- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിൻ പോർട്ടലിലെ സ്പോട്ട് തിരിച്ചിൽ ഭാഗ്യപരീക്ഷണം; ഡാറ്റാ വിശകലനത്തിന് ആപ്പുകളും; സ്ലോട്ടുകളുടെ താരതമ്യത്തിൽ കേരളം ഏറെ പിന്നിൽ; കോവിൻ പോർട്ടലിൽ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്യുന്നതെപ്പോൾ എന്ന് ടെലിഗ്രാം ആപ്പ് പറഞ്ഞു തരുമ്പോൾ
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ കേരളത്തിൽ കാര്യക്ഷമം അല്ലെന്ന വിലയിരുത്തലുകൾ സജീവം. ഡാറ്റ വിശകലനം ചെയ്യുന്നതിന് പല ആപ്പുകൾ ലഭ്യമാണ്. ഈ ആപ്പുകളിലെ വിശകലനമാണ് ഇത്തരമൊരു സന്ദേശം നൽകുന്നത്.
വാക്‌സീനായി കോവിൻ പോർട്ടലിലെ തിരച്ചിൽ ഭാഗ്യപരീക്ഷണമാണ്. ആർക്കും ബുക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥ. ആശുപത്രികൾ ബുക്കിങ് സ്ലോട്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്നത് എപ്പോഴെന്ന് അറിയാത്തതാണ് ഇതിന് കാരണം. വാക്‌സിൻ വേണ്ടവർ ഈ വിവരം തിരിച്ചറിയാനായി ബദൽ ടെക് പ്ലാറ്റ്‌ഫോമുകളെ വൻതോതിൽ ആശ്രയിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചെന്നൈയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസ് വികസിപ്പിച്ച above45.in, under45.in എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് കീഴിലുള്ള 1256 ടെലിഗ്രാം ഗ്രൂപ്പുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് 30.6 ലക്ഷമായി. കേരളത്തിൽ മാത്രം 1.78 ലക്ഷം പേരാണ് ഇതിന്റെ വരിക്കാർ. 45 വയസ്സിനു താഴെയുള്ള 1.21 ലക്ഷം പേരും 45 വയസ്സിനു മുകളിൽ 57,024 പേരുമാണുള്ളത്. എല്ലാവരും വിവരം അറിയാനാണ് ഇവിടെ എത്തുന്നത്. കോവിൻ പോർട്ടലിൽ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്യുന്നതെപ്പോൾ എന്ന് ടെലിഗ്രാം ആപ്പിൽ നോട്ടിഫിക്കേഷൻ ആയി എത്തുന്ന പല പ്ലാറ്റ്‌ഫോമുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ബെർട്ടിയുടേത്.
ഇത്തരം സമാന്തര പ്ലാറ്റ്‌ഫോമുകളിലൂടെ സ്ലോട്ട് അപ്‌ഡേഷൻ വിവരമറിഞ്ഞ് ബുക്ക് ചെയ്യാൻ ആളുകൾ തിരക്കിടുന്നതിനാൽ സെക്കൻഡുകൾക്കുള്ളിൽ സ്ലോട്ടുകൾ തീരുന്ന അവസ്ഥയുണ്ട്. ഇത്തരം സംവിധാനങ്ങളില്ലാതെ കോവിൻ പോർട്ടലിൽ തിരഞ്ഞാൽ ബുക്കിങ് സാധ്യത നന്നേ കുറവാണ്. വാക്‌സീൻ ബുക്കിങ് ഡിജിറ്റൽ വിദ്യകൾ നന്നായി ഉപയോഗിക്കാൻ അറിയാവുന്നവരും അറിയാത്തവരും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഇന്നലെ വൈകിട്ട് 6 വരെ കോവിൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ട വാക്‌സീൻ സ്ലോട്ടുകളുടെ എണ്ണത്തിലെ താരതമ്യം. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ലോട്ടുകൾ വളരെ കുറവെന്ന് ബെർട്ടി തോമസിന്റെ ഡേറ്റ വിശകലനം വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ടവ മാത്രമാണു കണക്കിലുള്ളത്. ഇതു പ്രകാരം 45 വയസ്സിനു മുകളിൽ കേരളത്തിൽ 9,300 ബുക്കിങ്. ബംഗളൂരുവിൽ ഇത് 2.4 ലക്ഷവും. 45 വയസ്സിനു താഴെ കേരളത്തിൽ 2,000 വാക്‌സിനേഷൻ. മധ്യപ്രദേശിൽ ഇത് 20,000ത്തിന് മുകളിലാണ്.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം മുതൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവയ്പ് നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ദിവസേനയുള്ള കുത്തിവയ്‌പ്പുകൾ എങ്ങനെ വർധിപ്പാക്കാമെന്നതിനേക്കുറിച്ച് സർക്കാർ വൃത്തങ്ങൾ ചർച്ചകൾ നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് കേരളത്തിൽ വാക്‌സിനേഷൻ സ്ലോട്ടുകളുടെ കുറവും ചർച്ചയാകുന്നത്.
'ഓഗസ്റ്റ് മാസത്തോടെ നമുക്ക് പ്രതിമാസം 20-25 കോടി വാക്സിൻ ഡോസുകൾ ലഭിക്കും. മറ്റൊരു 5-6 കോടി ഡോസുകൾ മറ്റ് ഉൽപാദന യൂണിറ്റുകളിൽ നിന്നോ അല്ലെങ്കിൽ അന്തർദ്ദേശീയ വാക്സിൻ ഉത്പാദകരിൽനിന്നോ പ്രതീക്ഷിക്കുന്നു. പ്രതിദിനം ഒരു കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്' - കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് ചെയർപേഴ്‌സൺ എൻ.കെ അറോറ പറഞ്ഞു. ഇതോടെ കേരളത്തിലും പ്രശ്‌നം തീരുമെന്നാണ് വിലയിരുത്തൽ.
കോവിഷീൽഡ് നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോവാക്സിൻ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് എന്നിവരിൽനിന്ന് കൂടുതൽ വാക്സിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ജൂലൈ പകുതി മുതൽ പ്രതിദിനം ഒരു കോടി വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ പ്രാദേശിക ഉൽപാദനവും ഉടൻ ആരംഭിക്കുന്നതിനാൽ ഇതും വലിയ അളവിൽ ലഭ്യമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യൻ മാർക്കറ്റിലെത്തിയാൽ ലഭ്യത ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം ഇതുവരെ 23 കോടി കോവിഡ് വാക്സിൻ ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്ൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്. സൗജന്യമായും സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്നതുമടക്കം 23,18,36,510 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങള്ൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 21,51,48,659 ഡോസുകളാണ് മൊത്തം ഉപഭോഗമെന്നും കേന്ദ്രം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ