- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനെ വിശ്വസിച്ചു ചാടി പുറപ്പെട്ട ഇന്ത്യ കാട്ടിയത് വൻ അബദ്ധമോ? യൂറോപ്യൻ യൂണിയന് പുറമെ അമേരിക്കയും ഓക്സ്ഫോർഡ് വാക്സിനെ തള്ളിപ്പറയുന്നു; അസ്ട്രസെനെക വാക്സിൻ സ്വീകരിച്ചവർക്ക് വിലക്കുണ്ടായേക്കും; ഫൈസറിനോട് നോ പറഞ്ഞ ഇന്ത്യ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
ലണ്ടൻ: യൂറോപ്യൻ യൂണിയനു പിന്നാലെ അമേരിക്കയും അസ്ട്രസെനെക വാക്സിനെ തള്ളിപ്പറഞ്ഞതോടുകൂടി ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളാണ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. അസ്ട്രസെനെക വാക്സിൻ എടുത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഇതോടെ ഉയർന്ന് വന്നിരിക്കുന്നത്. നേരത്തേ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് കനത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഡെൽറ്റ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
വരുന്ന വേനലവധിയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവേകുവാൻ അമേരിക്കയ്ക്കും ബ്രിട്ടനും ഇടയിൽ ഒരു യാത്രാ ഇടനാഴി രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടെ വിജയം കാണില്ല എന്ന നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് ജൂലായിൽ നടക്കാനിരുന്ന ചർച്ചകൾ ആഗസ്റ്റിലേക്കോ സെപ്റ്റംബറിലേക്കോ മാറ്റിയേക്കും. ബ്രിട്ടനിൽ ഡെൽറ്റ വൈറസ് വ്യാപിക്കുന്നതും ഒപ്പം അമേരിക്കൻ രാഷ്ട്രീയത്തിലെ ചില സങ്കീർണ്ണതകളുമാണ് ഇതിന് നിർബന്ധിതമാക്കുന്നത്. അസ്ട്രസെനെക വാക്സിന് അമേരിക്ക ഇനിയും അനുമതി നൽകിയിട്ടില്ല എന്നതും ഇതിനൊരു കാരണമാണ്.
നിലവിൽ അസ്ട്രസെനെകയെ അമേരിക്ക അംഗീകരിക്കാത്തതിനാൽ, അത് സ്വീകരിച്ചവർക്ക് വാക്സിനേഷൻ എടുത്തവർക്കുള്ള പരിഗണന ഒന്നും തന്നെ ലഭിക്കുകയില്ല. അസ്ട്രസെനെകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനും ഇതേഗതിയാണ് ഉള്ളത്. ഇവിടെയാണ് ഇന്ത്യ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം വാക്സിൻ എന്നുപറഞ്ഞെത്തിയ കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇപ്പോൾ അസ്ട്രസെനെക കൂടി പ്രതിസന്ധിയിൽ ആകുന്നതോടെ വിദേശയാത്രയ്ക്ക് ഉദ്ദേശിക്കുന്ന ഇന്ത്യാക്കാർ ശരിക്കും വെള്ളത്തിൽ ആയിരിക്കുകയാണ്.
അതുപോലെ അതിവേഗത്തിൽ വാക്സിൻ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ബ്രിട്ടനേയും ഇത് പ്രതിസന്ധിയിലാക്കുന്നു. ഇപ്പോൾ തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ബ്രിട്ടീഷുകാർക്ക് മാത്രമാണ് സ്പെയിൻ യാത്രാനുമതി നൽകുന്നത്. അസ്ട്രസെനെകയുടെ വാക്സിന് അനുമതി ഇല്ലാതായതോടെ ഈ വാക്സിൻ എടുത്തവർക്ക് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നുകഴിഞ്ഞു.
ബ്രിട്ടനിൽ ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്നതിനാൽ യൂറോപ്യൻ യൂണിയനിൽ മുഴുവനുമായും ബ്രിട്ടീഷ് പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണം എന്ന അഭിപ്രായമാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിനും ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കലിനും. ഇന്ന് നടക്കാനിരിക്കുന്ന ഇ യു കോവിഡ് ഉച്ചകോടിയിൽ ഇവർ ഇക്കാര്യം ഉന്നയിക്കുമെന്നും കരുതുന്നു. ബ്രിട്ടീഷുകാരുടെ വേനൽക്കാല യാത്രയിൽ ഇതും ഒരു തടസ്സമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.