- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഷീൽഡ് വാക്സീന് കുറഞ്ഞ ഇടവേള; കിറ്റെക്സിന്റെ മാത്രം തീരുമാനമെന്ന് കേന്ദ്ര സർക്കാർ; തൊഴിലാളികളുടെ വ്യക്തിപരമായ അവകാശത്തിനു വിരുദ്ധമെന്നും ഹൈക്കോടതിയിൽ; കേസ് വിധി പറയാൻ മാറ്റിവച്ചു
കൊച്ചി: കോവിഷീൽഡ് വാക്സീൻ കുറഞ്ഞ ഇടവേളയിൽ നൽകണം എന്നത് കിറ്റെക്സിന്റെ മാത്രം തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. പണം നൽകിയുള്ള വാക്സീൻ ഇടവേള 28 ദിവസമായി വെട്ടിക്കുറച്ചതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ ഈ വാദം ഉന്നയിച്ചത്.
തൊഴിലാളികളുടെ വ്യക്തിപരമായ അവകാശത്തിനു വിരുദ്ധമാണ് ഇത്. പൗരന്മാർക്ക് മെച്ചപ്പെട്ട സംരക്ഷണമുറപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വാക്സീൻ ഇടവേളയിൽ കോടതി ഇടപെടരുതെന്നും വാദിച്ചു.
പെയ്ഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് 28 ദിവസം കഴിയുമ്പോൾ ബുക്കിങ്ങിനു സൗകര്യം ലഭിക്കും വിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെയാണ് സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വാക്സീൻ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നു നേരത്തേ കോടതിയിൽ അറിയിച്ചിരുന്നു. കേസ് വിധി പറയാനായി മാറ്റിവച്ചു.
രണ്ട് ഡോസ് കോവിഷീൽഡ് വാക്സിനേഷനുൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു. താൽപര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ.
തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്സിന്റെ ഹർജി. കോവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾവരുത്താൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ല.
രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണെന്നും വാക്സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇളവ് അനുവദിക്കാൻ കോടതി നിർദ്ദേശിച്ചത്.
വാക്സിൻ വൈകുന്നത് മൂലം സാധാരണക്കാർ ബലിയാടാകുന്ന അവസ്ഥയെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടിയിരുന്നു.വാക്സിനേഷൻ വേഗത്തിലാക്കാൻ കഴിയാതെ പോയ സർക്കാരിന്റെ വീഴ്ചക്ക് സാധാരണക്കാരായ ജനങ്ങൾ ബലിയാടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അശാസ്ത്രീയ നിലപാടുകൾ മൂലം വാക്സിനേഷൻ വൈകുന്നത് ഗുരുതരമായ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു. കിറ്റെക്സിലെ ജീവനക്കാർക്കായി 98 ലക്ഷം രൂപയുടെ 12,000 രണ്ടാം ഡോസ് കോവിഷീൽഡ് വാങ്ങിവെച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് അനുമതി നൽകാത്തതിനെ തുടർന്നായിരുന്നു കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ