്തിൽ കട്ടപിടിക്കുന്നു എന്ന പരാതിയാണ് ചില കോവിഡ് വാക്സിനുകളെ കുറിച്ച് ഉയർന്നു കേട്ടത്. കേരളത്തിൽ ഇതുവരെ കോവിഡ് വാക്സിൻ എടുത്ത ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന പരാതികൾ ഉയർന്നിരുന്നില്ല. ഇപ്പോൾ അത്തരത്തിൽ ഗൗരവമുള്ള ഒരു പരാതി ആരോഗ്യ വകുപ്പി മുന്നിൽ എത്തിയിട്ടുണ്ട്.
കോവിഡ് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് പത്തനംതിട്ട നാരാങ്ങാനം സ്വദേശി യുവതി ഗുരുതരാവസ്ഥയിലായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ദിവ്യ ആർ.നായരാണ് അപകടനിലയിൽ കഴിയുന്നത്. ദിവ്യയുടെ ഭർത്താവ് ജിനു ജി.കുമാർ കലക്ടർക്ക് ഇതു സംബന്ധിച്ചു പരാതി നൽകി.
പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറി. രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്സീൻ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി.
ഇവിടെ ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവ്യയെ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭർത്താവ് ദിവ്യയുടെ അസുഖത്തെ തുടർന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവർക്കുള്ളത്. കാട്ടൂരിൽ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയിൽ എത്തിയതിന്റെ ആശങ്കയിലാണ് കുടുംബം. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്സീനെ തുടർന്നുള്ള പ്രശ്നങ്ങളാണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്