ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്ക നിലനിൽക്കെ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കുമ്പോൾ കുട്ടികൾക്കു കോവിഡ് വാക്‌സീൻ എടുക്കാൻ 63% രക്ഷിതാക്കൾ തയാറാണെന്നു റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള വർധമാൻ മഹാവീർ കോളജ് ആൻഡ് സഫ്ദർജങ് ആശുപത്രി നടത്തിയ സർവേയിലെ കണ്ടെത്തലുകൾ ഫാമിലി മെഡിസിൻ ആൻഡ് ഫാമിലി ഹെൽത്ത് കെയർ ജേണലിലാണു പ്രസിദ്ധീകരിച്ചത്.

കുട്ടികൾക്ക് ഓറൽ വാക്‌സീൻ ആവശ്യമാണെന്ന് 44.3% പേരും ഇൻജക്ഷനാണു വേണ്ടതെന്ന് 55.6% പേരും അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സൈഡസ് കാഡിലയുടെ സൈകോവ്ഡി വാക്‌സീൻ 12 മുതൽ 17 പ്രായക്കാരിലെ അടിയന്തര ഉപയോഗത്തിന് ഓഗസ്റ്റ് 20ന് അനുമതി നൽകിയിരുന്നു.

പൊതുവെ വാക്‌സിനേഷനോടു 70.44% പേർ അനുകൂല മറുപടി അറിയിച്ചപ്പോൾ, 29.55% പേർ വിമുഖത പ്രകടിപ്പിച്ചു. സർവേയിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകരിൽ 72.58% പേർ തങ്ങളുടെ കുട്ടികൾക്കും കുത്തിവയ്പ് നൽകുമെന്നു പറഞ്ഞു; 27.41% പേർ താൽപര്യം കാണിച്ചില്ല. ആരോഗ്യ പ്രവർത്തകർ, പ്രഫഷണലുകൾ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയാണു സർവേയിൽ പങ്കെടുത്തതെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കുട്ടികൾക്കു കുത്തിവയ്പ് എടുക്കുന്നതിനെപ്പറ്റി പൊതുവെ ആളുകൾക്കു അനുകൂല കാഴ്ചപ്പാടാണെന്നു വർധമാൻ മഹാവീർ കോളജ് ആൻഡ് സഫ്ദർജങ് ആശുപത്രി കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ജുഗൽ കിഷോർ പറഞ്ഞു. 'കോവിഡിനെതിരായി കുട്ടികളുടെ കുത്തിവയ്പിന് 63.1% ആളുകൾ തയാറാണെന്നതു നല്ല വാർത്തയാണ്. ഇതു വാക്‌സിനേഷൻ വേഗത്തിൽ നടത്താൻ സഹായിക്കും' ഡോക്ടർ പറഞ്ഞു.