- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയിലുടനീളം പണപ്പിരിവ്, കണ്ണു വെട്ടിക്കാൻ കന്നുകാലികളെ തിക്കിക്കയറ്റി കാബിനിലടച്ചു കടത്ത്; പുതിയ പാക്കിങ് തന്ത്രത്തിലൂടെ കേരളത്തിലെ തീന്മേശകളിൽ ചത്തുപഴകിയ മാട്ടിറച്ചി കൂടുന്നു
പാലക്കാട്: ലോറിയിൽ കന്നുകാലികളെ കുത്തിനിറച്ചു കൊണ്ടുപോകുമ്പോൾ പണപ്പിരിവിനായി പൊലീസ് കൈകാണിക്കുമെന്ന് ഉറപ്പ്. വഴിയിൽ എത്ര തവണ പൊലീസ് കൈകാണിക്കുമെന്നും ഒരു ഉറപ്പില്ല. കാണിക്കുമ്പോഴെല്ലാം വിതറേണ്ടത് പണം. ഒന്നുകിൽ പൊലീസ്, അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ്, അതുമല്ലെങ്കിൽ മ്യഗസ്‌നേഹം പറയുന്ന നാട്ടുകാർ, ഗോശാലകളിലേക്കെന്നു പറഞ്ഞ് കന്ന
പാലക്കാട്: ലോറിയിൽ കന്നുകാലികളെ കുത്തിനിറച്ചു കൊണ്ടുപോകുമ്പോൾ പണപ്പിരിവിനായി പൊലീസ് കൈകാണിക്കുമെന്ന് ഉറപ്പ്. വഴിയിൽ എത്ര തവണ പൊലീസ് കൈകാണിക്കുമെന്നും ഒരു ഉറപ്പില്ല. കാണിക്കുമ്പോഴെല്ലാം വിതറേണ്ടത് പണം.
ഒന്നുകിൽ പൊലീസ്, അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ്, അതുമല്ലെങ്കിൽ മ്യഗസ്‌നേഹം പറയുന്ന നാട്ടുകാർ, ഗോശാലകളിലേക്കെന്നു പറഞ്ഞ് കന്നുകാലികളെ തട്ടിക്കൊണ്ടു പോകുന്ന തമിഴ്‌നാട് സംഘങ്ങൾ... അങ്ങനെ വഴി മുഴുവൻ ചെക്ക് പോസ്റ്റായി മാറിയപ്പോൾ കന്നുകാലികളെ കടത്താൻ കച്ചവടക്കാർ പുതിയ തന്ത്രം കണ്ടെത്തി. കന്നുകാലികളെ പാക്ക് ചെയ്തു കടത്തുക. ജീവനില്ലാത്ത വസ്തുക്കൾ കടത്തുംപോലെ. പണ്ടു ബ്രിട്ടീഷുകാർ തടവുകാരെ ട്രെയിനിന്റെ വാഗണിലാക്കി കടത്തിയ വാഗൺ ട്രാജഡിക്ക് തുല്യമായാണ് കന്നുകാലികളെ കുത്തിനിറച്ച് കാബിനകത്ത് അതിക്രൂരമായി നടത്തുന്ന മൃഗക്കടത്ത്.
സാധാരണ ലോറികളിൽ കയറ്റുന്നതിന്റെ ഇരട്ടി കന്നുകാലികളെ പുതിയ രീതിയിൽ കയറ്റാം.കന്നുകാലികളുടെ കഴുത്ത് ഒടിഞ്ഞു തൂങ്ങുന്നതിന്റേയോ, മറ്റും ക്രൂരദ്യശ്യങ്ങൾ വണ്ടി പോകുന്ന വഴിയിലെ ജനം കാണില്ല. മൃതപ്രായമായി കിടക്കുന്ന കന്നുകാലികളുടെ പുറത്ത് മറ്റു കന്നുകാലികളെ കയറ്റിനിർത്താം. അടച്ചിട്ട കാബിനകത്തുനിന്ന് ശ്വാസം കിട്ടാതെയും വെള്ളം നൽകാതെയും ക്രൂരമായാണ് കൊണ്ടുപോകുന്നത്.ഒരു ചന്തയിൽനിന്ന് മറ്റൊരു ചന്തയിലേക്കോ, അറവുശാലയിലേക്കോ ഈ വിധത്തിലാണ് കൊണ്ടുപോകുന്നത്. കിലോമീറ്ററുകളും മണിക്കൂറുകളും ഈ കൂട്ടിൽ നിന്നാണ് യാത്ര. തുറന്ന ലോറിയിൽ കയറ്റുന്നതിന്റെ ഇരട്ടി കയറ്റിയാലും പുറം ലോകം അറിയാറില്ല.
വലിയ ലോറികളിൽ നാലുഭാഗത്തും മുകളിലും ടാർപ്പായ കൊണ്ടു മറച്ചുകെട്ടി മുറുക്കി മറച്ച ലോറികളിലാണ് ഇപ്പോൾ കടത്ത്. ഒറ്റ നോട്ടത്തിൽ മഴയോ, വെയിലോ, കാറ്റോ ഏൽക്കാതെ കൊണ്ടുപോകേണ്ട വസ്തുക്കളാണെന്നേ തോന്നൂ. വണ്ടി നിർത്തി പരിശോധിക്കാതെ കന്നുകാലികളാണ് എന്നു തിരിച്ചറിയാൻ കഴിയില്ല. കന്നുകാലി ലോറികളെ മാത്രം കാത്ത് റോഡിൽ നിൽക്കുന്ന ചിലരെ കബളിപ്പിക്കാൻ ഇതുകൊണ്ടാവും.
അടുത്ത കാലത്തായാണ് പുതിയ പാക്കിങ്ങ് രീതി തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ഇത് അധികവും ചെയ്യുന്നത്. കാലികളെ കയറ്റി ഒരെ രീതിയിൽ നിർത്തി കഴുത്തു തമ്മിൽ ബന്ധിപ്പിക്കുകകൂടി ചെയ്യും.ഇതോടെ അനങ്ങാൻ പറ്റാതാകും. ഒരു ചന്തയിലും കന്നുകാലികൾക്ക് വെള്ളവും വൈക്കോലും കൊടുക്കാനുള്ള സംവിധാനമില്ല. ഒരു ചന്തയിൽ ഒരു ദിവസത്തിൽ അധികം പട്ടിണിയായി നിൽക്കുന്ന കന്നിനെയാണ് അടുത്ത ചന്തയിലേക്ക് വിൽക്കാനായി കൊണ്ടുപോകുന്നത്. ഇതിൽ മൃതപ്രായമായതും ആരോഗ്യം കുറഞ്ഞതും ചത്തു പോകും. പക്ഷേ ചത്ത കന്നുകാലികളെ ഇറച്ചി മാർക്കറ്റിൽ വിൽക്കാനുള്ള സംവിധാനമുണ്ട്.
ഒരു ചന്തയിൽ ചത്ത കന്നിനെ അടുത്ത ഇറച്ചി മാർക്കറ്റിൽ എത്തിക്കും.ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. ആയിരക്കണക്കിനു കന്നുകാലികൾ വരുന്ന ഒരു ചന്തയിലും ചത്ത കന്നുകാലികളെ മറവ് ചെയ്യുന്ന സംഭവമില്ല. ചത്ത മ്യഗങ്ങളെ ചെറിയ ഗുഡ്‌സ് ഓട്ടോയിൽ കിടത്തി മുകളിൽ വൈക്കോൽ നിറച്ചാണ് കടത്തുന്നത്. വണ്ടിയിലെ മുഴുവൻ വൈക്കോൽ മാറ്റിയാൽ മാത്രമേ അകത്ത് ചത്ത കന്നുകാലി ഉണ്ടെന്നു കണ്ടെത്താനാവൂ. ഇത്തരം കർശന പരിശോധനകൾ വഴിയിൽ ഉണ്ടാകാറില്ല. ചന്ത ദിവസങ്ങളിൽ ചത്ത കന്നുകളെ വിലയ്‌ക്കെടുക്കാൻ വരുന്നവർ തന്നെയുണ്ട്.
കന്നുകാലികളെ കടത്തുന്ന പുതിയ രീതി വിജയമാണെന്ന് കച്ചവടക്കാർക്ക് അഭിപ്രായമുണ്ട്. എന്നാൽ ക്രൂരമായ ഈ പാക്കിങ്ങ് രീതിയെ അംഗീകരിക്കാത്ത വളരെ കുറച്ചു പേരുണ്ട്.. പക്ഷേ കന്നു കച്ചവടക്കാരെ രണ്ടാം തരം പൗരന്മാരാവുകയും ഇവർക്ക് സർക്കാരിൽ നിന്ന് ഒരു സംരക്ഷണവും കിട്ടാതിരിക്കുകയും ചെയ്യുന്നുിടത്തോളം കാലം ഇതൊക്കെ ചെയ്യേണ്ടി വരുമെന്നാണ് ഇവരുടെ വാദം.