- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെച്ചൂച്ചിറയിൽ രണ്ട് ഡോസ് എടുത്തപ്പോൾ പ്രമേഹ രോഗിയുടെ മുഖത്ത് വന്നത് നീര്; മാതൃകാപരമായി തെറ്റു ചെയ്തവരെ ശിക്ഷിക്കാത്ത ആരോഗ്യ വകുപ്പ് കാരക്കണ്ടിയിലെ നിസാറിന്റെ ഭാര്യയെ പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാക്കി; റജിലയ്ക്ക് വിനയായത് ആയഞ്ചേരിയിലെ നേഴ്സിന്റെ വീഴ്ച
കോഴിക്കോട്: ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്സീൻ നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും. വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വീഴ്ചയാണ്.
വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് വാക്‌സിനേഷനിടെയും സമാന പരാതി ഉയർന്നിരുന്നു. ഒരാൾക്ക് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ മരുന്ന് കുത്തിവച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അവകാശവാദം പൊളിഞ്ഞിരുന്നു. ഇരട്ട വാക്‌സിനേഷൻ നടന്നുവെന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. എന്നാൽ, വാക്‌സിൻ ശരീരത്ത് കടന്നിട്ടില്ലെന്ന അവകാശവാദത്തിൽ കടിച്ചു തൂങ്ങുകയായിരുന്നു അധികൃതർ. വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടിൽ എൻകെ. വിജയനാണ് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു ഡോസ് വാക്‌സിനും കുത്തി വച്ചത്. ഇതേ ന്യായം തന്നെയാണ് ആയഞ്ചേരിയിലും തെറ്റുകാർ പറയുന്നത്.
പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്ഥതയുണ്ടെന്നും നിസാർ പറഞ്ഞു. ചൊവ്വ വൈകിട്ട് മുന്നേകാലോടെ ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് റജിലയും നിസാറും വാക്‌സീൻ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് എന്തിനെന്ന് അപ്പോൾ തന്നെ ചോദിച്ചിരുന്നെന്ന് നിസാർ പറഞ്ഞു. കുത്തിവയ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂർ അവിടെ നിർത്തിയതിനു ശേഷമാണ് വിട്ടത്. രണ്ട് ഡോസ് വാക്സിൻ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോൾ അതിനു ആർഎംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.
രണ്ടു തവണ കുത്തിയെങ്കിലും ഒരു തവണ മാത്രമാണ് വാക്സീൻ നൽകിയതെന്നാണ് ആയഞ്ചേരി സിഎച്ച്സി മെഡിക്കൽ ഓഫിസറിൽ നിന്ന് ലഭിച്ച മറുപടിയെന്നു ഡിഎംഒ ഡോ. വി.ജയശ്രീ പറഞ്ഞു. ഈ സാഹചര്യത്തിൽ അന്വേഷണം തുടരും. ശാസ്ത്രീയ പരിശോധനയോടെ രണ്ടു തവണ വാക്‌സിൻ കൊടുത്തോ എന്ന് കണ്ടെത്താനാകും ശ്രമം. വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വെച്ചൂച്ചിറ പഞ്ചായത്ത് 15ാം വാർഡിൽ അച്ചടിപ്പാറയിലെ പാരിഷ് ഹാളിൽ നടന്ന ക്യാമ്പിലാണ് ഇതിന് സമാനമായ ആദ്യ സംഭവം ഉണ്ടായത്. ആദ്യ ഡോസ് വാക്‌സിൻ എടുത്ത ശേഷം നിരീക്ഷണ കേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന വിജയനെ രണ്ടാമതൊരു നഴ്‌സ് എത്തി കുത്തി വയ്ക്കുകയായിരുന്നുവെന്ന് പറയുന്നു.
സംഭവം വിവാദമായതോടെ ഡിഎംഓ അന്വേഷണത്തിന് ഉത്തരവിട്ടു. വാക്‌സിൻ വിതരണത്തിന്റെ ചുമതലയുള്ള ആർസിഎച്ച് ഓഫീസർ സന്തോഷിനോടാണ് ഡിഎംഓ റിപ്പോർട്ട് തേടിയത്. കുത്തിവച്ചെങ്കിലും വാക്‌സിൻ ഉള്ളിലെത്തിയില്ല എന്ന നിലപാടിലായിരുന്നു നഴ്‌സ്. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ തെളിവെടുപ്പിലാണ് കുത്തിവയ്പ് നടന്നതായി സ്ഥിരീകരിച്ചത്. വെച്ചൂച്ചിറ സി.എച്ച്.സിയിലെ ഡോക്ടർ ആശിഷ് പണിക്കരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ലെൻസുപയോഗിച്ചുള്ള പരിശോധനയിൽ രണ്ടു തവണ കുത്തിവെപ്പെടുത്ത പാടുകൾ കണ്ടെത്തി. എന്നാൽ അധിക ഡോസ് ശരീരത്തിലെത്തിയിട്ടില്ലെന്ന നിലപാടാലാണ് അധികൃതർ. ആദ്യ ഡോസ് എടുത്തെന്നറിഞ്ഞപ്പോൾ തന്നെ സിറിഞ്ചിൽ നിറച്ച അധിക ഡോസ് നശിപ്പിച്ചതായും വേസ്റ്റ്ബിന്നിൽ നിക്ഷേപിച്ചതായും അവർ അവകാശപ്പെട്ടു.
കുത്തിവയ്‌പെടുത്ത രണ്ടു പാടുകൾ കണ്ടെത്തിയതോടെ വെച്ചൂച്ചിറ ആശുപത്രിയിൽ നിന്നും ആരോഗ്യപ്രവർത്തകരെത്തി വിശദപരിശോധന നടത്തി. പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധികളും സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ തെളിവെടുപ്പിൽ ജീവനക്കാർക്കനുകൂലമായ നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും തങ്ങളുടെ മൊഴി കൃത്യമായി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആക്ഷേപമുന്നയിച്ചു. താൻ കുത്തിവയ്പ് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുന്നതിന് മുൻപ് നഴ്‌സ് കുത്തി വച്ചു കഴിഞ്ഞുവെന്നാണ് വിജയൻ പറയുന്നത്. രണ്ടു കുത്തിവയ്പും കഴിഞ്ഞതോടെ പ്രമേഹ രോഗിയായ വിജയന്റെ മുഖത്ത് നീരു വന്നതായി ബന്ധുക്കൾ പറയുന്നു. അബദ്ധം മനസിലാക്കിയ നഴ്‌സ് താൻ കുത്തിവച്ച ഭാഗത്തെ മരുന്ന് ഞെക്കിക്കളഞ്ഞുവെന്ന് വിജയനോട് പറഞ്ഞുവത്രേ.
വിവിധ രോഗങ്ങൾ ഉള്ളയാൾക്ക് രണ്ടു ഡോസ് മരുന്ന് കുത്തിവച്ചത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. ഇത് വെച്ചൂച്ചിറയിലും തെളിഞ്ഞു. വടകരയിലുണ്ടായ അബന്ധവും ചൂണ്ടിക്കാണിക്കുന്നത് വാക്‌സിനേഷനിൽ അലംഭാവം പാടില്ലെന്ന മുന്നറിയിപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ