ശുവിനെ വിശുദ്ധ മൃഗമായി ഉയർത്തിക്കാട്ടി ഹിന്ദുവികാരം ഉണർത്തി വോട്ടും ജനപിന്തുണയും നേടാമെന്ന സംഘപരിവാറിന്റെ തന്ത്രം ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിച്ചിരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അതായത് പശുവിന്റെ പേരിൽ കൊലപാതകവും മർദനവും പതിവായതോടെ ഗുജറാത്തിലെ ദളിതുകൾ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതോടെ ഗോവധത്തിന്റെ പേരിൽ മിക്ക സംസ്ഥാനങ്ങളിലും ദളിതർ ഹിന്ദുമതം വിടുമെന്ന് ഭയം സംഘപരിവാറിൽ വർധിച്ചിരിക്കുകയാണ്.

ഗുജറാത്തിൽ ഇത്തരത്തിൽ ഹിന്ദുമതം വിട്ട് ബുദ്ധമതത്തിൽ ചേർന്ന ആദ്യത്ത ദളിതായിരുന്നു പി.ജി.ജ്യോതികർ. അതിന് ശേഷം 1600ഓളം ദളിതുകൾ തന്റെ പാത പിന്തുടർന്നിട്ടുണ്ടെന്നാണ് ജ്യോതികർ വെളിപ്പെടുത്തുന്നത്. ഉന സംഭവത്തിന് ശേഷമാണ് ഇത്തരത്തിലുള്ള മതംമാറ്റം വർധിച്ചിരിക്കുന്നത്. ഇവരിൽ 500ഓളം പേർ നാഗ്പൂരിൽ പോയാണ് മതം മാറിയിരിക്കുന്നത്. ഉന സംഭവത്തിന് മുമ്പ് തന്നെ ഗുജറാത്തിൽ പ്രതിവർഷം 500ഓളം ഹിന്ദുക്കളെങ്കിലും മതം മാറുന്നുണ്ടെന്നും ജ്യോതികർ വെളിപ്പെടുത്തുന്നു. പശുവിനെ കൊന്നുവെന്ന പേരിൽ കഴിഞ്ഞ വർഷം ജൂലൈ 11ന് ഉനയിൽ നാല് ദളിതുകളെ ചമ്മട്ടി പ്രഹരത്തിന് വിധേയമാക്കിയതാണ് ഉന സംഭവം എന്നറിയപ്പെടുന്നത്.

ഇതിനെ തുടർന്നാണ് ഗുജറാത്തിൽ ദളിതുകൾ ഹിന്ദുമതത്തിൽ നിന്നും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ മൂന്നിരട്ടി വർധനവുണ്ടായിരിക്കുന്നത്. ഡോ. ബാബാസാഹേബ് അംബേദ്കർ സ്ഥാപിച്ച ബുദ്ധിസ്റ്റ് സൊസൈറ്റ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ ഈ സൊസൈറ്റിയുടെ ചെയർമാനായി മാറിയിരിക്കുകയാണ് മുകളിൽ പരാമർശിച്ച ജ്യോതികർ. ഖെദ ജില്ലയിലെ മൻജിപുര ഏരിയയിലെ നദിയാദിൽ 500ഓളം ഷെഡ്യൂൾഡ് കാസ്റ്റ് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പെട്ട സുരേഷ് മഹെരിയയും അഞ്ച് കുടുംബാംഗങ്ങളും കഴിഞ്ഞ വർഷത്തെ ദസറാനാളിൽ ബുദ്ധമതത്തിലേക്ക് മാറിയിരുന്നു.

ഉന സംഭവത്തിന് ശേഷം ഈ ജില്ലയിൽ നടക്കുന്ന ആദ്യത്തെ മതം മാറ്റമായിരുന്നു ഇത്. അടുത്തിടെ സുരേഷിന്റെ മൂത്ത മകനും ഉയർന്ന ജാതിക്കാരിയായ ഭാര്യയും ബുദ്ധമതത്തിലേക്ക് മാറിയിരുന്നു. ഇവർ മകന് പേരിട്ടിരിക്കുന്നത് ബുദ്ധമതത്തെ സംരക്ഷിച്ചിരുന്ന രാജാവായ കനിഷ്‌കന്റെ പേരാണ്. സുരേഷിന്റെ ഇളയക മകനായ ബിപിൻ ബുദ്ധ മത പേര് സ്വീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. സുരേഷ് മഹെരിയ മതംമാറ്റത്തെ തുടർന്ന് സമ്യക് ബുദ്ധ് എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു കൊണ്ടോന്നും തീരുന്നില്ലെന്നും ഈ വരുന്ന ദസറക്ക് മധ്യഗുജറാത്തിൽ നിന്നുമുള്ള നാനൂറോളം ദളിത് കുടുംബങ്ങൾ നാഗ്പൂരിലേക്ക് പോയി ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേരാനിരിക്കുകയാണെന്നും ഇതിന് ഹരിയാനയിൽ നിന്നുമുള്ള ബുദ്ധ സന്യാസിമാരായിരിക്കും നേതൃത്വം നൽകുകയെന്നും സുരേഷ് മഹെരിയ വെളിപ്പെടുത്തുന്നു.

അഹമ്മദാബാദുകാരിയായ സംഗീത പാർമർ(26) ഇക്കഴിഞ്ഞ ഒക്ടോബറിൽ ഹിന്ദുവിൽ നിന്നും ബുദ്ധമതത്തിലേക്ക് മാറിയവരിൽ ഒരാളാണ്. ഉന സംഭവത്തിന് ശേഷമാണീ തീരുമാനമെടുത്തതെന്നും അവർ വെളിപ്പെടുത്തുന്നു. ഏഷ്യയിലെ തന്നെ ധനിക ഗ്രാമം എന്നറിയപ്പെടുന്നതാണ് ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ധർമജ് ഗ്രാമം. പെറ്റ്‌ലാൻഡ് താലൂക്കിലാണിത്. ഇവിടെ നിരവധി വിദേശ ഇന്ത്യക്കാരുടെ തട്ടകമാണ്. ഹിന്ദുമതത്തിലെ ഉന്നതരുടെ വിവേചനത്തിൽ ഇവിടുത്തെ ദളിതരിൽ നല്ലൊരു വിഭാഗത്തിനും അസംതൃപ്തിയുണ്ട്. അതിനാൽ നിരവധി പേർ ഇവിടെ മതം മാറിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ 250 ദളിത് കുടുംബങ്ങളാണ് ബുദ്ധമതത്തെ പുൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഈ പ്രവണത വളർന്ന് വരുന്നുവെന്നാണ് റിപ്പോർട്ട്.