കൊച്ചി: ടൈം മാഗസിനിൻ ലോകത്തെ 50 കാണേണ്ട സ്ഥലങ്ങളിൽ ഒന്നായി ഇടം പിടിച്ചിരിക്കുകയാണ് കേരളം. എന്നാൽ വിദേശികൾക്ക് രാജ്യത്തെക്ക് എത്താനുള്ള കോവിഡ് വിസ നിയന്ത്രണങ്ങൾ കാരണം സഞ്ചാരികൾക്ക് എത്താൻ സാധിക്കുന്നില്ല. വിനോദസഞ്ചാരമേഖലയുടെ സീസൺ ആരംഭിക്കാൻ പോകുന്ന ഈ സമയത്ത് വലിയപ്രതിസന്ധിയാണ് ഇത്തരം വിലക്കുകളാൽ ഉടലെടുത്തിരിക്കുന്നത്.

കേരളത്തിലെത്തുന്ന വിദേശികളിൽ ഭൂരിപക്ഷവും കൊച്ചിയിൽ എത്തിയാണ് യാത്രകൾ ആരംഭിക്കുന്നത്. എന്നാൽ വിദേശ സഞ്ചാരികളുടെ തിരക്ക് കാണപ്പെടുന്ന കൊച്ചിയിലെ പ്രധാനവിനോദസഞ്ചാര മേഖലകളായ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി ഭാഗങ്ങളിൽ വിദേശസഞ്ചാരികളുടെ എണ്ണം പരിമിതമാണ് നിലവിൽ. കൊവിഡിന് ശേഷമുള്ള ആദ്യ സീസൺ എത്താൻ ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റിലെ നെഹ്റു ട്രോഫി വള്ളം കളിയോടെ സഞ്ചാരികൾ എത്തി തുടങ്ങും എന്നാണ് പ്രതീക്ഷ. എന്നാൽ പിൻവലിച്ചിട്ടില്ലാത്ത വിസാ നിയന്ത്രണങ്ങൾ. വലിയ ആശങ്കയിലാണ് കൊച്ചിയിലെ വിനോദസഞ്ചാര മേഖല.

ഹോട്ടലുകളും ഹോംസ്റ്റേ സംരംഭകരും വലിയ ഒരുക്കങ്ങൾ നടത്തി കാത്തിരിക്കുകയാണ്. ടൂറിസത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വലിയ വിഭാഗമാണ് കൊച്ചിയിലുള്ളത്. ആഡംബരഹോട്ടലുകൾ മുതൽ വഴിയോരകച്ചവടക്കാർ വരെ ഇതിന്റെ ഭാഗമാണ്. പ്രത്യേകിച്ച് മട്ടാഞ്ചേരി,ഫോർട്ട് കൊച്ചിയിലെ തെരുവുകൾ. അവരുടെ ഉത്സവനാളുകൾക്കാണ് യാത്രാവിലക്ക് വഴിമുടക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും ബുക്കിങുകളും തികച്ചും നിലച്ച മട്ടിലാണ് എന്ന് ഹോട്ടൽ ശ്യംഖലയിൽ നിന്നുള്ള വിവരങ്ങൾ.

വളരെ നേരത്തെ ബുക്ക് ചെയ്ത് എത്തുന്നവരാണ് വിദേശസഞ്ചാരികൾ അതിനാൽ ബുക്കിങ് നടക്കാത്തത് ഈ സീസണിൽ കാര്യമായ തിരിച്ചടിയാണ് സംഭവിക്കുക എന്നാണ് വിലയിരുത്തൽ. സ്ഥിരമായി ഈ സീസണിൽ കേരളത്തിൽ ത്തി കൊച്ചിയിൽ ക്രിസ്മസും ന്യൂയറും ആഘോഷിക്കുന്ന വിദേശികൾ ഹോംസ്റ്റേകളിൽ വിളിച്ച് സുഖവിവരങ്ങൾ തിരക്കി വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നു എങ്കിലും ഇത്തവണ എത്തുന്നില്ലെന്നാണ് അവർ അറിയിക്കുന്നത്.

യു.കെയിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ കേരളത്തിൽ എത്തുന്നത്. കേരളം യു.കെയിലെ സഞ്ചാരികളുടെ രണ്ടാം വീട് എന്നാണ് അറിയപ്പെടുന്നത്. വിസാ നിയന്ത്രണം മാത്രമാണ് ഇവരുടെ വരവിന്റെ ഏകതടസം. ഇപ്പോൾ അവധിആഘോഷിക്കുന്ന ഫ്രാൻസ് ,സ്പെയിൽ എന്നീ രാജ്യങ്ങളിലെ സഞ്ചാരികളുടെ ഒഴുക്ക് കേരളത്തിൽ എത്തേണ്ട ഈ സമയത്ത് അവരുടെയും വരവില്ലാത്തത് സീസൺ ഇടിയും എന്ന് തന്നെയാണ് മുന്നറിയിപ്പ് നൽകുന്നത്.

ഇപ്പോൾ വിലക്ക് നീക്കിയാൽ ഡിസംബറിൽ നടക്കുന്ന ബിനാലയിൽ എങ്കിലും സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന് വിനോദസഞ്ചാരമേഖല പ്രതീക്ഷിക്കുന്നത്. കേരളാ സർക്കാർ ഇപ്പോൾ വിവിധ ഇടങ്ങളിൽ വള്ളംകളി സംഘടിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുക എന്ന പദ്ധതി ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതിനാൽ തന്നെ വിസാ നിയമങ്ങളിലെ വിലക്ക് നീക്കുവാൻ സംസ്ഥാന സർകാർ ഇടപെടട്ട് കേന്ദ്രത്തെ അറിയിക്കും എന്നാണ് ടൂർ പാക്കേജ് ഓപ്പറേറ്റർമാർ വിശ്വസിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികളുടെ വരവ് മുൻകാലങ്ങളിൽ ഇല്ലാത്തത് പൊലെ കാണപ്പെടുന്നുണ്ട് അതുകൊണ്ടാണ് വിനോദസഞ്ചാരമേഖല ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. ടൈംമാഗസിന്റെ ലിസ്റ്റിൽ കേരളം ഇടംപിടിച്ചത് വിലക്ക് നീങ്ങി വിദേശികൾ എത്തുകയും സീസൺ കൊഴുക്കുകയും ചെയ്യാനുള്ള ആദ്യപടിയാണെന്ന് കൊച്ചിയിലെ വിനോദസഞ്ചാരമേഖല വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് കേരളം എന്നാണ് ടൈം മാഗസിനിൽ കേരളത്തെ പറ്റി പറയുന്നത്. 2022 ൽ യാത്ര ചെയ്യേണ്ട 50 സ്ഥലങ്ങളിൽ ഒന്നായ കേരളത്തിൽ കാരവാൻ ടൂറിസം, വാഗമണ്ണിലെ കാരവാൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ കാണേണ്ട സ്ഥലങ്ങളെ പറ്റിയും മാഗസിൻ വിശദീകരിക്കുന്നുണ്ട്. അഹമ്മദാബാദാണ് ഇന്ത്യയിൽ നിന്നും ഇടം പിടിച്ച മറ്റൊരു സ്ഥലം. സയൻസ് സിറ്റി, സബർമതി ആശ്രമം എന്നിവിടങ്ങളാണ് അഹമ്മദാബാദിൽ കാണേണ്ട സ്ഥലങ്ങൾ എന്നും ടൈം മാഗസിൻ പറയുന്നു.